ഈ സൈറ്റിനെ പിന്തുടരൂ..

ഖനിജങ്ങളുടെയും നിധിയുടെയും സകാത്ത്

ഖനിജം

സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം, പെട്രോളിയം, ഗന്ധകം, മെര്‍ക്കുറി, ഗോമേദകം, മരതകം, വൈഡൂര്യം, രത്നം തുടങ്ങി ഭൂമിയില്‍നിന്ന് കുഴിച്ചെടുക്കുന്ന വസ്തുക്കളാണ് ഖനിജങ്ങള്‍.

ഖനിജങ്ങളില്‍ വെള്ളിക്കും സ്വര്‍ണത്തിനും അതിന്റെ നടേപറഞ്ഞ അളവനുസരിച്ചാണ് സകാത്ത് നിര്‍ബന്ധമാവുക. മറ്റുവസ്തുക്കള്‍ക്ക് സകാത്ത് നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായാന്തരമുണ്ട്. ഇമാം ശാഫിയുടെ പക്ഷം അവയ്ക്ക് സകാത്തില്ല എന്നാണ്. ഇമാം അഹ്മദും ഇമാം അബൂഹനീഫയും അത്തരം വസ്തുക്കള്‍ക്കും സകാത്തു നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നു.

 

നിധി

സ്വര്‍ണം, വെള്ളി തുടങ്ങി മുമ്പെന്നോ ആരെങ്കിലും കുഴിച്ചിട്ടതും അധ്വാനിച്ച് സമ്പാദിച്ചതല്ലാതെ കിളച്ചുകിട്ടുന്നതുമായ വസ്തുവാണ് നിധി. നിധിയുടെ അഞ്ചിലൊന്ന് ബൈതുല്‍മാലില്‍ ഒടുക്കണം. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.

(നിധിയില്‍ അഞ്ചിലൊന്നുണ്ട്.) സകാത്ത് നിര്‍ബന്ധമാവുന്നവരാരോ അവര്‍ക്കു തന്നെയാണ് അഞ്ചിലൊന്ന് നിര്‍ബന്ധമാവുക. സകാത്തിന് അര്‍ഹരായവര്‍ക്കാണ് അത് നല്‍കേണ്ടത്.

 

കടല്‍സമ്പത്ത്

മുത്ത്, അംബര്‍ മുതലായ കടല്‍സമ്പത്തിന് സകാത്തില്ലെന്നാണ് മുന്‍കാല പണ്ഡിതരില്‍ ഭൂരിപക്ഷത്തിന്റെയും

അഭിപ്രായം. ഉണ്ടെന്ന അഭിപ്രായക്കാരുമുണ്ട്. ഇക്കാലത്ത് വ്യാപാരാടിസ്ഥാനത്തില്‍ വന്‍തോതില്‍ മത്സ്യബന്ധനവും

മുത്തുവാരലുമെല്ലാം നടന്നുവരുന്നുണ്ട്ല്ലോ. മറ്റിനം സമ്പത്തുകളെപ്പോലെ അവക്കും സകാത്തുണ്ടെന്നാണ് പ്രാമാണികരായ ആധുനികപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.

 
Scroll to Top