ഹദീസ് ഗ്രന്ഥങ്ങള്‍ നിരോധിച്ച കോടതിവിധിക്കെതിരെ റഷ്യയില്‍ പ്രതിഷേധം ശക്തമാവുന്നു

ശനി, 07 ജൂലായ്‌ 2012 07:19

മോസ്‌കോ: ഇമാം നവവിയുടെ 'രിയാദുസ്സ്വാലിഹീന്‍' അടക്കമുള്ള നിരവധി ഹദീസ് ഗ്രന്ഥങ്ങളും നബിചരിത്ര ഗ്രന്ഥങ്ങളും ഭീകരവാദ സാഹിത്യമെന്ന് പറഞ്ഞ് നിരോധിച്ച റഷ്യന്‍ കോടതിയുടെ വിധിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കേസില്‍ മുസ് ലിംകള്‍ക്ക് വേണ്ടി വാദിച്ച റുസ്തം വലൈന്‍ലിന്‍ എന്ന അഡ്വക്കേറ്റിനെ ജൂണ്‍ 23 മുതല്‍ കാണാതായതും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ ആദ്യത്തിലാണ് ഇമാം നവവിയുടെ രിയാദുസ്വാലഹീന്‍, നാല്‍പത് ഹദീസുകളുടെ സമാഹാരം, ഇബ്‌നുഹിശാമിന്റെയും മുബാറക്പൂരിയുടെയും സീറത്തുനബി ഗ്രന്ഥങ്ങള്‍, ഹിസ്‌നുല്‍ മുസ് ലിം, ഇമാം ഗസ്സാലിയുടെ മീസാനുല്‍ അമല്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രാജ്യത്ത് നിരോധിച്ചുകൊണ്ട് ഓറന്‍ബര്‍ഗ് ജില്ലാ കോടതി വിധി പ്രസ്താവിച്ചത്. തമീമിയുടെ കിതാബുത്തൗഹീദ്, മുഹമ്മദ് സിനുവിന്റെ അഖീദ, മുഹമ്മദ് അലി ഹാശിമിയുടെ മുസ് ലിമിന്റെ ഇസ് ലാമിക വ്യക്തിത്വം തുടങ്ങിയ 65 ഗ്രന്ഥങ്ങളാണ് കോടതി നിരോധിച്ചിരിക്കുന്നത്. റഷ്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചില തീവ്ര വിഭാഗങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന ഈ പുസ്തകങ്ങള്‍ കണ്ടെടുത്തു എന്നതാണ് പുസ്തകം നിരോധിക്കാനുള്ള കാരണമായി കോടതി പറഞ്ഞത്. എന്നാല്‍ നബിവചനങ്ങളും പ്രാര്‍ഥനകളും മറ്റു ഇസ് ലാമിക അധ്യാപനങ്ങളും നല്‍കുന്ന ഈ പുസ്തകങ്ങള്‍ ഒരു നിലക്കും തീവ്രവാദത്തെ പ്രോത്സാപ്പിക്കുന്നവയല്ലെന്ന് മുസ് ലിംകള്‍ പറഞ്ഞു.

അതേ സമയം, റഷ്യന്‍ ദേശീയ ഗവണ്‍മെന്റ് മുസ് ലിം വിഭാഗങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. മുസ് ലിം കുട്ടായ്മകളെ സഹായിക്കുന്നതിനും മറ്റുമായി ഗവണ്‍മെന്റ് വര്‍ഷം തോറും മില്യണ്‍ കണക്കിന് റൂബിള്‍ ആണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ദേശീയ ഗവണ്‍മെന്റിന്റെ പോളിസിക്ക് വിരുദ്ധമായി പ്രാദേശിക ഭരണ സംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് ഒരു വിഭാഗം നിരീക്ഷര്‍ കരുതുന്നു.
എന്തായാലും, റഷ്യയിലെ മുസ് ലിം ബോര്‍ഡുകളും സംഘടനകളും കോടതി വിധിക്കെതിരെ പൊരുതാനുറച്ച് തന്നെയാണ്. വിവാദമായ വിധി ദേശീയ ഗവണ്‍മെന്റിനെതിരെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രഗ്രൂപ്പുകള്‍ക്ക് പ്രചോദനമാവാനുള്ള സാധ്യതയുണ്ടെന്നും ചില നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വിധി മറികടക്കാന്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് പുറമെ മറ്റു ചില ആരോഗ്യകരമായ പ്രവര്‍ത്തന പരിപാടികളും ചിലര്‍ മുന്നോട്ട് വെക്കുന്നു. രാജ്യത്തെ തീവ്രവാദ വിരുദ്ധ നിയമം പുനരേകീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളിലെയും പ്രമുഖ നേതാക്കളുടെയും നേതൃത്വത്തില്‍ നിവേദനം തയ്യാറാക്കാനും മുസ് ലിം കൂട്ടായ്മകള്‍ ശ്രമിക്കുന്നുണ്ട്.

അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് ശനി, 07 ജൂലായ്‌ 2012 08:47
 
Scroll to Top