മുര്‍സിയുടെ ചരിത്രപ്രസിദ്ധമായ തഹ് രീര്‍ പ്രതിജ്ഞ

കയ്‌റോ: ഈജിപ്തിന്റെ പുതിയ ജനകീയ പ്രസിഡന്റ് മുഹമ്മദ് മുര്‍സി, തഹ് രീര്‍ സ്‌ക്വയറില്‍ അണിനിരന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ അനൗദ്യോഗിക പ്രതിജ്ഞയെടുത്തു. പ്രഥമ ജനകീയ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന സൈനിക ജനറലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു ജനങ്ങള്‍.
' ജനങ്ങളുടെ ശക്തിയേക്കാള്‍ വലിയ മറ്റൊരു ശക്തിയുമില്ല.'
ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ മുര്‍സി പറഞ്ഞു. വിപ്ലവം അതിന്റെ ലക്ഷ്യങ്ങള്‍ നേടുവോളം തുടരുക തന്നെചെയ്യുമെന്ന് അദ്ദേഹം ജനങ്ങളോട് പ്രഖ്യാപിച്ചു.
'മുഴുവന്‍ ഈജിപ്ത്ക്കാരുടെയും പ്രസിഡന്റായിരിക്കും ഞാന്‍, എല്ലാ അധികാരത്തിന്റെയും അടിസ്ഥാനം ജനങ്ങളായിരിക്കും.'
പ്രസിഡന്റിന് ലഭിക്കേണ്ടുന്ന അധികാരത്തില്‍ നിന്ന് യാതൊന്നും താന്‍ കയ്യൊഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൈനിക കോടതിയുടെ വിധിയെക്കുറിച്ച് പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം വിമര്‍ശിച്ചു.

സൈനിക നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി തഹ് രീര്‍ സ്‌ക്വയറില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ജുമുഅ പ്രാര്‍ത്ഥനക്കായി രാവിലെ മുതല്‍ ജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ശക്തമായ ചൂടിനെ വകവെക്കാതെ ജുമുഅ പ്രാര്‍ത്ഥനയിലും പ്രസിഡന്റിന്റെ പ്രഭാഷണത്തിലും ജനങ്ങള്‍ പങ്ക്‌കൊണ്ടു. മുബാറക്കിന്റെ പതനം മുതല്‍, മുഴുങ്ങിക്കേട്ട സൈനിക വിരുദ്ധ മുദ്രാവാക്യങ്ങള്‍ തഹ് രീര്‍ സ്‌ക്വയറില്‍ ഇന്നലെയും അലയടിക്കുന്നുണ്ടായിരുന്നു. 'സൈനിക കൗണ്‍സിലിനോട് ഞങ്ങള്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്: ഞങ്ങളാണ് ഈ പാര്‍ലമെന്റിനെ തിരഞ്ഞെടുത്തത്. പാര്‍ലമെന്റിനെ അധികാരത്തില്‍ നിന്ന് പിരിച്ച് വിടാനുള്ള അധികാരവും ഞങ്ങള്‍ ജനങ്ങള്‍ക്കാണ്.' പ്രതിഷേധ ഗ്രൂപ്പിലെ ഇന്‍ത്തിസാര്‍ അല്‍ബഖ പറഞ്ഞു: '

അതിനിടെ, സൈനിക കോടതിക്ക് മുമ്പാകെ പുതിയ പ്രസിഡന്റ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈജിപ്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത്, ഈജിപ്തിന്റെ പുനര്‍ നിര്‍മാണത്തിന് വേണ്ടിയുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുമെന്ന് പ്രസിഡന്റിന്റെ വക്താവ് യാസിര്‍ അലി വാര്‍ത്താലേഖകരോട് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് പാര്‍ലമെന്റിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യലായിരുന്നു ഈജിപ്തിലെ പതിവ് രീതി. എന്നാല്‍, അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇസ്്‌ലാമിസ്റ്റുകളെ പാര്‍ലമെന്റില്‍ നിന്ന് പിരിച്ച് വിട്ട് സൈനിക കോടതി അധികാരമേറ്റെടുക്കുകയാണ് ചെയ്തത്.

തഹ് രീര്‍ സ്‌ക്വയറിലെ പ്രഭാഷണത്തിന് മുമ്പ് ലോക പ്രസിദ്ധമായ അല്‍ അസ്ഹര്‍ പള്ളിയില്‍ മുര്‍സി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എല്ലാ പൗരന്മാര്‍ക്കിടയിലും സമത്വം കല്പ്പിക്കുന്ന, എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള, യഥാര്‍ത്ഥ ജനാധിപത്യം പുലരുന്ന രാജ്യമായിരിക്കും ഈജിപ്ത് എന്ന് അല്‍ അസ്ഹര്‍ ഇമാം അബ്ദുല്‍ ഫാളില്‍ അല്‍ ഖാസി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. സംഘടനകള്‍ക്കും വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ യാതൊരു വിവേചനവും പാടില്ല. രാഷ്ട്ര നായകന്‍ എല്ലാ വിഭാഗങ്ങളുടെയും നായകന്‍കൂടിയായിരിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 
Scroll to Top