|
തിങ്കള്‍, 04 ജൂണ്‍ 2012 06:23 |
|
കാസര്‍കോഡ്: ഇസ്‌ലാമിക പ്രബോധനവുമായി കേരളക്കരയിലെത്തിയ മാലിക് ദീനാര്‍ നിര്‍മിച്ച തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ 1411ാം വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. രണ്ടാം ഖലീഫയായ ഉമര്‍ ഫാറൂഖിന്റെ ഭരണകാലത്താണ് ഇസ്‌ലാമിക പ്രബോധനവുമായി മാലിക് ദീനാറും 22 അനുയായികളും കേരളത്തിലെത്തിയത്. കൊടുങ്ങല്ലൂരില്‍ പായക്കപ്പല്‍ ഇറങ്ങിയ സംഘം കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം പള്ളികള്‍ സ്ഥാപിച്ചുവെന്നാണു ചരിത്രം. ആദ്യ മസ്ജിദ് കൊടുങ്ങല്ലൂരിലാണ് സ്ഥാപിച്ചത്. പിന്നീട് മംഗലാപുരത്തിനടുത്ത ബാക്കൂര്‍, ധര്‍മടം, ഇച്ചിലങ്കോട്, ശ്രീകണ്ഠാപുരം, കൊയിലാണ്ടി, കൊല്ലം എന്നിവിടങ്ങളിലും പള്ളികള്‍ സ്ഥാപിച്ചു. ഹിജ്‌റ 22 റജബ് മാസം 13നാണ് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് സ്ഥാപിച്ചത്. ആദ്യ ഖാസിയായി മാലിക് ദീനാറിന്റെ പൗത്രന്‍ മാലിക് ഇബ്‌നു അഹ്മദ് ഇബ്‌നു മാലികിനെ നിയോഗിക്കുകയും ചെയ്തതായി പള്ളിയില്‍ എഴുതിവച്ച രേഖയില്‍ കാണുന്നു. മാലിക് ദീനാറുംസംഘവും മക്കയില്‍ നിന്നു വരുമ്പോള്‍ കൊണ്ടുവന്ന മാര്‍ബിള്‍ക്കല്ലു കൊണ്ടാണ് പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത്. ഇന്നലെ വൈകീട്ട് നടന്ന വാര്‍ഷികാഘോഷം സംയുക്ത ഖാസി ടി കെ എം ബാവ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മുസ്‌ല്യാര്‍ മുഖ്യാതിഥിയായിരുന്നു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
|