ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

റജബ് മാസവും ആരാധനകളും

ചോദ്യോത്തരം

ചോദ്യം: റജബ് മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതും അധികമായി നമസ്‌ക്കരിക്കുന്നതും ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നതും പ്രതിഫലാര്‍ഹമാണെന്ന് ചിലര്‍ പറയുന്നു. ചില ഹദീഥുകള്‍ തെളിവാക്കിയാണ് അവര്‍ ഇക്കാര്യം പറയുന്നത്. അത്തരം ഹദീഥുകള്‍ക്ക് വല്ല പ്രാമാണികതയുമുണ്ടോ? യഥാര്‍ഥത്തില്‍ റജബ് മാസത്തിന്റെ പ്രാധാന്യം എന്താണ്?
....................................................
പ്രിയ സഹോദരാ, താങ്കളുടെ ചോദ്യം പ്രസക്തമാണ്. അല്ലാഹു ചില പ്രത്യേക മാസങ്ങള്‍ക്കും കാലങ്ങള്‍ക്കും മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവയൊക്കെ പ്രാമാണികമായ ഹദീഥുകളാല്‍ സ്ഥിരപ്പെട്ടവയുമാണ്. എന്നാല്‍ റജബ് മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച വന്നിട്ടുള്ള ഹദീഥുകളുടെ പ്രാമാണികതയും പരിശോധിക്കേണ്ടതാണ്. പഠനത്തില്‍ നിന്ന് മനസ്സിലാവുന്നത് ആ ഹദീഥുകളിലധികവും ദുര്‍ബലമായവയോ കെട്ടിച്ചമക്കപ്പെട്ടവയോ ആണെന്നാണ്. അതേ സമയം ഇസ്‌റാഅ് മിഅ്‌റാജ്, തബൂക്ക് യുദ്ധം, കുരിശുയോദ്ധാക്കളില്‍നിന്നുള്ള മസ്ജിദുല്‍ അഖ്‌സയുടെ മോചനം തുടങ്ങിയ ധാരാളം ചരിത്രസംഭവങ്ങളും റജബ് മാസത്തില്‍ നടന്നിട്ടുണ്ട്.  അവയില്‍ നിന്ന് മുസ്്‌ലിംകള്‍ പാഠമുള്‍ക്കൊള്ളുകയും വേണം.
മറ്റു പുണ്യമാസങ്ങളുടെ അതേ പ്രാധാന്യം തന്നെയാണ് റജബിനുമുള്ളത്. അല്ലാഹു പറയുന്നു: 'അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ സംഖ്യ പന്ത്രണ്ടാകുന്നു.34 അതില്‍ നാലു മാസങ്ങള്‍ യുദ്ധം നിരോധിക്കപ്പെട്ടവയാണ്. ഇതാണ് ശരിയായ നിയമവ്യവസ്ഥ. അതിനാല്‍ ഈ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അതിക്രമം ചെയ്യാതിരിക്കുവിന്‍' (സൂറത്തുത്തൗബ: 36). ഖുര്‍ആന്റെ ഈ വിലക്കുള്ളതുകൊണ്ട് ജാഹിലിയ്യാ കാലഘട്ടത്ത് നാലുമാസങ്ങളിലും യാത്രക്കാര്‍ നിര്‍ഭയത്വം അനുഭവിച്ചിരുന്നു.
നബി(സ)യുടെ വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തിലും പുണ്യമാസങ്ങളെ പ്രതിപാദിക്കുന്നുണ്ട്.
റജബ് മാസത്തില്‍ സുന്നത്ത് നോമ്പനുഷ്ഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഹദീഥുകള്‍ വന്നിട്ടുണ്ട്. മുജീബത്തുല്‍ ബാഹിലിയ്യ എന്ന സ്ത്രീയുടെ പിതൃവ്യനോടോ പിതാവിനോടോ പ്രവാചകന്‍(സ) പറഞ്ഞതായി  അബൂദാവൂദ് ഉദ്ധരിക്കുന്നു:' പുണ്യമാസങ്ങളിലെ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും മറ്റുദിവസങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്യുക.' അദ്ദേഹം (പ്രവാചകന്‍(സ)) ഇത് 3 പ്രാവശ്യം ആവര്‍ത്തിച്ചു. ഓരോ പ്രാവശ്യവും തന്റെ മൂന്ന് വിരലും മടക്കിയും നിവര്‍ത്തിയുമാണ് അദ്ദേഹമിത് പറഞ്ഞത്. എന്നാല്‍ ഈ മാസങ്ങളില്‍ നോമ്പെടുക്കേണ്ട ദിവസങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കാനല്ല പ്രവാചകന്‍ അപ്രകാരം ചെയ്തത്. മറിച്ച്, നാല് പുണ്യമാസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് പറയാനായിരുന്നു.
മറ്റിതര പുണ്യമാസങ്ങളെ പോലെ തന്നെ, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നതും നോമ്പനുഷ്ഠിക്കുന്നതും റജബിലും പ്രതിഫലാര്‍ഹമാണ്. അതേ സമയം റജബ് മാസത്തിലെ നോമ്പനുഷ്ഠാനത്തിന് പ്രത്യേക പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പ്രാമാണികമായ ഹദീഥൊന്നും ഇല്ലെന്നാണ് ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ നിരീക്ഷണം.
റജബ് മാസത്തിലെ നോമ്പനുഷ്ഠാനത്തിന് പ്രത്യേക പ്രതിഫലമുണ്ടെന്ന് പറയുന്ന ദുര്‍ബല ഹദീഥുകളിലൊന്ന് ഇതാണ്: ' സ്വര്‍ഗ്ഗത്തില്‍ റജബ് എന്ന പേരില്‍ ഒരു നദിയുണ്ട്. അതിന്റെ വെള്ളത്തിന് പാലിനേക്കാള്‍ ശുഭ്രതയും, തേനിനേക്കാള്‍ മാധുര്യവുമുണ്ട്. റജബ് മാസത്തിന് നോമ്പ് നോല്‍ക്കുന്നവന്‍ ഒരു മാസം മൊത്തം നോമ്പനുഷ്ഠിച്ചവനെപ്പോലെയാണ്. അതിലെ ഏഴ് ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നവന് നരകത്തിലെ 7 വാതിലുകളില്‍ നിന്ന് വിടുതി ലഭിക്കും. അതിലെ 8 ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നവന് സ്വര്‍ഗ്ഗത്തിലെ 8 വാതിലുകള്‍ തുറക്കപ്പെടും. അതിലെ 10 ദിവസങ്ങളില്‍  നോമ്പനുഷ്ഠിക്കുന്നവന്റെ ദുഷ്‌കര്‍മ്മങ്ങളെല്ലാം സല്‍ക്കര്‍മ്മമായി രേഖപ്പെടുത്തപ്പെടും'.
റജബ് അല്ലാഹുവിന്റെ മാസമാണ്, ശഅ്ബാന്‍ എന്റെ മാസമാണ്, റമദാന്‍ എന്റെ ഉമ്മത്തിന്റെ മാസമാണ് എന്നിങ്ങനെ വിവരിക്കുന്ന ഹദീസും കെട്ടിച്ചമച്ചതാണ്. അസ്സൂയൂത്തി തന്റെ അല്‍ ജാമിഅുല്‍ കബീറില്‍  ഈ ഹദീസിനെക്കുറിച്ച് പറഞ്ഞു: അബുല്‍ ഫത്ഹ് ഇബ്‌നു അബുല്‍ ഫവാരിസ് തന്റെ ഗ്രന്ഥത്തില്‍ 'മുര്‍സലാ'യി (ഹദീസ് നിവേദന പരമ്പരയില്‍ പ്രവാചകന്‍(സ)ക്കും ത്വാബിഉക്കുമിടയില്‍ ഒരു സ്വഹാബി വിട്ടുപോയ ഹദീസ്) നിവേദനം ചെയ്തിട്ടുള്ള ഹദീസാണിത്. റജബില്‍ പ്രത്യേക നമസ്‌ക്കാരങ്ങള്‍ നമസ്‌ക്കരിക്കുന്നത് പ്രതിഫലാര്‍ഹമാണെന്ന് പറയുന്ന് ഹദീസും കെട്ടിച്ചമക്കപ്പെട്ടപ്പെട്ടതാണ്.
അതിനാല്‍ തന്നെ മുന്‍കാല പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സുക്ഷമത പുലര്‍ത്തി. റജബ് മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നതിനെ വിലക്കികൊണ്ടുള്ള ഹദീസുകള്‍ പ്രതിപാദിക്കാനായി മാത്രം ഇബ്‌നുഹജര്‍ ഒരു അദ്ധ്യായം തന്നെ തന്റെ ഗ്രന്ഥത്തില്‍ മാറ്റിവെച്ചിരിക്കുന്നു. അതിന്റെ അവസാനത്തില്‍ അദ്ദേഹം പറയുന്നു: ' ഈ വിലക്ക് ജാഹിലിയ്യാ കാലത്തെ ആചാരങ്ങളനുസരിച്ച്  ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്ന ആള്‍ക്കാണ് ബാധകം. മറിച്ച് ഒരാള്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രം ഈ മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയോ രാത്രി നമസ്‌ക്കാരങ്ങള്‍ നിര്‍വഹിക്കുകയോ ചെയ്യുന്നതിന് കുഴപ്പമില്ല.'
റജബ് മാസത്തിലെ നോമ്പ് മറ്റു മാസങ്ങളിലെ നോമ്പിനേക്കാള്‍ പ്രതിഫലാര്‍ഹമാണെന്ന് കരുതി നോമ്പനുഷ്ഠിക്കുന്നവരുമുണ്ട്. ഇബ്‌നുഹജര്‍ ഇത് അനുവദനീയമല്ലെന്ന അഭിപ്രായക്കാരനാണ്.
' അല്‍ ബിദാ വല്‍ ഹവാദിസ്'  എന്ന ഗ്രന്ഥത്തില്‍ അബൂബക്കര്‍ അത്തര്‍ത്തൂശി  പറയുന്നതായിട്ട് ഇബ്‌നു ഹജര്‍ ഉദ്ധരിക്കുന്നു: ' താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ കരുതി റജബില്‍ നോമ്പനുഷ്ഠിക്കുന്നത് അനുവദനീയമല്ല. ഒന്ന്, റജബിലെ നോമ്പനുഷ്ഠാനം റമദാനിലേത് പോലെ നിര്‍ബന്ധമാണ്. രണ്ട്, അത് സുന്നത്ത് പ്രകാരം നിയമാനുസൃതമാണ്. മൂന്ന്, അത് മറ്റ് മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍ പ്രതിഫലാര്‍ഹമാണ്. ഇവയില്‍ ഏതെങ്കിലുമൊന്ന് ശരിയായിരുന്നുവെങ്കില്‍ പ്രവാചകന്‍(സ) അത് പറയുമായിരുന്നു. ഇതില്‍ ഇബ്‌നുദിഹ് യയുടെ അഭിപ്രായം ഇങ്ങനെ: പൊതുവേ നോമ്പ് നോല്‍ക്കുന്നത് സല്‍ക്കര്‍മ്മമാണ്. എന്നാല്‍ അതിന് പ്രത്യേക പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന് കരുതി റജബില്‍ മാത്രം നോമ്പുനോല്‍ക്കുന്നത് അനുവദനീയമല്ല.'
റജബിലെ ആദ്യ വെള്ളിയാഴ്ചയില്‍ ചില ആളുകള്‍ പ്രത്യേകിച്ച്, സ്ത്രീകള്‍ ഖബര്‍ സന്ദര്‍ശനം നടത്തുന്നതിന് ശരീഅത്തിന്റെ പിന്‍ബലമില്ല.

അവലംബം: ഓണ്‍ ഇസ് ലാം ഡോട്ട് നെറ്റ്‌

 

Add comment


Scroll to Top