|
അബൂമാലിക് അല്‍ അശ്അരി (റ) യില്‍ നിന്ന്: നബി (സ) പറഞ്ഞു: "നീ കൊന്നുകളഞ്ഞാല്‍ നിനക്ക് പ്രകാശമായിത്തീരുകയും നിന്നെ കൊന്നുകളഞ്ഞാല്‍ നിനക്ക് സ്വര്‍ഗം ലഭിക്കാന്‍ കാരണമാകുകയും ചെയ്യുന്നവനല്ല യഥാര്‍ഥത്തില്‍ നിന്റെ ശത്രു. മറിച്ച്, നിന്റെ മുതുകില്‍ നിന്ന് നിനക്ക് പിറന്ന സന്തതിതന്നെയാവാം നിന്റെ ഏറ്റവും വലിയ ശത്രു! പിന്നെ ഏറ്റവും വലിയ ശത്രു നീ കൈയടക്കിവെച്ചിട്ടുള്ള നിന്റെ ധനവും." (ത്വബ്റാനി)
സമ്പത്തും സന്താനങ്ങളും അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളാണ്. അവയോടുള്ള അനുരാഗം മനുഷ്യപ്രകൃതിയില്‍ നിലീനവുമാണ്. സമ്പാദിക്കാനും സന്താനങ്ങളുണ്ടാവാനും ആഗ്രഹിക്കാത്തവരില്ല.
ഏറിയും കുറഞ്ഞും ഈ വികാരങ്ങള്‍ എല്ലാവരിലുമുണ്ട്. ഐഹികലോകത്തെ വര്‍ണാഭമാക്കി നിലനിര്‍ത്തുന്നതില്‍ ഈ ജന്മസിദ്ധതാല്‍പര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമ്പത്തുണ്ടാക്കുന്നതിനോ സന്താനങ്ങളെ സ്‌നേഹിക്കുന്നതിനോ ഇസ് ലാം എതിരല്ല. അവ ജീവിതത്തിന്റെ പരമപ്രധാന ലക്ഷ്യമായിത്തീരുകയും മറ്റെല്ലാം വിസ്മരിച്ച് അവക്കു വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നത്. സമ്പാദിക്കുകയെന്നത് ആത്യന്തിക ലക്ഷ്യമായിത്തീര്‍ന്നാല്‍ ഏതുവിധേയനെയും പണമുണ്ടാക്കാനായിരിക്കും പിന്നീടുള്ള ശ്രമം. നന്മയും തിന്മയും അവന് പ്രശ്‌നമാവുകയില്ല. സമ്പാദനത്തിന്റെ മാര്‍ഗം അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് നോക്കുകയില്ല. ധാര്‍മികതയുടെ സമ്പൂര്‍ണ്ണ നാശമായിരിക്കും ഇതിന്റെ ഫലം. നബി (സ) പറഞ്ഞു. ദീനാറുകളുടെയും ദിര്‍ഹമുകളുടെയും അടിമ നശിച്ചതു തന്നെ! വല്ലതും ലഭിച്ചാല്‍ അയാള്‍ സംതൃപ്തനാവും. ഒന്നും ലഭിച്ചില്ലെങ്കിലോ അയാള്‍ നിരാശനായിത്തീരുകയും ചെയ്യും (ബുഖാരി). മറ്റൊരു നബി വചനം. 'ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് ഹലാലായ മാര്‍ഗത്തിലൂടെയാണോ ഹറാമായ മാര്‍ഗത്തിലൂടെയാണോ താന്‍ പണം സമ്പാദിക്കുന്നതെന്ന് ഒരാള്‍ക്കും പ്രശ്‌നമായിരിക്കുകയില്ല'(ബുഖാരി). ധനം മനുഷ്യന്റെ ബദ്ധശത്രുവായിത്തീരുന്നത് ഇങ്ങനെയാണ്.
സന്താനങ്ങളും ഇപ്രകാരം തന്നെ. അല്ലാഹുവിന്റെ പ്രീതിയെക്കാള്‍ മക്കളുടെ പ്രീതിക്കും സുഖ സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ ബദ്ധശത്രുക്കളെയാണ് സൃഷ്ടിച്ചു വിടുന്നത്. മക്കളോടുള്ള അമിത സ്‌നേഹം മാതാപിതാക്കളെ അവരുടെ ആജ്ഞാനുവര്‍ത്തികളാക്കും. അതോടെ ഹലാലും ഹറാമും നോക്കാതെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും തെമ്മാടിത്തരങ്ങള്‍ക്കും അവര്‍ കൂട്ടുനില്‍ക്കും. നബി (സ) പറഞ്ഞു. 'ഒരു കാലം വരാനിരിക്കുന്നു. അന്ന് ഒരാള്‍ സ്വന്തം ദീന്‍ കൈമോശം വന്നു പോവാതിരിക്കാനായി കുന്നുകളില്‍ നിന്ന് കുന്നുകളിലേക്കും മാളങ്ങളില്‍ നിന്ന് മാളങ്ങളിലേക്കും ഓടിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ അപ്രീതി സമ്പാദിച്ചുകൊണ്ടല്ലാതെ ജീവിതവിഭവങ്ങള്‍ കരസ്ഥമാക്കാന്‍ ഒരാള്‍ക്കും കഴിയാതെ വരും! അങ്ങനെയൊരു കാലം വന്നാല്‍, ഒരു വ്യക്തിയുടെ നാശം അവന്റെ ഭാര്യ സന്താനങ്ങള്‍ വഴിയായിരിക്കും. ഭാര്യയും മക്കളില്ലാത്തവനുമാണെങ്കില്‍ മാതാപിതാക്കള്‍ നിമിത്തമായിരിക്കും അവന്റെ നാശം. മാതാപിതാക്കളും ഇല്ലാത്തവനാണെങ്കില്‍ തന്റെ ബന്ധുക്കളും അയല്‍ക്കാും വഴിയായിരിക്കും ഒരാളുടെ നാശം! സ്വഹാബികള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, എന്തുകൊണ്ടാണത്? പ്രവാചകന്‍ പറഞ്ഞു: ജീവിത വിഭവങ്ങള്‍ക്കായി അവര്‍ അവനെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ നാശത്തിനിടയാക്കുന്ന തെറ്റുകുറ്റങ്ങള്‍ അയാള്‍ പ്രവര്‍ത്തിക്കുന്നു!' (ബൈഹഖി). ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെകുറിച്ച് നിങ്ങള്‍ കരുതലുള്ളവരായിരിക്കുവിന്‍' (64: 14). 'വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവസ്മരണയില്‍ നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ, ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരെത്രെ നഷ്ടം ഭവിച്ചവര്‍(63: 9) സമ്പത്തും സന്താനങ്ങളും ചേര്‍ന്നൊരുക്കുന്ന അപകടകരമായ ഈ കെണി തിരിച്ചറിയുന്നവര്‍ അപൂര്‍വം. ഇവ രണ്ടും മനുഷ്യന്റെ പ്രത്യക്ഷ ശത്രുക്കളല്ലാത്തതു കൊണ്ടാണിത്. നേര്‍ക്കു നേരെ വരുന്ന ശത്രുവിനെ ഒരുപക്ഷെ നമുക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞേക്കും. കൂടെ നില്‍ക്കുകയും ഉറ്റമിത്രങ്ങളാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന പരോക്ഷ ശത്രുക്കളെ എങ്ങനെ തിരിച്ചറിയാനാണ്! തയ്യാറാക്കിയത് : ജഅ്ഫര്‍ എളമ്പിലാക്കോട്
|