|
ജനാധിപത്യത്തിന്റെ ഉദ്ഭവം അറബ് ലോകത്ത് നിരവധി സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. ഭരണകൂടത്തില്‍ ഇസ്‌ലാമിന്റെ പങ്ക്, സ്ത്രീകളുടെയും അമുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജനാധിപത്യം തീവ്രമായ സംവാദങ്ങള്‍ക്ക് തിരികൊളുത്തി. ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഉള്ള ഒരു അറബ് രാജ്യം എന്ന നിലയില്‍ ഈജിപ്തിലാണ് ഇത്തരം ചര്‍ച്ചകള്‍ ഏറെ സജീവം.
ആദ്യമായി പറയട്ടെ, ജനാധിപത്യവുമായി ബന്ധപ്പെട്ട ഏതു ചര്‍ച്ചകളിലും ഇസ്‌ലാമിനെ കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ഉടലെടുത്തിട്ടുണ്ട്. പടിഞ്ഞാറിന്റെ ഇസ്‌ലാം വിദ്വേഷമാണ് ഇതിന് പ്രധാന കാരണം. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും പ്രചരിപ്പിക്കപ്പെടുന്ന വാര്‍പ്പു മാതൃകകള്‍, തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും ഇത്തരം ചര്‍ച്ചകളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് പലപ്പോഴും. ഇസ്‌ലാമിക ജനാധിപത്യ രാജ്യങ്ങള്‍, വ്യക്തമായി പറഞ്ഞാല്‍, മുസ്‌ലിം ഭൂരിപക്ഷമുള്ള, ഇപ്പോള്‍ ജനാധിപത്യം നിലവില്‍ വന്നിട്ടുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണകൂടങ്ങളാണ് നിലവില്‍ അധികാരത്തിലുള്ളത്. ദീനിനിഷ്ഠയുള്ള സാധരണക്കാര്‍ അംഗങ്ങളായ അത്തരം പാര്‍ട്ടികളെ മറ്റുള്ളവര്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ ആളുകള്‍ എന്നും ഇസ്‌ലാമിക മതമൗലിക വാദികള്‍ എന്നൊക്കെയാണ് വിളിക്കുന്നത്. ചര്‍ച്ചുകളില്‍ പ്രാര്‍ത്ഥനക്ക് പങ്കെടുക്കുക്കുകയും എന്നാല്‍ മതനിയമങ്ങള്‍ ജീവിതത്തിന്റെ പൊതുമേഖലകളില്‍ പാലിക്കാതെ സ്വകാര്യ ജീവിതത്തില്‍ മാത്രം കര്‍ക്കശമായി അനുഷ്ഠിക്കുകയും ചെയ്യുന്ന യൂറോപ്പിലെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടികളിലെ ആളുകളെ നമുക്ക് കാണാം. ജീവിതത്തിന്റെ പൊതുരംഗങ്ങളിലും രാഷ്ട്രീയത്തിലും മതവിശ്വാസങ്ങള്‍ കണിശമായി പാലിക്കപ്പെടണമെന്ന് അമേരിക്കന്‍ ഭരണകൂടത്തെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന, അതിന് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടുന്ന ക്രിസ്ത്യന്‍ മതമൗലികവാദികള്‍ അമേരിക്കയിലും ധാരാളമുണ്ട്. അറബ് ലോകത്തെ ഇസ്‌ലാമിക പാര്‍ട്ടികളെ ജനാധിപത്യ വിരുദ്ധരും മതമൗലിക വാദികളുമായി ചിത്രീകരിക്കുമ്പോള്‍ ഈ ക്രിസ്ത്യന്‍ മതമൗലിക വാദികളെക്കുറിച്ച് എന്താണ് പറയാനുള്ളത് ? ഈ വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ട് വേണം അറബ് ലോകത്ത് ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നതുമുതല്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇസ്‌ലാമിസ്റ്റുകളുടെ ജനാധിപത്യത്തോടുള്ള നിലപാട് വിശദീകരിക്കാന്‍. ജനാധിപത്യവുമായി ഇസ്‌ലാമിന് യോജിക്കാന്‍ കഴിയുമോ ? തീര്‍ച്ചയായും കഴിയും എന്നാണ് നമ്മുടെ ഉത്തരം; ചില ഇസ്‌ലാമിസ്റ്റുകളും അമുസ്‌ലിംകളായ ചില ഇസ്‌ലാം വിരുദ്ധരും അങ്ങനെ കരുതുന്നില്ലെങ്കിലും. ഉദാരവല്‍ക്കരണത്തെയും അധിക മുസ് ലിംകളും അംഗീകരിക്കുന്നു. ഇസ്‌ലാമിക പാര്‍ട്ടികളിലെ അംഗങ്ങള്‍ രാഷ്ട്രീയ രംഗത്ത് പാര്‍ട്ടിയെ അനുസരിക്കേണ്ടതുണ്ടോ, സ്ത്രീകളും അമുസ്‌ലിംകളും പരമോന്നത സ്ഥാനങ്ങളില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് തടയപ്പെടുമോ, ഏതെങ്കിലും വിധേനയുള്ള വിവേചനത്തിന് അവര്‍ ഇരയാകുമോ എന്നിവയും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളാണ്. തീര്‍ച്ചയായും അവര്‍ തടയപ്പെടുകയില്ലെന്നാണ് ഉത്തരം. എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടേതായ പ്രചാരണപരിപാടികള്‍ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മുമ്പ് ഇത്തരം പ്രചരണങ്ങള്‍ നടത്തിയ പാര്‍ട്ടികള്‍ തന്നെ വോട്ടര്‍മാരെ സ്വാധീനിക്കാനായി അത്തരം വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നതാണ് ഇന്നു നാം കാണുന്നത്.
രാജ്യത്തിന്റെ ലിംഗപരവും മതപരവും വംശീയവുമായ വൈവിധ്യം സംരക്ഷിക്കുമെന്നാണ് മുസ്‌ലിം ബ്രദര്‍ഹുഡ് ഭരണഘടനക്ക് അനുസൃതമായി പ്രതിജ്ഞയെടുത്തിട്ടുള്ളത്. തുനീഷ്യയില്‍ അധികാരത്തിലേറിയ ഇസ്‌ലാമിക പാര്‍ട്ടി ഭരണഘടനയില്‍ നിന്ന് ശരീഅത്ത് പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെയൊക്കെയാണങ്കിലും ഇസ്‌ലാമിക കക്ഷികള്‍ക്ക് അവര്‍ നല്‍കിയ ഇത്തരം വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ കഴിയുമോ? നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഈജിപ്തിലെ കോപ്റ്റിക്ക് വംശജരായ ക്രിസ്ത്യാനികള്‍ മുബാറക്കിന്റെയും അന്‍വര്‍ സാദാത്തിന്റെയും ഭരണകാലത്ത് രണ്ടാംകിട പൗരന്മാരായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ 15 മാസക്കാലത്തെ ജനകീയ പ്രക്ഷോഭത്തില്‍, സൈനിക ഭരണകൂടം കോപ്റ്റിക്ക് വംശജരായ പ്രതിഷേധക്കാരെ സൈനിക വാഹനങ്ങള്‍ കയറ്റിയാണ് നേരിട്ടത്. സ്ത്രീ പ്രകടനക്കാരെ കുപ്രസിദ്ധമായ കന്യകാ പരിശോധന നടത്തി. സ്ത്രീകളുടെയും കോപ്റ്റിക്ക് വംശജരുടെയും ഭയാശങ്കകള്‍ ഇനിയും നീങ്ങിയിട്ടില്ല. ഈ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് മുസ്‌ലിംബ്രദര്‍ഹുഡിന്റെ ചുമതലയാണ്. ജനാധിപത്യം തത്വത്തില്‍ എല്ലാ കാലത്തും എല്ലായിടത്തും ഒരുപോലെയാണെങ്കിലും, ഫലത്തില്‍ അത് കുറച്ചാളുകള്‍ക്ക് മാത്രമേ ഗുണകരമാകുന്നുള്ളൂ എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ചില കോണുകളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. തെറ്റായ ഫാഷിസ്റ്റ് പ്രചരണമാണിത്. 'ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ ഒരേ സമയം ജനാധിപത്യമൂല്യങ്ങളും അവരുടെ വിശ്വാസാചാരങ്ങളും മുറുകെപ്പിടിക്കുന്നവരാണ്' - നാല്‍പതോളം രാജ്യങ്ങളിലെ ഒരു ലക്ഷം വരുന്ന മുസ്‌ലിംകളുമായി അഭിമുഖം നടത്തിയ 'ഗാലപ്' സംഘടന നടത്തിയ നിരീക്ഷണം. 'ജനാധിപത്യ അവകാശങ്ങളുമായി തങ്ങളുടെ വിശ്വാസം ഒരു നിലക്കും വിരുദ്ധമാകുന്നില്ലെന്നാണ് മുസ്‌ലിംകള്‍ മനസ്സിലാക്കുന്നത്' - പഠനം നടത്തിയ ഡാലിയ മുജാഹിദ് പറയുന്നു. മതേതരമോ അല്ലാത്തതോ ആയ ഏതുതരം ഗവണ്‍മെന്റും സ്വേച്ഛാധിപത്യത്തിന്റെ പിടിയില്‍ നിന്ന് മുക്തമല്ല. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാ ഗവണ്‍മെന്റും ബാധ്യസ്ഥരാണ്. ഇപ്പോള്‍ ഈജിപ്തില്‍, നമുക്കറിയാവുന്നത് പോലെ, ഇസ്‌ലാമിസ്റ്റുകളും ലിബറലുകളെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്ത്രീ സമത്വത്തിനും മത സ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിക്കുന്നവര്‍ തന്നെയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെന്നെത് റോത്തിന്റെ അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണെന്ന് തോന്നുന്നു.അദ്ദേഹം പറഞ്ഞു: 'ജനാധിപത്യത്തോടുള്ള പാശ്ചാത്യ ശക്തികളുടെ നിലപാട് സത്യന്ധമല്ല. കാരണം, ഇസ്‌ലാമിക കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ സൗകര്യപൂര്‍വ്വം അവരത് നിഷേധിക്കുന്നു. ഇസ്‌ലാമിക പാര്‍ട്ടികള്‍ അല്ലാത്തവര്‍ അധികാരത്തില്‍ വന്നെങ്കില്‍ മാത്രമേ ജനാധിപത്യ മൂല്യങ്ങള്‍ നടപ്പാകൂ എന്ന പാശ്ചാത്യശക്തികളുടെ മുന്‍ധാരണ തിരുത്തപ്പെടേണ്ടതാണ്'.
ഹാറൂണ്‍ സിദ്ദീഖി (ഇന്‍ഡോ-കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍) അവലംബം : www.islamtoday.net വിവ : മുനീര്‍ മുഹമ്മദ് റഫീഖ്
|