|
വെള്ളി, 20 ജൂലായ് 2012 04:39 |
|
ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരനെന്ന പേരില്‍ മുസ്ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതിനെതിരേ വ്യാപക പ്രതിഷേധം. ഉത്തര്‍പ്രദേശ് സ്വദേശിയും ഷാഹിന്‍ബാഗില്‍ വസ്തു ഇടപാട് സംരംഭം നടത്തുകയും ചെയ്യുന്ന സുബൈര്‍ ഖാന്‍ എന്ന യുവാവിനെയാണ് പാക് ചാരനെന്ന പേരില്‍ ഡല്‍ഹി പോലിസ് പിടികൂടിയത്. മുസ്ലിം യുവാക്കളെ സര്‍ക്കാരും പോലിസും ഭീകരവേട്ടയുടെ മറവില്‍ ഇരകളാക്കുന്നതിന്റെ തുടര്‍ച്ചയാണിതെന്നാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ജാമിഅ നഗര്‍ നിവാസികള്‍ ഒന്നടങ്കം നോയ്ഡ-ബദര്‍പൂര്‍ ഹൈവേ പൂര്‍ണമായും സ്തംഭിപ്പിച്ചുകൊണ്ട് സുബൈര്‍ ഖാന്റെ മോചനത്തിനുവേണ്ടി പ്രതിഷേധം സംഘടിപ്പിച്ചു. അഡീഷനല്‍ കമ്മീഷണര്‍ അജയ് ചൌധരി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം മാത്രമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ഭീകരവാദബന്ധം സ്ഥാപിക്കാനുള്ള പോലിസിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നും അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ഭാരവാഹി സയ്യിദ് അഹ്ലാഖ് അഹ്മദ് പറഞ്ഞു. ലോക്കല്‍ പോലിസിനെ അറിയിക്കാതെയാണ് ക്രൈംബ്രാഞ്ചും സ്പെഷ്യല്‍ സെല്ലുമെല്ലാം യുവാക്കളെ പിടിച്ചുകൊണ്ടുപോവുന്നത്. ഇതു നിയമവിരുദ്ധമാണ്. നിയമത്തിന്റെ കാവലാളുകള്‍ തന്നെ നിയമം ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാളിന്ദി കുഞ്ചില്‍ വച്ച് കഴിഞ്ഞ 12നാണ് ക്രൈംബ്രാഞ്ച് സുബൈര്‍ ഖാനെ പിടികൂടിയത്. ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട മാപ്പും വിവരങ്ങളുമായി പാകിസ്താന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് ഖാനെ അറസ്റ് ചെയ്തതെന്നാണ് പോലിസ് വാദം. എന്നാല്‍, തന്റെ സഹോദരനെക്കുറിച്ച് അറിയുന്ന ഒരാളും അദ്ദേഹത്തെ ഭീകരവാദിയെന്നു പറയില്ലെന്ന് സഹോദരന്‍ ത്വയ്യിബ് ഖാന്‍ പറയുന്നു. തീസ്ഹസാരി കോടതിയില്‍ ഹാജരാക്കിയ സുബൈര്‍ ഖാനെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മനീഷ് യദുവാന്‍ഷി രണ്ടുദിവസത്തെ പോലിസ് കസ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്പ്രകാരമാണ് ഖാനെ അറസ്റ് ചെയ്തിരിക്കുന്നത്.
അവലംബം: തേജസ് ന്യൂസ്
|