സാമൂഹികം

മാനവസമൂഹത്തിന്റെ ഏകതയാണ് ഇസ്ലാമിലെ മനുഷ്യസങ്കല്‍പങ്ങളുടെ അടിസ്ഥാനം. നാമാരും ഇവിടെ ജനിച്ചത് സ്വേഛാപ്രകാരമല്ല. നമ്മുടെ വീടും നാടും ദേശവും ഭാഷയും കാലവും കോലവും വര്‍ഗവും വര്‍ണവും ലിംഗവും ജാതിയും കുലവും കുടുംബവുമൊന്നും നിശ്ചയിച്ചത് നാമല്ല. അവയൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമാണ്. എല്ലാം ദൈവഹിതമനുസരിച്ചു നടക്കുന്നു. അതിനാല്‍ അവയൊന്നും മാന്യതയുടെയോ നിന്ദ്യതയുടെയോ മഹത്വത്തിന്റെയോ പതിത്വത്തിന്റെയോ മാനദണ്ഡങ്ങളകാവതല്ല. അവയുടെ പേരിലുള്ള തരംതിരിവ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷവിധിക്കലാണ്; അനര്‍ഹമായ ആദരവ് അടിച്ചേല്‍പ്പിക്കലും.

 

ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്. ഒരേ സത്തയില്‍നിന്ന് ജന്മമെടുത്തവരാണ്. ഒരേ മാതാപിതാക്കളുടെ മക്കളാണ്. എല്ലാവരും ശ്വസിക്കുന്നത് ഒരേ ദൈവത്തിന്റെ വായുവാണ്. കുടിക്കുന്നത് അവന്റെ വെള്ളവും. എല്ലാവരും ഒരേ സൂര്യനു കീഴെ കഴിയുന്നു. ഒരേ ഭൂമിയില്‍ വസിക്കുന്നു. അതിനാല്‍ സര്‍വരും സമന്മാരാണ്. മഹത്വം ജന്മസിദ്ധമല്ല; കര്‍മസിദ്ധമാണ്. അല്ലാഹു പറയുന്നു: "ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തിയുളളവരാകുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. (4: 1) മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷമതയുള്ളവനുമാകുന്നു. (49: 13)

 

പ്രവാചകന്‍ പ്രഖ്യാപിച്ചു: മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഒന്നാണ്. എല്ലാവരുടെയും പിതാവും ഒരാള്‍തന്നെ. എല്ലാവരും ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബികള്‍ക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ഒരു ശ്രേഷ്ഠതയുമില്ല. ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. (മുസ്ലിം, അബൂദാവൂദ്)

 
Scroll to Top