|
ശനി, 16 ജൂണ്‍ 2012 02:41 |
|
മലപ്പുറം: റഫറന്‍സ് ഗ്രന്ഥാവലിയായ ഇസ് ലാമിക വിജ്ഞാനകോശത്തിന്റെ 11ാം വാല്യം പുറത്തിറങ്ങി. മലപ്പുറത്ത് നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അറബി വിഭാഗം മേധാവി ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിറിന് നല്‍കി ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ ടി. ആരിഫലി പ്രകാശനം നിര്‍വഹിച്ചു. ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് എല്ലാവരും അവരവരുടെ സ്വത്വങ്ങള്‍ സുതാര്യമാക്കേണ്ടത് അനിവാര്യമാണെന്നും ഇസ് ലാമിക ദര്‍ശനത്തെയും മുസ് ലിം സമൂഹത്തെയും സുതാര്യമാക്കുകയാണ് വിജ്ഞാനകോശം ചെയ്യുന്നതെന്നും ആരിഫലി പറഞ്ഞു. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന വിഷയം ഇസ് ലാമാണ്. മലയാളത്തില്‍ ആധികാരികവും സത്യസന്ധവുമായി ഇസ് ലാമിക ദര്‍ശനത്തെയും മുസ് ലിം സമൂഹത്തെയും പരിചയപ്പെടുത്തുന്ന റഫറന്‍സ് പുസ്തകത്തിന്റെ കുറവ് വിജ്ഞാനകോശം നികത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇസ് ലാമിക വിജ്ഞാനകോശം തയ്യാറാക്കാനുള്ള പദ്ധതി ഇസ് ലാമിക് പബ്ലിഷിങ് ഹൗസ് ആരംഭിച്ചതിന്റെ 20ാം വര്‍ഷത്തിലാണ് 11ാം വാല്യം പുറത്തിറങ്ങുന്നത്. ജമാഅത്തെ ഇസ് ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷതവഹിച്ചു. വിജ്ഞാനകോശം എക്‌സി. എഡിറ്റര്‍ ഡോ.എ.എ.ഹലീം, നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.അഹ് മദ് കുട്ടി, പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് ശാക്കിര്‍, അല്‍ജാമിഅ അല്‍ ഇസ് ലാമിയ റെക്ടര്‍ അബ്ദുല്ല മന്‍ഹാം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, എ.അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ഐ.പി.എച്ച് ഡയറക്ടര്‍ ടി.കെ.ഫാറൂഖ് സ്വാഗതവും കെ.ടി.ഹുസൈന്‍ നന്ദിയും പറഞ്ഞു.
|