|
മുസ്‌ലിം ആണെങ്കില്‍ ഡല്‍ഹിയില്‍ വീടുകിട്ടാന്‍ പ്രയാസമെന്ന്
|
|
തിങ്കള്‍, 09 ജൂലായ് 2012 03:55 |
|
ന്യൂഡല്‍ഹി: മുസ് ലിം നാമധാരിയാണെങ്കില്‍ ഡല്‍ഹിയില്‍ വീട് കിട്ടാന്‍ പ്രയാസമെന്ന് റിപ്പോര്‍ട്ട്. ന്യൂ ഫ്രണ്ട്‌സ് കോളനി, വസന്ത്കുഞ്ച്, ജംഗ്പുര, റോഹിണി തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്‌ലിം ദമ്പതികളെന്ന പേരില്‍ വീടന്വേഷിച്ചുചെന്ന യുവ മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് അലിയുടെയും സൗമ്യയുടെയും വെളിപ്പെടുത്തലുകള്‍ മുസ്‌ലിംകള്‍ക്കു വീട് ലഭിക്കുന്നതിനു നേരിടേണ്ടിവരുന്ന യാതനകള്‍ വിവരിക്കുന്നു. ദ ഹിന്ദു പത്രമാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
യാതൊരു കൂസലുമില്ലാതെ മുഖത്തടിച്ചപോലെ മുസ്‌ലിംകള്‍ക്ക് വീടു നല്‍കില്ലെന്നു പറയുന്നവരെയും മുസ്‌ലിംകളാണെന്നറിയുന്ന സമയത്ത് തന്ത്രപരമായി അഡ്വാന്‍സ് തുക മടക്കിനല്‍കി ഒഴിവാക്കുന്നവരെയും ഇവിടങ്ങളില്‍ ഇവര്‍ കണ്ടു. മുഖര്‍ജിനഗര്‍, കരോള്‍ബാഗ്, ജാനകപുരി, അശോക വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇതുതന്നെയാണു സ്ഥിതി.
വീടുണ്ടെന്ന് അറിയിച്ച ന്യൂഫ്രണ്ട്‌സ് കോളനിയിലെ ഒരു വസ്തു ഇടപാടുകാരന്‍ പിന്നീടു കാലുമാറി. കാര്യം അന്വേഷിച്ചപ്പോള്‍ വീട്ടുടമസ്ഥന്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ ആവര്‍ത്തിച്ചു: ''ഞങ്ങള്‍ക്ക് ഇന്ത്യക്കാരെയാണു വേണ്ടത്, മുസ്‌ലിംകളെ താമസിപ്പിക്കാന്‍ സൗകര്യമില്ല.'' മുസ്‌ലിംകളെക്കുറിച്ച് ഇവിടെയുള്ളവരുടെ കാഴ്ചപ്പാട് എന്താണെന്നു വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍.
വീട് എത്രനാള്‍ വേണമെങ്കിലും പൂട്ടിയിടും. എന്നാലും മുസ്‌ലിംകള്‍ക്കു നല്‍കില്ലെന്നാണ് ഗുല്‍ഷന്‍ പ്രോപ്പര്‍ട്ടീസിലെ ഒരു ഏജന്റ് ഇവരോടു പ്രതികരിച്ചത്. ഈ ഏരിയയിലൊന്നും മുസ്‌ലിംകള്‍ക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറല്ലെന്ന് ബാലാജി പ്രോപ്പര്‍ട്ടീസിലെ ദീപക് ശര്‍മ തുറന്നടിക്കുന്നു. ദലിതര്‍ക്കും പ്രശ്‌നമുണ്ടാവാറുണ്ടെങ്കിലും അവരുടെ പേരുകൊണ്ട് സമുദായം മനസ്സിലാവാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാവാറില്ലെന്ന് ഒരു ഏജന്റ് പറയുന്നു.
അഞ്ചുവര്‍ഷം മുമ്പ് താനും ഭര്‍ത്താവും വീടന്വേഷിച്ചു നടന്ന അനുഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകയായ റാണ സിദ്ദീഖി വിവരിക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് ദ്വാരക സെക്റ്ററില്‍ വാടകയ്ക്കു താമസിക്കവെ, ന്യൂസ് ചാനല്‍ ലഭിക്കാത്തതുകൊണ്ട് കേബിള്‍ ഓപറേറ്ററോട് പരാതിപ്പെട്ടു. എന്നിട്ടും ചാനല്‍ ലഭിച്ചില്ല. തുടര്‍ന്ന് അയാളോട് കാര്യം അന്വേഷിച്ചപ്പോള്‍ ഭീകരവാദികള്‍ക്കു തന്നോടു സംസാരിക്കാന്‍ ധൈര്യം വന്നോ എന്നായിരുന്നു മറുപടി.
കേബിള്‍ക്കാരന്‍ മാത്രമല്ല, വിദ്യാസമ്പന്നരും മുസ്‌ലിംവിരുദ്ധതയില്‍ ഒരുപോലെയാണെന്നു വിവിധയിടങ്ങളില്‍ വീടന്വേഷിച്ചു നടന്നപ്പോള്‍ മനസ്സിലായി. ഡല്‍ഹിയിലും നോയ്ഡയിലുമെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി. ഗ്രെയ്റ്റര്‍ കൈലാഷ് രണ്ടില്‍ ഒരു നല്ല വീട് കണ്ടുപിടിക്കുകയും ടോക്കണ്‍ തുക നല്‍കുകയും ചെയ്തു. സാധനങ്ങളെല്ലാം മാറ്റുന്നതിനുവേണ്ടി താക്കോല്‍ വാങ്ങിക്കാന്‍ ചെന്നപ്പോള്‍ വീട്ടുടമസ്ഥന്റെ മനസ്സു മാറി. വീട് വിറ്റുപോയി എന്നു പറഞ്ഞ് കൊടുത്ത പണം തിരികെ തരുകയാണുണ്ടായത്.
തങ്ങള്‍ മുസ്‌ലിംകളായതുകൊണ്ടല്ലേ വീട് നല്‍കാത്തതെന്നു ചോദിച്ചെങ്കിലും അയാള്‍ മറുപടി പറഞ്ഞില്ല. വീട്ടുടമസ്ഥന്റെ നിലപാടില്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ തന്റെ മകന്‍ പഴയ മിസ്റ്റര്‍ ഇന്ത്യയാണെന്നും ഒരുപാടു ബന്ധങ്ങളുള്ളയാളാണെന്നും ഭീഷണിപ്പെടുത്തുകയാണു ചെയ്തത്.
ഡല്‍ഹിയില്‍ ലഭിച്ചില്ലെങ്കിലും തലസ്ഥാനപരിധിയില്‍പ്പെട്ട നോയ്ഡ സെക്റ്റര്‍ 10ല്‍ അവസാനം വൃദ്ധദമ്പതികളുടെ വീട് കണ്ടുപിടിച്ചു. അഡ്വാന്‍സും സെക്യൂരിറ്റിയുമൊക്കെ കൊടുത്തു. അതേസമയം, വീട്ടുവളപ്പില്‍ ഒരാള്‍ നിന്ന് ഇതേ വീട് കുറഞ്ഞ തുകയ്ക്ക് വാടകയ്‌ക്കെടുക്കുന്ന കാര്യവും വൃദ്ധന്‍ വാടക കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നതും കേട്ടു. കുറച്ചുകഴിഞ്ഞ് ഭാര്യ വീട് മറ്റാര്‍ക്കോ നല്‍കിയതായും താന്‍ അറിഞ്ഞില്ലെന്നും പറഞ്ഞ് തുക മടക്കിനല്‍കുകയാണുണ്ടായത്. തങ്ങള്‍ മുസ്‌ലിംകളാണെന്നറിഞ്ഞപ്പോഴായിരുന്നു വൃദ്ധദമ്പതികളുടെ മനസ്സ് മാറിയത്. നോയ്ഡയില്‍ മുസ്‌ലിംകള്‍ക്ക് വീടു നല്‍കുന്നതില്‍ പലപ്പോഴും വീട്ടുടമസ്ഥര്‍ മടിക്കുന്നുണ്ടെന്നു പറഞ്ഞ് വസ്തു ഇടപാടുകാരന്‍ ഖേദമറിയിച്ചു.
പിന്നീട് പശ്ചിമ ഡല്‍ഹിയിലെ വസുന്തര എന്‍ക്ലേവിലുള്ള അബുല്‍ഫസല്‍ എന്‍ക്ലേവിലാണ് ഒടുവില്‍ വീട് ലഭിച്ചത്. അത്യാവശ്യം മികച്ച പ്രദേശമായ ഇവിടെ 99 ശതമാനവും മുസ്‌ലിംകളായതുകൊണ്ടു മാത്രമാണ് ഫ്‌ളാറ്റ് ലഭിച്ചത്. എന്നിട്ടും അബുല്‍ഫസലിലാണ് താമസമെന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ അബുല്‍ഫസലിലോ എന്ന തരത്തില്‍ നെറ്റിചുളിക്കും. ചിലരാവട്ടെ ഓ, മുസ്‌ലിംകളായതുകൊണ്ടായിരിക്കുമല്ലേ എന്നു തുറന്നു ചോദിക്കുകയും ചെയ്യുന്നു.
ദക്ഷിണ ഡല്‍ഹിയില്‍ ഓഖ്‌ല, അബുല്‍ഫസല്‍ എന്‍ക്ലേവ്, സാക്കിര്‍നഗര്‍, ബട്‌ലാഹൗസ്, പശ്ചിമ ഡല്‍ഹിയില്‍ ലക്ഷ്മിനഗര്‍, സെന്‍ട്രല്‍ ഡല്‍ഹിയിലെ ദരിയഗഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വീടുകള്‍ നോക്കാം. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയില്‍നിന്നു വെള്ളം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായവ പലപ്പോഴും അപര്യാപ്തമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ച് 12 മണിക്കൂറും മറ്റും തുടര്‍ച്ചയായി വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തേജസ് ന്യൂസ്
|
|
അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് തിങ്കള്‍, 09 ജൂലായ് 2012 03:57 |