|
ഞായര്‍, 10 ജൂണ്‍ 2012 01:18 |
|
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസ അധ്യാപക ക്ഷേമനിധിയില്‍ ഒരുമാസം കൊണ്ട് 25,000 പേരെ അംഗങ്ങളാക്കാന്‍ മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. അധ്യാപക ക്ഷേമനിധി പദ്ധതി പലിശരഹിതമാക്കിയതിന്‍െറ പശ്ചാത്തലത്തില്‍ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മദ്റസ ബോര്‍ഡുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അധ്യാപക ക്ഷേമനിധി പദ്ധതി വിപുലമാക്കുന്നതിന്‍െറ ഭാഗമായുള്ള സംസ്ഥാന തല കാമ്പയിന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഗുണം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും അവ സുതാര്യമാക്കുന്നതിനുവേണ്ടി കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെക്ഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സൗജന്യ പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും തീരുമാനിച്ചു. ഇതിനായി സംസ്ഥാന വ്യാപകമായി ഉപകേന്ദ്രങ്ങള്‍ ആരംഭിക്കും. കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തില്‍നിന്ന് കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയും ശ്രമം നടത്തുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷക്ഷേമ ഡയറ്ടക്ടര്‍ ഡോ.പി. നസീര്‍ പദ്ധതി വിശദീകരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പുമുസ്ലിയാര്‍,ടി.പി.അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, എം.സി. മായിന്‍ഹാജി, സി.മുഹമ്മദ് ഫൈസി, പ്രഫ.എ.കെ. അബ്ദുല്‍ഹമീദ്, ഒ.അബ്ദുറഹ്മാന്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കരുവള്ളി മുഹമ്മദ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂര്, കെ.എം.എ. റഹീം, അബ്ദുറഹ്മാന്‍ പെരിങ്ങാടി, കെ.അബൂബക്കര്‍ മൗലവി, എസ്.ഖമറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
അവലംബം: മാധ്യമം ദിനപ്പത്രം (http://www.madhyamam.com/news/172273/120609)
|