|
ബുധന്‍, 27 ജൂണ്‍ 2012 14:11 |
|
'മുഹമ്മദ് മുര്‍സി പ്രസിഡന്റാകുമോ ഇല്ലയോ ?' ഇതായിരുന്നു അവസാനം നിമിഷം വരെ (കഴിഞ്ഞ ആഴ്ച്ച മുഴുവനും ഈജിപ്തിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു)എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരേ ഒരു ചോദ്യം. മുര്‍സിയാണോ ശഫീഖാണോ യഥാര്‍ത്ഥ പ്രസിഡന്റെ് ? മുബാറക്ക് മരിച്ചുവോ ? ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അധികാരം പിടിച്ചു വെച്ചിരിക്കുന്ന സൈനിക നേതൃത്വം ജൂണ്‍ അവസാനത്തോടെ പുതിയ പ്രസിഡന്റിന് അധികാരം കൈമാറുമോ, ഇല്ലയോ? ഈജിപ്തിലെ തെരുവോരങ്ങള്‍ ഊഹാപോഹങ്ങളിലും ആശങ്കകളിലുമായിരുന്നു ഇത് വരെ.വിദേശ ഈജിപ്ഷ്യരായ ഞങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നതായിരുന്നു ഈജിപ്തിലെ സംഭവവികാസങ്ങള്‍. ഇലക്ഷനില്‍ മുഹമ്മദ് മുര്‍സിക്ക് വോട്ട് ചെയ്യുമ്പോള്‍ മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളില്‍ ഒന്നായ ശഫീഖില്‍ നിന്ന് രാജ്യത്തെ ശുദ്ധീകരിക്കാനാകുമെന്ന പ്രത്യാശയിലായിരുന്നു ഞാന്‍.അത് കൊണ്ട്് തന്നെ തെരഞ്ഞെടുപ്പു ഫലത്തിനായി ഞാന്‍ കാത്തിരുന്നു. മുഹമ്മദ് മുര്‍സി ലീഡ് ചെയ്യുമ്പോള്‍ ഞാന്‍ അതിയായി സന്തോഷിച്ചു .എന്നാല്‍ എന്റെ സന്തോഷത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുളളു. പുതിയ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അധികാരം സൈനിക കരങ്ങളില്‍ ഉറപ്പിക്കുന്ന തരത്തിലുളള സൈനിക കോടതിയുടെ ഇടപെടലുകളുണ്ടാകുന്നത് അപ്പോഴാണ്. പാര്‍ലമെന്റെ പിരിച്ചു വിടാനുളള കോടതിയുടെ തീരുമാനെത്തെ തുടര്‍ന്നായിരുന്നു കോടതിയുടെ വിധി.
മുര്‍സിയോ ശഫീഖോ ? പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദോഗിക പ്രഖ്യാപനം വരുന്നതിന് 4 ദിവസങ്ങള്‍ക്ക് ശേഷമാണ് മുര്‍സി വിജയിയായി പ്രഖ്യാപിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയില്ലാത്ത വിധം ഈ കളിയില്‍ സൈനിക നേതൃത്വത്തിന്റെ ലാഭമെന്താണന്നതാണ് എന്നെ ആശങ്കയിലാഴ്ത്തിയത്. എന്നാല്‍ അതിനിടയില്‍ ശഫീഖാണ് യഥാര്‍ഥ വിജയിയെന്നുളള തെറ്റായ വാര്‍ത്ത ഈജിപ്ത് മുഴുവന്‍ പരന്നു. രണ്ട് പേരും തങ്ങളാണ് വിജയിയെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നത് ആശയ കുഴപ്പം സൃഷ്ടിച്ചു. രണ്ട് പാര്‍ട്ടികളും എതിരാളികള്‍ക്കെതിരെ പരസ്പരം പരാതി ഫയല്‍ ചെയ്യുകയും അധികൃതര്‍ ഫലപ്രഖ്യാപനം മൂന്ന് ദിവസം കൂടി നീട്ടി വെക്കുകയും ചെയ്തു. ഈജിപ്തിന്റെ കാര്യത്തില്‍ ഞാന്‍ വല്ലാത്ത ആശങ്കയിലായിരുന്നു. എന്താണ് സംഭവിക്കുകയെന്ന് അനുമാനിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണമായിരുന്നു സൈനിക ഇടപെടല്‍. ശഫീഖ് പുതിയ തന്ത്രവുമായി ഇനിയും കളത്തിലിറങ്ങുമെന്ന ആശങ്ക ഇനിയും വിട്ടു മാറിയിട്ടില്ല. ശഫീഖ് പ്രസിഡന്റാവാനുളള സാധ്യത ഇനിയും നിലനില്‍ക്കുന്നുവെന്ന് ഞാന്‍ ആശങ്കപ്പെടുന്നു.
മുബാറക് -ജീവിതത്തിനും മരണത്തിനുമിടയില്‍ എല്ലാത്തിനുമുപരി, മുബാറക്കിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന വാര്‍ത്ത ഈജിപ്തില്‍ പടര്‍ന്നു. തുടര്‍ന്നു അദ്ദേഹം മരണപ്പെട്ടെന്നും വരെ വാര്‍ത്തകള്‍ വന്നു. എന്നെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതവും മരണവും ഇവിടെ പ്രസക്തമല്ല. ഈജിപ്തിന്റെ മുഖ്യ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ ഒരു തന്ത്രമായിരുന്നു അതെന്നാണ് എനിക്ക് തോന്നിയത് .എന്നിരുന്നാല്‍ തന്നെയും എല്ലാം കൂടി ഈജിപ്തില്‍ വല്ലാത്തൊരു അനിശ്ചിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വീണ്ടും തഹിരീര്‍ സ്‌ക്വയറിലേക്ക് ജനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ വീണ്ടും തടിച്ചു കൂടുന്നത് ഞാന്‍ സന്തോഷത്തോടെയാണ് വീക്ഷിച്ചത്. തഹ്‌രീര്‍ സ്‌ക്വയറിനെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നോ ! കാരണം, ജനങ്ങളുടെ ആവശ്യങ്ങള്‍ വകവെച്ചു നല്‍കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാഴ്്ത്താന്‍ പറ്റിയ ഏറ്റവും നല്ല ഉപകരണമായി മാറിയിട്ടുണ്ട് തഹ്‌രീര്‍ സ്‌ക്വയര്‍. ഭരണഘടനാ കോടതിയുടെ പുതിയ വിധിക്കെതിരെ പ്രതിഷേധവുമായി പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് അവിടെ തടിച്ചുകൂടിയത്. മുര്‍സിയെ പ്രസിഡന്റാക്കാനും പഴയ മുബാറക് ഭരണത്തിന്റെ തുടര്‍ച്ചയായേക്കാവുന്ന ശഫീഖിനെ നീക്കാനും ജനങ്ങള്‍ മുറവിളിക്കൂട്ടുന്നുണ്ടായിരുന്നു. ജൂണ്‍ 30ന് മുമ്പു തന്നെ സൈനിക നേതൃത്വം പുതിയ പ്രസിഡന്റിന് അധികാരം കൈമാറുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. എന്നാല്‍ അത് വൈകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജനങ്ങളുടെ പൂര്‍ണ വിശ്വാസം സൈനിക നേതൃത്വം അതിനെ തെറ്റായി ഉപയോഗിക്കുന്നത് തീര്‍ത്തും വേദനാജനകമാണ്.
ഈജിപ്ഷ്യന്‍ തിരഞ്ഞെടുപ്പിന്റെ അവസാന ഫലം അവസാനം നമ്മളെല്ലാവരും പ്രതീക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നിരിക്കുന്നു. രാജ്യത്തെ പരമോന്നത ജഡ്ജി ഫാറൂഖ് സുല്‍ത്താന്റെ നീണ്ട പ്രസംഗം ഞാന്‍ അക്ഷമയോടെയാണ് കേട്ടിരുന്നത്. അവസാനം ഞാന്‍ പ്രതീക്ഷിച്ചിരുന്ന വാക്കുകള്‍ അദ്ദേഹം ഉരുവിട്ടു. ഈജിപ്തിന്റെ പുതിയ പ്രസിഡന്റ് മുര്‍സിയാണെന്ന് കേട്ടമാത്രയില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ' അല്ലാഹു അക്ബര്‍' ഞാന്‍ ഉറക്കെ പറഞ്ഞ് കൊണ്ടിരുന്നു. ' അല്ലാഹു അക്ബര്‍' മുര്‍സി വിജയിച്ചിരിക്കുന്നു. ഒരാഴ്ച മുമ്പുവരെ അശുഭാപ്തി വിശ്വാസക്കാരനായ എന്നില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പുതുകിരണങ്ങള്‍ ഉദയം ചെയ്തിരിക്കുന്നു. സൈനിക നേതൃത്വത്തിന്റെ പിടിയില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും ഫലപ്രഖ്യാപന ശേഷമുള്ള ദിവസങ്ങള്‍ കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. സ്വേഛാധിപത്യവും അനീതിയും എക്കാലവും രാജ്യത്തിന്റെ മുഖമുദ്രയാവില്ല. എന്റെ രാജ്യം താമസിയാതെ നന്മകളാല്‍ പൂത്തുലയും.
ഇനിയെന്ത് ? ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ വിജയം പ്രഖ്യാപിക്കാന്‍ ഇനിയും സമയമായിട്ടില്ല. മുര്‍സിയുടെ വിജയം വിപ്ലവ വിജയത്തിന്റെ ആദ്യ ചുവടാണ്. സ്വാതന്ത്ര്യവും സമത്വവും പൂര്‍ണമായി വീണ്ടെടുക്കാന്‍ നാം ഇനിയും മുന്നോട്ട് ഒരു പാട് സഞ്ചരിക്കേണ്ടതുണ്ട്. മാറ്റങ്ങള്‍ പലതും നടപ്പിലാക്കേണ്ടതുണ്ട്. സൈനിക നേതൃത്വത്തില്‍ നിന്ന് പുതിയ പ്രസിഡന്റിലേക്കുള്ള അധികാര കൈമാറ്റമാണ് അതില്‍ ആദ്യത്തേത്. പാര്‍ലമെന്റ് ഉടന്‍ പുനഃസംഘടിപ്പിക്കപ്പെടണം. സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ മേഖലകളില്‍ കാതലായ പരിഷ്‌ക്കരണങ്ങള്‍ ആവശ്യമാണ്. ചുരുക്കത്തില്‍ ഈജിപ്തിന്റെ പുതിയ പ്രഭാതത്തിന് നാം സാക്ഷിയാകാനിരിക്കുന്നതേയുള്ളൂ.
സൂസന്നാ നബീല്‍ സഅദ് (അവലംബം : www.onislam.net )
വിവര്‍ത്തനം : മുനീര്‍ കെ.എം
|
|
അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് തിങ്കള്‍, 02 ജൂലായ് 2012 11:15 |