ഈ സൈറ്റിനെ പിന്തുടരൂ..

ഇസ്‌റാഅ് - മിഅ്‌റാജില്‍ നിന്ന് പഠിക്കേണ്ടത്

ചോദ്യം : ഇസ്‌റാഅ് - മിഅ്‌റാജ് സംഭവങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന പാഠം എന്ത് ?

ഉത്തരം : ശൈഖ് യൂസുഫുല്‍ ഖര്‍ദാവി

ഇസ് ലാമിക ചരിത്രത്തില്‍ മസ്ജിദുല്‍ അഖ്‌സക്കുള്ള ഉന്നതമായ പദവിയാണ് ഓരോ ഇസ് റാഅ് -മിഅ്‌റാജ് ദിനത്തിലും നാം ഓര്‍ക്കേണ്ടത്. മുസ്‌ലിംകള്‍ക്ക് നമസ്‌കാരം നിര്‍ബന്ധമാക്കിയപ്പോള്‍ മസ്ജിദുല്‍ അഖ്‌സയായിരുന്നു ആദ്യം ഖിബ്‌ല. അതനുസരിച്ച് നബി (സ)യുടെ മക്കാ കാലഘട്ടത്തില്‍ 3 വര്‍ഷവും മദീനാ ഘട്ടത്തില്‍ 10 മാസവും മുസ് ലിംകള്‍ അഖ്‌സയെ അഭിമുഖീകരിച്ചാണ് നമസ്‌കരിച്ചിരുന്നത്.
പ്രവാചകന്‍ (സ) സന്ദര്‍ശിക്കാന്‍ കല്‍പിച്ച മൂന്ന് പള്ളികളിലൊന്നുമാണ് മസ്ജിദുല്‍ അഖ്‌സ. അതിനാല്‍ തന്നെ ഓരോ ഇസ്‌റാഉം മിഅ്‌റാജും നമ്മളിലുണര്‍ത്തേണ്ട ബോധം മസ്ജിദുല്‍ അഖ്‌സയുടെയും ഖുദ്‌സിന്റെയും സംരക്ഷണമാണ്. മുസ്‌ലിംകള്‍ സൈനിക ശക്തിയായിരുന്ന കാലത്തെല്ലാം അഖ്‌സയുടെ സംരക്ഷണത്തില്‍ അവര്‍ അത്യുത്സാഹം കാണിച്ചിരുന്നു.അതിനിയും തുടരണം.
ഫലസ്തീനിലെ പവിത്രമായ മണ്ണില്‍ രാഷ്ട്രം സ്ഥാപിക്കാനുളള ശ്രമത്തിലാണ് ജൂതന്‍മാര്‍.അവരതില്‍ ഒരുപാട് മുന്നേറുകയും ചെയ്തിട്ടുണ്ട്. എങ്കിലും മസ്ജിദൂല്‍ അഖ്‌സയും ഖുദ്‌സും നമ്മുടെ നിയന്ത്രണത്തില്‍ വരുമെന്ന പ്രതീക്ഷ നാം കൈവിടരുത്.വിശ്വാസി സമൂഹത്തെ അല്ലാഹു സഹായിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാവണം.
ഇസ്‌റാഅ്- മിഅ്‌റാജിന്റെ മറ്റൊരു പ്രധാന സവിശേഷത നമസ്‌കാരമാണ്. പ്രവാചകന്റെ ഈ ആകാശയാത്രയിലാണ് നമസ്‌കാരം നിര്‍ബന്ധമാക്കിയത്. മിഅ്‌റാജ് യാത്രയില്‍ പ്രവാചകന്‍ (സ) കൊണ്ടുവന്ന സമ്മാനം.
വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് എത്തുവാനുളള ആത്മീയ മാര്‍ഗമാണ് നമസ്‌കാരം. അതിനോട് അവര്‍ ഗൗരവത്തോടെ സമീപിക്കണമെന്ന പാഠവും ഇസ്‌റാഅ് മിഅ്‌റാജ് നല്‍കുന്നു.
പ്രവാചകന്‍ നേരിട്ട് സ്വര്‍ഗത്തില്‍ പോയെങ്കില്‍ നമുക്കും നമസ്‌കാരത്തിലൂടെ സ്വര്‍ഗീയ അനുഭൂതികള്‍ ആസ്വദിക്കാന്‍ കഴിയും. ഖുദിസിയായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍ സൂചിപ്പിച്ച പോലെ: '' പ്രാര്‍ത്ഥനയെ എനിക്കും എന്റെ അടിമക്കുമിടയില്‍ ഞാന്‍ പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അതവന് ലഭിക്കും.എന്റെ അടിമ 'സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന് സതുതി ' എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: 'എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു.' ഇനി അവന്‍ 'പരമകാരുണികനും കരുണാനിധിയും ' എന്ന് പറയുമ്പോള്‍ അല്ലാഹു പറയും:' എന്റെ അടിമ എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു.'  ' പ്രതിഫലദിനത്തിനുടമയായവന്‍' എന്ന് പറയുമ്പോള്‍ അല്ലാഹു പറയും 'എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.' ' നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു ' എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ' ഇത് എനിക്കും എന്റെ അടിമക്കുമിടയിലുളളതാണ് , അവന്‍ ചോദിക്കുന്നത് അവന് ലഭിക്കും.' ഇനി അവന്‍ ' ഞങ്ങളെ നേരായ പാതയില്‍ നയിക്കേണമേ ,നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍  , നിന്റെ കോപത്തിനിരയായവരുടെയോ വഴിപിഴച്ചവരുടേതോ അല്ല' എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ' ഇതെന്റെ അടിമക്കുളളതാണ് ,അവന്‍ ചോദിക്കുന്നത് അവന് ലഭിക്കും.'

അവലംബം: ഓണ്‍ ഇസ് ലാം ഡോട്ട് നെറ്റ്‌

 

രാഷ്ട്രങ്ങള്‍/ചോദ്യോത്തരം

No articles

രാഷ്ട്രങ്ങള്‍/പ്രസന്ടേഷന്‍സ്


No Documents

രാഷ്ട്രങ്ങള്‍/ഓഡിയോ

No audio file(s) available
Scroll to Top