ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

മതനിന്ദയ്‌ക്കെതിരെ ആഗോളതലത്തില്‍ നിയമം വേണമെന്ന് ഒ.ഐ.സി

റിയാദ്: മതങ്ങളെ അധിക്ഷേപിക്കുന്നത് അന്താരാഷ്ട്ര ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ -ഓപറേഷന്‍ (ഒ.ഐ.സി). അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇക്കാര്യം അന്താരാഷ്ട്രസമൂഹം നിസ്സാരവല്‍ക്കരിക്കരുതെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ ഇക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഓഗ്‌ലു ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി സംഘടന ഈ ആവശ്യമുന്നയിക്കുന്നു. എന്നാല്‍, അഭിപ്രായസ്വാതന്ത്ര്യത്തിനു തടയിടാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പാശ്ചാത്യരാജ്യങ്ങള്‍ ആവശ്യം തള്ളുകയായിരുന്നു. പ്രവാചകനെ നിന്ദിക്കുന്ന അമേരിക്കന്‍ സിനിമയും ഫ്രഞ്ച് കാര്‍ട്ടൂണും വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഒ.ഐ.സി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യം മറ്റുള്ളവരെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര സുസ്ഥിരതയെ ബാധിക്കുമെന്ന് ഇഹ്‌സാന്‍ ഓഗ്‌ലു പറഞ്ഞു.
മാധ്യമങ്ങള്‍ക്കും സോഷ്യല്‍ വെബ്‌സൈറ്റുകള്‍ക്കും അന്താരാഷ്ട്ര പെരുമാറ്റച്ചട്ടം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 57 രാജ്യ സംഘടനയാണ് ഒ.ഐ.സി.
അതേസമയം, ഫ്രഞ്ച് തലസ്ഥാനത്തെ ഗ്രാന്റ് മോസ്‌കിനു മുന്നില്‍ വിവാദ സിനിമയ്‌ക്കെതിരേ നാളെ നടത്താനിരുന്ന പ്രതിഷേധം പാരിസ് പോലിസ് നിരോധിച്ചു. സിനിമയ്‌ക്കെതിരേ ഇറാനിലും പാകിസ്താനിലും വിദ്യാര്‍ഥികള്‍ കൂറ്റന്‍ റാലി നടത്തി.  അമേരിക്കയും ഫ്രാന്‍സും തുലയട്ടെ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. അമേരിക്കന്‍വിരുദ്ധ മുദ്രാവാക്യവുമായി പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വില്യം രാജകുമാരന്റെ ഭാര്യ കാതറിന്റെ വിവാദ ചിത്രങ്ങള്‍ക്കെതിരേ സ്വീകരിച്ചതിനു തുല്യമായ നടപടി ഫ്രഞ്ച് സര്‍ക്കാര്‍ പ്രവാചക കാര്‍ട്ടൂണ്‍ വരച്ചവര്‍ക്കെതിരേയും എടുക്കണമെന്ന് ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. കാതറിന്റെ നഗ്‌ന ഫോട്ടോകള്‍ പുറത്തുവിട്ട മാഗസിന്‍ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. അതിനിടെ, ബുധനാഴ്ച പ്രവാചക കാര്‍ട്ടൂണ്‍ വരച്ച ഫ്രഞ്ച് മാഗസിന്‍ ചാര്‍ളി ഹെബ്ദോക്കെതിരേ പാരിസിലെ കോടതിയില്‍ ഒരു സിറിയന്‍ സംഘടന പരാതി നല്‍കി.

 
Scroll to Top