|
ക്രിസ്ത്യന്‍ യുവതികളുമായി വൈവാഹിക ബന്ധം നടത്തുന്നതില്‍ ഇസ് ലാമിന്റെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് ? ഇതര മതങ്ങളില്‍പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ ഇസ് ലാം പൊതുവെ പ്രോത്സാഹിപ്പിക്കുന്നില്ല. മുസ് ലിംകള്‍ മുസ് ലിംകളെ തന്നെ വിവാഹം കഴിക്കണമെന്നാണ് ഇസ് ലാമിന്റെ ആഹ്വാനം. എന്നാല്‍ വേദക്കാരായ സ്ത്രീകളെ, മുസ് ലിം പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാമെന്ന ഒരു ഇളവ് ഇസ് ലാം അനുവദിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രസിദ്ധ പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവി, 'അല്‍ ഹലാല്‍ വല്‍ ഹറാം' എന്ന തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക:
'മുസ് ലിം പുരുഷന്‍മാര്‍ക്ക് വേദക്കാരായ ജൂത-ക്രിസത്യന്‍ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇസ് ലാം അനുവാദം നല്‍കിയിട്ടുണ്ട്. കാരണം അവര്‍ 'അഹ് ലുല്‍ കിതാബ്' ( വേദക്കാര്‍) ആണെന്നുള്ളതാണ്. അവരുടെ മതപാരമ്പര്യം ദൈവിക വെളിപാടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവര്‍ക്ക് വ്യതിചലനവും മറ്റു വ്യതിയാനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, ദൈവിക മതത്തിന്റെ വാക്താക്കളായാണ് അവരെ ഇസ് ലാം കാണുന്നത്. അതുകൊണ്ട് തന്നെ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇസ് ലാം ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. 'എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് ഇന്ന് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്കനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും- നിങ്ങളവര്‍ക്ക് വിവാഹ മൂല്യം നല്‍കികഴിഞ്ഞിട്ടുണ്ടെങ്കില്‍ (നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു)' [മാഇദ 5] ഇസ് ലാമിന്റെ ഇതര മതങ്ങളോടുള്ള സഹിഷ്ണുതാപരമായ സമീപനമാണിത്. ഇത്തരം സഹിഷ്ണുതാപരമായ നിലപാട് മററു മതങ്ങളില്‍ കാണുക അസാധ്യം. വേദക്കാരുടെ തെറ്റുകളും അവരുടെ വ്യതിചലനങ്ങളും കരുതിയിരിക്കണമെന്ന് ഖുര്‍ആന്‍ മുസ് ലിംകളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഒരു മുസ് ലിമിന് അഹ് ലുല്‍ കിതാബില്‍പെട്ട സ്ത്രീയെ ജീവിത പങ്കാളിയാക്കാനും, തന്റെ വീടിന്റെ ഗൃഹനായികയാക്കാനും, കുട്ടികളുടെ മതാവാക്കാനും ഇസ് ലാം അനുവാദം നല്‍കുന്നു; അവളുടെ മതത്തില്‍ തന്നെ നിലനിന്നു കൊണ്ടുതന്നെ. വിവാഹത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക. 'അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്' (അര്‍റൂം : 21). എന്നാല്‍ ഇതില്‍ ഇസ് ലാം ചില നിബന്ധനകള്‍ വെക്കുന്നുമുണ്ട്. വിശ്വാസിനിയായ, മതനിഷ്ഠ പുലര്‍ത്തുന്ന, ഭക്തയായ, ഇസ് ലാമിക ശിക്ഷണം ലഭിച്ചിട്ടുള്ള പെണ്ണിനെയാണ് മുസ് ലിം ജീവിത പങ്കാളിയായി തെരെഞ്ഞെടുക്കേണ്ടത്. 'മതനിഷ്ഠയുള്ള പെണ്ണിന് നീ മുന്‍ഗണന നല്‍കുക' എന്ന പ്രവാചക വചനം സൂചിപ്പിക്കുന്നത് അതാണ്. ഒരു മുസ് ലിം സ്ത്രീയാണ് -അവള്‍ ആരുമാകട്ടെ- അമുസ് ലിം സ്ത്രീയേക്കാള്‍ മുസ് ലിം പുരുഷന് എന്തുകൊണ്ടും അനുയോജ്യമെന്നാണ് ഇസ് ലാമിന്റെ വിധി. മുസ് ലിമിന്റെ വേദക്കാരിയായ ഭാര്യ, തന്റെ കുഞ്ഞുങ്ങളുടെ മതത്തെയും വിശ്വാസത്തെയും സ്വാധീനിക്കാന്‍ ചെറിയ സാധ്യതയുണ്ടെന്ന് തോന്നിയാല്‍പോലും, അതില്‍ നടപടിയെടുക്കാന്‍ മുസ് ലിമിനു മേല്‍ ബാധ്യതയുമാണ്. ഒരു രാജ്യത്ത് മുസ് ലിംകള്‍ ന്യൂനപക്ഷമോ, അല്ലെങ്കില്‍ അമുസ് ലിം രാജ്യത്തെ കുടിയേറ്റക്കാരോ ആണെങ്കില്‍, അവര്‍ അന്യമതക്കാരായ സ്ത്രീകളെ വിവാഹം ചെയ്തുകൂടാ. കാരണം, അവര്‍ അപ്രകാരം ചെയ്താല്‍, മുസ് ലിം സ്ത്രീകള്‍ അവിവാഹിതകളായി കഴിയേണ്ടി വരും. അത് മുസ് ലിം സമൂഹത്തിന് ഹാനികരവമാണ്.
ഡോ. യൂസുഫുല്‍ ഖറദാവി www.onislam.net
|