|
ഈയടുത്ത് അമേരിക്കയില്‍ പുറത്തിറങ്ങിയ, ഇന്റെര്‍നെറ്റിലൂടെ ലോകമാസകലം പ്രചരിച്ച, 'ഇന്നസന്‍സ് ഓഫ് മുസ് ലിം' എന്ന സിനിമ, പ്രവാചക നിന്ദകൊണ്ട് വിവാദമായിരിക്കുകയാണല്ലോ. ലോകാടിസ്ഥാനത്തില്‍തന്നെ, സിനിമ വന്‍ വിവാദത്തിന് തിരികൊളുത്തുകയും ലോക മുസ് ലിംകളുടെ എതിര്‍പ്പിന് പാത്രമാകുകയും ചെയ്തിരിക്കുന്നു. ഇതിനുശേഷം, ചില മുസ് ലിം സംഘങ്ങളുടെ പ്രതിഷേധ പ്രകടനങ്ങളും അവരുടെ പ്രതിനടപടികളും, ഇസ് ലാമിന്റെ ശത്രുക്കള്‍ ഇസ് ലാമിനെതിരെ ആരോപിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയെ സാധൂകരിക്കുന്ന വിധമുള്ളതായിരിന്നുവെന്നത് അത്യന്തം ഖേദകരമാണ്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ സ്വയം ചോദിച്ചു പോവുകയാണ്. നബി തിരുമേനി ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം സംഭവങ്ങളോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു? തിരുമേനി ഇത്തരം ചെയ്തികളെ അഭിമുഖീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങിനെയായിരുന്നു? തീര്‍ച്ചയായും പ്രവാചകന്‍ (സ) ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തന്റെ ജീവിത കാലത്ത് നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ചും അവ തരണം ചെയ്തുമാണ് നബി (സ) ജീവിച്ചത്. മറ്റുള്ളവരാല്‍ അദ്ദേഹം അവമതിക്കപ്പെട്ടിട്ടുണ്ട്. അക്രമത്തിനിരയായിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളെ മുന്നില്‍ വെച്ചുകൊണ്ട്, പ്രവാചകന്‍ തിരുമേനിക്ക് നേരയുണ്ടായ പരിഹാസത്തോടും അവഹേളനങ്ങളോടും അവിടുന്ന് എങ്ങനെ പ്രതികരിച്ചുവെന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. തിരുമേനിയുടെ സമീപന രീതി ശാസ്ത്രം എങ്ങനെയായിരുന്നുവെന്നതിന്റെ ചില പ്രവാചക മാതൃകകളാണ് ചുവടെ.
പ്രശ്‌നത്തെ നിസ്സാരമായി കാണുകയും മറ്റാരെയെങ്കിലും കുറിച്ചാണ് ആക്ഷേപമെന്നും കരുതുക വിശുദ്ധ ഖുര്‍ആനില്‍ സൂറത്തു ലഹബില്‍ പരാമര്‍ശിച്ചുട്ടുള്ള ഉമ്മു ജമില്‍, അബൂലഹബിന്റെ ഭാര്യ, നബി (സ) യെ അവഹേളിക്കുവാന്‍ വേണ്ടി മുഹമ്മദ് എന്ന പേരിന് പകരം, 'മുതമ്മം' എന്ന പേര് ഉപയോഗിച്ച് ഒരു കവിത ഉണ്ടാക്കി. 'മുതമ്മം' എന്നു പറഞ്ഞാല്‍ 'അപകീര്‍ത്തിപ്പെട്ടവന്‍' എന്നാണര്‍ത്ഥം. അവര്‍ പാടി. 'മുഹമ്മദിനെ ഞങ്ങള്‍ അനുസരിക്കില്ല. അയാള്‍ കൊണ്ടു വന്ന കാര്യം ഞങ്ങള്‍ അവഗണിക്കുന്നു. അയാളുടെ മതത്തെ ഞങ്ങള്‍ തള്ളക്കളയുന്നു.' അക്കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള ജനപ്രിയ മാധ്യമം കവിതയായിരുന്നു. ഈ കവിത എല്ലായിടത്തും പ്രചരിക്കപ്പെട്ടു. കുട്ടികളും യാത്രക്കാരും ഇത് പാടി നടന്നു. അറേബ്യന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കി ഉമ്മു ജമീലിന്റെ ഈ കവിത. ഇസ് ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍, വിരലിലെണ്ണാവുന്നവര്‍ മാത്രം മുസ് ലിംകളായിരിക്കെ, അവര്‍ തന്നെ ദുര്‍ബ്ബലരായിരിക്കെയാണ് ശത്രുപക്ഷത്ത് നിന്ന് ഇങ്ങനെയൊരു കുപ്രചരണം. ഇത് കണ്ട് പ്രവാചക സഖാക്കള്‍ക്ക് വല്ലാത്ത മനഃപ്രയാസവും വ്യസനവും തോന്നി. ഇവിടെയാണ് ഉള്‍ക്കാഴ്ച്ചയും വിവേകത്തോടെയുമുള്ള തിരുമേനിയുടെ നിലപാട് പ്രഖ്യാപിക്കുന്നത്: 'ഖുറൈശികളുടെ അവഹേളനങ്ങളില്‍ നിന്ന് അല്ലാഹു എങ്ങനെയാണെന്നെ സംരക്ഷിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ കളിയാക്കുന്നതും ആക്ഷേപിക്കുന്നതും 'മുതമ്മിമി'നെയാണ്. ഞാന്‍ മുഹമ്മദാണ്' (ബുഖാരി). തിരുമേനിക്കെതിരെയുള്ള അവഹേളനത്തിനെതിരെയുള്ള പ്രവാചകന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. ഇസ് ലാമിന്നും മുസ് ലിംകള്‍ക്കുമെതിരെയുള്ള കുപ്രചാരണങ്ങള്‍ക്കെതിരെ മുസ് ലിമിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണാവേണ്ടത്. യൂട്യൂബിലൂടെ ആഭാസ അശ്ലീല കമ്മന്റുകള്‍ വരുമ്പോള്‍ വികാരത്തിനടിപ്പെടാതെ, സമചിത്തതയോടെ, കാര്യങ്ങളെ വളരെ ലളിതമായി കാണുക. മനോഹരമായ ഒരു ഹദീസിലൂടെ ശക്തി എന്താണെന്ന് പ്രവാചക തിരുമേനി (സ) നമുക്ക് വിശദീകരിച്ചു തരുന്നുണ്ട്: 'ദ്വന്ദയുദ്ധത്തില്‍ ജനങ്ങളെ മലര്‍ത്തിയടിച്ചവനല്ല ശക്തന്‍. കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍'(ബുഖാരി).
നിങ്ങളുടെ കാലത്തെ 'ഓപ്‌റ വിന്‍ഫ്രി' യെ കണ്ടെത്തുക പ്രശ്‌നത്തെ ലളിതമായി സമീചിച്ച ശേഷം തിരിച്ചടിക്കാനുള്ള വഴികള്‍ ആചോചിക്കുക. മത ഭ്രാന്തന്‍മാരുടെ അതേ മാധ്യമവും അതേ ഉറവിടങ്ങളും ഉപയോഗിച്ചു കൊണ്ടായിരിക്കണം തിരിച്ചടിക്കേണ്ടത്. പ്രവാചക തിരുമേനി (സ) ഇസ് ലാമിന്റെ പ്രചാരത്തിന് വേണ്ടിയും ഇസ് ലാമിനും തനിക്കുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും കവിത എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി. ഹസ്സാനുബ്‌നു സാബിത് എന്ന പ്രമുഖ സഹാബി, പ്രവാചകന്‍ (സ) യുടെയും, ഇസ് ലാമിന്റെ അക്കാലത്തെ മാധ്യമ വാക്താവായിരുന്നു. അക്കാലഘട്ടത്തിലെ 'ഓപ്‌റ വിന്‍ഫ്രി' യായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ അറബ് സമൂഹത്തിന്റെ അടഞ്ഞ വാതിലുകളില്‍ മുട്ടി വിളിച്ച്, കവിതയിലൂടെ ഇസ് ലാമിന്റെ സന്ദേശം അവരില്‍ എത്തിച്ചു. ഇസ് ലാമിനെയും പ്രവാചനെയും പ്രതിരോധിക്കുന്നതില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിസ്തുലമായ പങ്ക് വഹിച്ചു. ബഹുദൈവാരാധകരായ ഖുറൈശികളെ, വിശ്വസത്തിന്റെ പേരില്‍ അധിക്ഷേപിക്കാതെ, അവരുടെ യുദ്ധങ്ങളിലെ പരാജയങ്ങളെപ്പറ്റി ഓര്‍മ്മിപ്പിക്കുകയും, പാരമ്പര്യത്തിന്റെ ദൗര്‍ബല്യങ്ങളെയും വച്ച് അവരെ കവിതകളിലൂടെ പ്രതിരോധിച്ചു. ഹസ്സാനുബ്‌നു സാബിതിന്റെ കവിതകളെ തിരുമേനി അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിട്ടുള്ള പല പ്രവാചക വചനങ്ങളും കാണാം: 'അല്ലാഹുവേ, ഹസ്സാന് വിശുദ്ധാത്മാവിന്റെ (ജിബ് രീല്‍) പിന്തുണയും സഹായവും നല്‍കട്ടെ' (മുസ് ലിം). 'അവരുടെ അവഹേളനത്തിന് മറുപടി നല്‍കുക. കാരണം, ആയുധത്തേക്കാള്‍ മൂര്‍ച്ചയുള്ളതാണ് വാക്കള്‍' (മുസ് ലിം). അഥവാ ഹസ്സാനുബ്‌നു സാബിതിനോട് കവിതയിലൂടെ മറുപടി നല്‍കാന്‍ തിരുമേനി കല്‍പ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കവിതകള്‍ കുന്തത്തേക്കാള്‍ മൂര്‍ച്ചയേറിയതാണന്ന് അഭിനന്ദിക്കുകയും ചെയ്യുന്നു. എംബസികളില്‍ ബോംബിടുന്നതിനേക്കാള്‍ മൂര്‍ച്ചയുള്ളത് അത്തരം പ്രതികരണങ്ങള്‍ക്കാണ്. ഈ ഹദീസ് വായിക്കുമ്പോള്‍ ഇസ് ലാമിനെ പിന്താങ്ങിക്കൊണ്ട്, അക്കാലഘട്ടത്തിലെ വാര്‍ത്ത വിജ്ഞാന മാധ്യമങ്ങളിലൂടെ ഹസ്സാന്‍ നിര്‍വഹിച്ച ദൗത്യങ്ങളില്‍ എനിക്കദ്ദേഹത്തോട് അസൂയ തോന്നുന്നു. നമ്മുടെ ഇക്കാലഘട്ടത്തില്‍ ഹസ്സാനുബ്‌നു സാബിത് എവിടെയാണ്? ഹസ്സാനുബ്‌നു സാബിതിനെ പോലെ, ഒരു വീഡിയോയിലൂടെ, ഒരു ലേഖനത്തിലൂടെ, യുക്തി ഭദ്രമായ വാദങ്ങളിലൂടെ പ്രവാചകനെ നിന്ദിക്കുന്ന സിനിമയ്ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ആരുണ്ട് നമ്മുടെ കൂട്ടത്തില്‍?
ജനഹൃദയങ്ങളെ ആകര്‍ഷിക്കുക അക്കാലത്ത്, അറേബ്യന്‍ സമൂഹത്തില്‍ ഏറ്റവും വലിയ മാനഹാനിയും അപകീര്‍ത്തിയും ഒരാളുടെ ഭാര്യയുടെ അല്ലെങ്കില്‍ മകളുടെ ചാരിത്ര്യത്തിന് നേരെ ഉയരുന്ന സംശയങ്ങളായിരുന്നു. അത്തരം ആരോപണങ്ങള്‍ അവര്‍ക്കുണ്ടാക്കുന്ന മാനഹാനിയോളം വരില്ല മറ്റൊന്നും. തിരുമേനിയുടെ പത്‌നിയും പ്രവാചക അനുചരന്‍ അബൂബക്കറിന്റെ പുത്രിയുമായ ആയിശക്കെതിരെ ആരോപണമുണ്ടായപ്പോള്‍, ജൂതന്‍മാരും കപട വിശ്വാസികളും അപവാദ പ്രചാരണങ്ങള്‍ എമ്പാടും അഴിച്ചു വിട്ടു. തങ്ങളുടെ അഭിമാനം സംരക്ഷിക്കാന്‍, പെണ്‍കുട്ടികള്‍ എന്തെങ്കിലും മോശമായി ചെയ്യുമെന്ന് കരുതി, അവരെ ജീവനോടെ കുഴിച്ചു മൂടാന്‍ പോലും മടിയില്ലാതിരുന്ന ഒരു സമൂഹമായിരുന്നു അറേബ്യന്‍ സമൂഹം. ആരോപണമുണ്ടായി 30 ദിവസങ്ങള്‍ക്ക് ശേഷമാണ്, ആയിശ നിരപരാധിയാണെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. അതിനോടൊപ്പം സൂറത്തുന്നൂറില്‍ ഒരു പ്രത്യേക കല്‍പ്പനകൂടി അബൂബക്കറിന് നല്‍കി. 'നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'.(അന്നൂര്‍ 24). അബൂബക്കറിന്റെ അടുത്ത ബന്ധുവും, അബൂബക്കര്‍ നിരവധി സാമ്പത്തിക സഹായങ്ങള്‍ നല്‍കികൊണ്ടിരിക്കുകയും ചെയ്തിരുന്ന മുസ്തഹ്ബ്‌നു അതാദയാണ് ഈ അപവാദ പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ ഒരാള്‍. അതുകൊണ്ട് അദ്ദേഹത്തിന് ഒരു നയാ പൈസയുടെ സഹായം ഇനി ചെയ്യില്ലെന്ന് അബൂബക്കര്‍ ശപഥം ചെയ്തു കഴിഞ്ഞിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനിയുടെ അധ്യാപനങ്ങളും താല്‍ക്കാലികമായ പ്രതികരണങ്ങള്ക്കുമപ്പുറം തെറ്റ് ചെയ്തവര്‍ക്ക് മാപ്പ് നല്‍കിയും സ്‌നേഹം ചൊരിഞ്ഞും ജനമനസ്സുകളെ കീഴടക്കാനാണ് ശ്രമിച്ചത്. പ്രത്യേകിച്ച് ഇസ് ലാമിനോട് തെറ്റായ നയം പുലര്‍ത്തിവരോട്. അല്ലാഹു അബൂബക്കറിനോട് ആ ശപഥം അവസാനിപ്പിക്കാനും മുസ്താഹിന് പൊറുത്തു കൊടുക്കാനും കല്‍പ്പിച്ചു. പ്രവാചകനെ നിന്ദിക്കുന്ന സിനിമയില്‍ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി, ഇസ് ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണെന്ന സന്ദേശം പ്രചരിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈ വിശുദ്ധ ദീനിന്റെ ഇത്തരം പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടായിക്കൂടാ.
ഇസ് ലാമിന്റെ ശത്രുക്കളുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍ നാം ഭാഗമായിക്കൂടാ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. അവര്‍ മുസ് ലിംകളാകട്ടെ, അമുസ് ലിംകളാകട്ടെ. അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, സന്ദേശങ്ങള്‍ മില്യണ്‍ കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. അതിന്റെ മൂല്യവും ഗുണവും എത്ര കുറവാണെങ്കിലും ശരി. വലിയ പ്രത്യാഘാതങ്ങളാണ് ചിലപ്പോള്‍ അത് സൃഷ്ടിക്കുക. അതുകൊണ്ട് നമ്മുടെ അക്കൗണ്ടില്‍ വരുന്ന ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി മറ്റുള്ളവര്‍ക്ക് അയക്കാനോ പോസ്റ്റ് ചെയ്യാനോ പാടില്ല. ഇങ്ങനെയുള്ള അനാവശ്യ വീഡിയോകളുടെയും ചിത്രങ്ങളുടെയും പ്രചാരകരില്‍ വലിയ ഒരളവ് മുസ് ലിംകളുമുണ്ട്. അനാവശ്യവും പ്രയോജന രഹിതവുമായ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും പ്രതികരിക്കാതിരിക്കലാണ് മുസ് ലിമിന്റെ ബാധ്യത. അല്ലാഹു പറയുന്നത് കാണുക: 'പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കന്നവരുമാകുന്നു' (ഫുര്‍ഖാന്‍ 63).
ക്ഷമയും തഖ് വയും എന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഫേസ്ബുക്കിലൂടെ എന്നോട് അഭിപ്രായപ്പെട്ടു: എന്തുകൊണ്ടാണ് ഇത്തരം സിനിമകള്‍ ആളുകള്‍ നിര്‍മ്മിക്കുന്നത ? മറ്റുള്ളവരുടെ പവിത്രമായ വിശ്വാസങ്ങളെ അക്രമിച്ചതുകൊണ്ട് അവര്‍ക്കെന്ത് കിട്ടാനാണ്? എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ലോകത്ത് ഫിത്‌ന വ്യാപിപ്പിക്കുന്നത്? എന്റ സുഹൃത്തിന്റെ ഈ അഭിപ്രായത്തോട് ഞാന്‍ യോജിച്ചുകൊണ്ട് തന്നെ ഞാന്‍ പറയട്ടെ, ഇത്തരം മനോഭാവവും മനോഘടനയുമുള്ള ആളുകള്‍ എക്കാലത്തുമുണ്ടാകുമെന്നാണ് അല്ലാഹുവിന്റെ പ്രഖ്യാപനം: 'തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് വേദം നല്‍കപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു' ( ആലു ഇംറാന്‍ 186)
ഒന്നും ചെയ്യാതിരിക്കരുത് ഇസ് ലാമിന്റെ പേരില്‍ നബിയെ പ്രതിരോധിക്കുന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അതിരുകടന്ന പ്രതിഷേധങ്ങളെ നാം അപലപിക്കുന്നു. അതോടൊപ്പം, നാം മനസ്സിലാക്കേണ്ട മറെറാരു വലിയ പ്രശ്‌നം, പ്രവാചക നിന്ദയും ഇസ് ലാമിക വിരോധവുമൊക്കെ അരങ്ങു തകര്‍ക്കുമ്പോഴും ഇതിനെതിരെ ഒന്നും ചെയ്യാതെ, ഒരു പ്രതികരണവുമില്ലാതെ നിഷ്‌ക്രിയരായിരിക്കുന്ന വലിയൊരു വിഭാഗം മുസ് ലിംകളുണ്ട് എന്നതാണ്. അവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ നിഷ്‌ക്രയരായിരിക്കരുത്. മുസ് ലിം വിരോധികളുടെയും അജ്ഞരായ മുസ് ലിംകളുടെയും പ്രവൃത്തികള്‍ കണ്ട് നെറ്റി ചുളിച്ച്, ക്ഷമാപണ മനോഭാവത്തോടെ അടങ്ങിയിരിക്കലല്ല മുസ് ലിമിന്റെ ദൗത്യം. അവന് ചുറ്റിലുമുള്ള ലോകത്തിന് യാതൊരു സംഭാവനയും ചെയ്യാതെ അലസമായി ഒരു മുസ് ലിം ജീവിച്ചു കൂടാ. ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ പറഞ്ഞതു പോലെ: 'ലോകം, ജീവിക്കാന്‍ ഏറ്റവും അപകടകരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു. വിനാശകാരികളായ മനുഷ്യര്‍ ഇവിടെ ഉണ്ടെന്നതല്ല പ്രശ്‌നം. മറിച്ച്, അതിനെ പ്രതിരോധിക്കേണ്ട മനുഷ്യര്‍ നിഷ്‌ക്രിയരാണെന്നുള്ളതാണ് പ്രശ്‌നം'. മുസ് ലിംകളും അമുസ് ലിംകളുമായ തീവ്രവാദികള്‍ ഉള്ളതല്ല പ്രശ്‌നം. ഇരു വിഭാഗത്തോടൊപ്പമുളള മഹാ ഭൂരിപക്ഷത്തിന്റെ മൗനമാണ് യഥാര്‍ത്ഥ ദുരന്തം. ആരോഗ്യകരമായ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വേദികള്‍ സൃഷ്ടിക്കല്‍ നമ്മുടെ കടമയാണ്. ഇസ് ലാമിന്റെ യഥാര്‍ത്ഥ പ്രതിച്ഛായയും അതിന്റെ യഥാര്‍ത്ഥ സന്ദേശങ്ങളും ലോകത്തിന്ന് മുമ്പില്‍ അവതരിപ്പിക്കേണ്ടത് നമ്മളാണ്.
മുഹമ്മദ് ഹക്കിം
അവലംബം: www.onislam.net
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്
|