|
സയ്യിദ് ഖുത്ബ് രക്തസാക്ഷിയായതെന്തിന് ?
|
|
യഥാര്‍ത്ഥത്തില്‍ എന്തിനാണ് സയ്യിദ് ഖുത്വുബ് തൂക്കിലേറ്റപ്പെട്ടത് ? അപകടകരമായ പ്രവര്‍ത്തനങ്ങളുടെ പേരിലല്ല, അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വിചാരണക്ക് വിധേയമായത്. മറിച്ച് 'അപകടകരമായ ചിന്തകള്‍' അദ്ദേഹം പ്രചരിപ്പിച്ചു എന്ന കാരണത്താലാണ്. ഈജിപ്ത്യന്‍ ഭരണകൂടം, അവര്‍ നീതിമാന്മാരായിരുന്നുവെങ്കില്‍, അവരില്‍ അല്‍പമെങ്കിലും ധീരത ബാക്കിയുണ്ടായിരുന്നെങ്കില്‍, അവര്‍ പറയേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു: ഞങ്ങള്‍ ആ മനുഷ്യന്റെ മേല്‍ വധശിക്ഷ വിധിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ കാരണമായാണ് ഞങ്ങള്‍ അദ്ദേഹത്തെ തൂക്കിലേറ്റുന്നത്. അയാളുടെ പ്രവൃത്തികള്‍ കൊണ്ടല്ല. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധിച്ചവര്‍, അവര്‍ ഉന്നത സൈനിക സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ടെങ്കിലും എത്ര വിവേക ശൂന്യരും അല്‍പന്മാരുമാണ് ! ഉയര്‍ന്ന പണ്ഡിതരും ചിന്തകരും അടങ്ങുന്ന ഒരു വേദി രൂപീകരിക്കുകയും സയ്യിദ് ഖുത്വ്ബിന്റെ ചിന്തകളെ യഥാവിധി വിശകലനം ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അബ്ദുന്നാസറിന്റെ ഭരണകൂടത്തിലെ ഉപകരണങ്ങളായ ഉദ്യോഗസ്ഥര്‍ക്കും ഇത്രയും വലിയ ഒരു തെറ്റ് പിണയുമായിരുന്നില്ല. ആശയങ്ങളെ ജയിലറകളിലടച്ച് കൊടിയ പീഡനങ്ങള്‍ അഴിച്ച് വിട്ട്, തൂക്കുമരം വിധിച്ച് പരാജയപ്പെടുത്താം എന്നവര്‍ കരുതി. തീര്‍ച്ചയായും ആശയങ്ങള്‍ ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്. തെളിവുകള്‍ തെളിവുകളോടും. നാവ് നാവിനോടും പേന പേനയോടുമാണ്. ആശയങ്ങളെ സൈനിക ബലം കൊണ്ടല്ല കീഴ്‌പ്പെടുത്തേണ്ടത്. തെളിവുകളെ ജയിലുകള്‍ കൊണ്ടല്ലാ പരാജയപ്പെടുത്തേണ്ടത്. നാവിനെ പല്ലുകൊണ്ടല്ല പ്രതിരോധിക്കേണ്ടത്. പേനയെ വാളുകൊണ്ടല്ല തടയേണ്ടത്. സയ്യിദ് ഖുത്വുബ് തൂക്കിലേറ്റപ്പെട്ടത് അദ്ദേഹം രചിച്ച, അവരുടെ ഭാഷയില്‍ 'ഏറ്റവും അപകടകരമായ' 'വഴിയടയാളങ്ങള്‍' എന്ന ഗ്രന്ഥം രചിച്ചതിനാലാണ്. അദ്ദേഹം സ്വപ്‌നം കണ്ട വിപ്ലവകരമായ മാറ്റത്തിലേക്ക് നയിക്കുന്ന ആശയങ്ങളാണ് അത്. 'ഫീ ളിലാലില്‍ ഖുര്‍ആന്‍' എന്ന അദ്ദേഹത്തിന്റെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രണ്ടാം പതിപ്പില്‍ അടങ്ങിയിട്ടുള്ള അതേ ആശയങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലും. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ വളരെക്കുറഞ്ഞ കോപ്പികള്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നുള്ളൂ. എന്നാല്‍ സയ്യിദ് ഖുതുബ് തൂക്കിലേറ്റപ്പെട്ടതിന് ശേഷം ഈ പുസ്തകത്തിന്റെ പതിനായിരക്കണക്കിന് കോപ്പികളാണ് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടത്. സയ്യിദ് ഖുത്വ്ബിന്റെ വാക്കുകള്‍ ഇന്ന് സത്യമായി പുലര്‍ന്നിരിക്കുകയാണ്: 'ആത്മാവും ജീവനുമില്ലാത്ത മെഴുകു പാവകള്‍ പോലെയാണ് നമ്മുടെ വാക്കുകള്‍. എന്നാല്‍ ഈ മാര്‍ഗത്തില്‍ നാം മരിക്കുന്നത് വരെ മാത്രമാണത്. ഈ മാര്‍ഗത്തില്‍ മരണപ്പെടുമ്പോള്‍ ആ വാക്കുകളിലേക്ക് ആത്മാവ് ആവാഹിക്കപ്പെടുകയും ജീവന്‍ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യും.' സത്യത്തില്‍ സയ്യിദ് ഖുത്വുബിന്റെ ചിന്തകള്‍ക്കെതിരില്‍ പോരാടാന്‍ മാത്രം ശക്തരായിരുന്നില്ല പ്രതിയോഗികള്‍. എന്നല്ല, ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ചിന്തകളെ പ്രചരിപ്പിക്കാനും പ്രക്ഷേപണം ചെയ്യാനും അവരുടെ ചെയ്തികള്‍ കാരണമായി.
വധശിക്ഷാ വിധി സൈനിക കോടതിക്ക് മുന്നിലാണ് സയ്യിദ് ഖുത്ബ് വിചാരണക്ക് വിധേയമാകുന്നത്. സത്യത്തില്‍ സൈന്യത്തിലെ നിയമ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സൈനികര്‍ക്കുള്ളതാണ് സൈനിക കോടതി. അത്തരം സൈനികരെ വിചാരണ ചെയ്യാനും അവരെ വിധിക്കാനുമുള്ള അനുവാദം മാത്രമേയുള്ളൂ. ഇതാണ് ശരിയായ നടപടി. എന്നാല്‍ ഇവിടെ സൈനികര്‍ പൗരന്മാരെ വിചാരണ ചെയ്യുകയാണ്. അതാകട്ടെ സൈന്യവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കുറ്റത്തിനല്ല. സ്വശ്ചാധിപത്യ ഭരണകൂടങ്ങള്‍ മാര്‍ഷല്‍ ലോയുടെയും അടിയന്തരാവസ്ഥയുടെയും പേരുപറഞ്ഞ് തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പ്രതിയോഗികളെയും ചിന്തകന്മാരെയും ശിക്ഷിക്കുന്ന രീതിയാണിത്. ഈ കോടതി സയ്യിദ് ഖുത്വു്ബിനെ മാത്രമല്ല വിചാരണ ചെയ്ത് ശിക്ഷ വിധിച്ചത്. ഹസനുല്‍ ഹുദൈബി, അബ്ദുല്‍ ഖാദര്‍ ഔദ, മുഹമ്മദ് ഫര്‍ഹലി തുടങ്ങിയ പ്രഗല്‍ഭരായ പണ്ഡിതന്മാരെയും ഉജ്ജ്വല വ്യക്തിത്വങ്ങളെയും സൈന്യത്തിന്റെ കിരാത നിയമങ്ങള്‍ക്ക് ഇരയാക്കുകയുണ്ടായി. ജനറല്‍ ഫുആദ് ദജ് വിയാണ് സയ്യിദ് ഖുത്വുബിനെ വിചാരണ ചെയ്തത്. കേവലം സൈനികനായ അയാള്‍ക്ക് വിശ്വപ്രസിദ്ധ സാഹിത്യകാരനും ചിന്തകനുമായ സയ്യിദ് ഖുത്ബിനെ പോലൊരാളെ വിചാരണ ചെയ്യാന്‍ എന്തവകാശമാണുള്ളത്, അയാള്‍ എത്ര പരിചയ സമ്പന്നനാണെങ്കിലും ശരി. വിചാരണയുടെ അന്ത്യത്തില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിരീക്ഷകര്‍ ആ വിധിയെ വിശകലനം ചെയ്യുകയും അപലപിക്കുകയും ചെയ്യുകയുണ്ടായി. കൂട്ടത്തില്‍ മൂന്ന് പേര്‍ക്ക് വധ ശിക്ഷ നടപ്പാക്കാന്‍ ധൃതികൂട്ടുകയായിരുന്നു കോടതി. മറ്റുള്ളവര്‍ക്ക് വിവിധ വകുപ്പുകളില്‍ വേറെ ശിക്ഷകളും. സയ്യിദ് ഖുത്ബിന്റെയും മറ്റുള്ളവരുടെയും വധശിക്ഷ ലോകം ഞെട്ടലോടെയാണ് കേട്ടത്. അറബ് മുസ്‌ലിം ലോകത്തുനിന്നുള്ള വമ്പിച്ച പ്രതിഷേധ പ്രകടനകളും അറബ് ലോകത്തുനിന്നുള്ള വധ ശിക്ഷ റദ്ദാക്കാന്‍ വേണ്ടിയുള്ള അപേക്ഷകളും അബ്ദുന്നാസറുമായുള്ള വിധി പുനരാലോചനക്ക് വിധേയമാക്കാനുള്ള ചര്‍ച്ചകളും നിര്‍ദാക്ഷണ്യം തള്ളപ്പെടുകയായിരുന്നു. പ്രസിഡന്റ് അബ്ദുന്നാസറിനെ കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് 1954-ല്‍ ഇഖ് വാനിന്റെ ആറ് പ്രമുഖ നേതാക്കളെ തൂക്കിലേറ്റുകയുണ്ടായി. കുറ്റം ആരോപിക്കപ്പെട്ട ആറ് പേരും നിരപരാധികളാണെന്ന് തെളിവുകള്‍ ഹാജറാക്കപ്പെട്ടുവെങ്കിലും അവര്‍ തൂക്കിലേറ്റപ്പെടുകയായിരുന്നു. എന്നാല്‍ ഇവിടെ സയ്യിദ് ഖുത്വുബിന്റെ കാര്യത്തില്‍ വധ ശ്രമത്തിനുള്ള ആരോപണം പോലുമുണ്ടായിരുന്നില്ല. അത്തരത്തിലുള്ള ഒരു ഗൂഢാലോചനയില്‍ അദ്ദേഹം പങ്കാളിയായതായ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. പിന്നെന്തിന് അദ്ദേഹത്തെ തൂക്കിലേറ്റി?!! എന്ത് തെറ്റ് ചെയ്തിട്ടാണ് അവരദ്ദേഹത്തെ കൊന്നുകളഞ്ഞത് ?!! സയ്യിദ് ഖുത്ബിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും അന്യായമായി വധിച്ചവര്‍ക്ക് ആ രക്ഷസാക്ഷികളുടെ ചോര എന്നെന്നും ഒരു ശാപമായി ഭവിക്കും. ആ ശാപം എന്നെന്നും അവരുടെ ജീവിതത്തെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. അക്രമ ഭരണാധികാരികളുടെ മേല്‍ അല്ലാഹുവിന്റെ വിധിവരുന്നത് വരെ. അക്രമിക്കപ്പെട്ടവരുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുന്നതാണ്. പീഡിപ്പിക്കപ്പെടുന്നവന്റെ പ്രാര്‍ത്ഥനയെ അല്ലാഹു ആകാശ ലോകത്ത് മേഘങ്ങള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തും ആ പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി ആകാശ ലോകത്തെ കവാടങ്ങള്‍ തുറക്കപ്പെടും. എന്നിട്ട് അല്ലാഹു പറയും: 'എന്റെ പ്രതാപമാണെ സത്യം, ഞാന്‍ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും. ഒരല്‍പ്പകാലം കഴിഞ്ഞാണെങ്കിലും.' ഡോ.യൂസുഫുല്‍ ഖര്‍ദാവി
|