ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

നാടകം

മലയാള നാടകവേദിയില്‍ മൌലികമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാ സമ്പന്നനാണ് കെ.ടി. മുഹമ്മദ്. അദ്ദേഹത്തിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകം സാമുദായിക പരിഷ്കരണ രംഗത്ത് ബഷീര്‍ കൃതികളെപ്പോലെ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'കാഫറും' സാമുദായിക പ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. കറവറ്റ പശു, സൃഷ്ടി സ്ഥിതി സംഹാരം, കടല്‍പ്പാലം, അഛനും ബാപ്പയും തുടങ്ങി നിരവധി നാടകങ്ങളിലൂടെ അദ്ദേഹം വ്യത്യസ്തമായ സാമൂഹ്യ പ്രമേയങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിച്ചു. പരീക്ഷണാത്മക സങ്കേതങ്ങളിലൂടെ വേദിയില്‍ മാറ്റങ്ങള്‍ വരുത്തി. 'മുടിനാരേഴായ്കീറീട്ട്..' തുടങ്ങിയ ഗാനങ്ങള്‍ ഒരു ഗാന രചയിതാവെന്ന നിലയിലും കെ.ടി യുടെ പ്രതിഭ പ്രസരിപ്പിക്കുന്നു. ലോക കഥാമത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ 'കണ്ണുകള്‍' എന്ന ചെറുകഥ, ആ രംഗത്തും കെ.ടി യുടെ കഴിവ് വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമി, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ ചെയര്‍മാനായിരുന്നു. പിന്നാലെ വന്ന നാടക രചയിതാക്കളില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായ കെ.ടി. ഏതാനും സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

 

വമ്പത്തി നീയാണ് പെണ്ണ്, എളാമ എന്നീ നാടകങ്ങളെഴുതിയ മുഹമ്മദ് നഹാരിയും ആദ്യത്തെ മുസ്ലിം സാമൂഹ്യനാടകമായി അറിയപ്പെടുന്ന തറവാടും മടിശ്ശീലയും, ഹിന്ദു മുസ്ലിം ലഹള തുടങ്ങിയ കൃതികള്‍ രചിച്ച പി.എന്‍.എം. ആലിക്കോയയും 'മരുപ്പച്ച' രചിച്ച എം.സി. അബദുല്ലക്കോയയും ഓര്‍മിക്കപ്പെടേണ്ട നാടകകൃത്തുക്കളാണ്.

 

അകാല ചരമം പ്രാപിച്ച പി.എം. താജ് മലയാളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളിലൊരാളാണ്. അദ്ദേഹത്തിന്റെ കനലാട്ടം, രാവുണ്ണി, കുടുക്ക്, തലസ്ഥാനത്തുനിന്നും വാര്‍ത്തകളില്ല തുടങ്ങിയ നാടകങ്ങള്‍ പുതിയൊരു നാടകാവബോധം കരുപ്പിടിപ്പിക്കാന്‍ സഹായകമായി. അഗോളവത്കരണം സൃഷ്ടിക്കുന്ന കടക്കെണിയിലേക്ക് പതിറ്റാണ്ടുകള്‍ മുമ്പേ വിരല്‍ ചൂണ്ടിയ 'രാവുണ്ണി' ഇതില്‍ ശ്രദ്ധേയമാണ്.

 

'കണ്ടംബെച്ച കോട്ട്' എന്ന നാടകത്തിലൂടെ മലയാളിമനസ്സില്‍ സ്ഥിരപ്രതിഷ്ഠനേടിയ ടി. മുഹമ്മദ് യൂസുഫ് നാല്‍പ്പതുകളില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സ്വാഹിബ്, എ.കെ.ജി, ഇ.എം.എസ് എന്നീ നേതാക്കളോടൊപ്പം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച ഉല്‍പ്പതിഷ്ണുവായിരുന്നു. കൊച്ചിയില്‍ ഒരു ആംഗ്ളോഇന്ത്യന്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കോഴിക്കോട്ടെ താമസത്തിനിടയില്‍ മുസ്ലിം ജീവിതവും ഇസ്ലാമിക പ്രമാണങ്ങളും മനസ്സിലാക്കി ഇസ്ലാം സ്വീകരിക്കുകയായിരുന്നു. അങ്ങനെ ജെറോം, മുഹമ്മദ് യൂസുഫായി. 1934ല്‍ തന്നെ അദ്ദേഹം സുബൈദ എന്ന സാമുദായിക നാടകം എഴുതി. സ്വതന്ത്ര പതാക, സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍, യുദ്ധ വിരോധി, പണിമുടക്കം, രാജ്യദ്രോഹം, വിരിയാത്ത പൂമൊട്ട്, അറക്കല്‍ ബീവി തുടങ്ങിയവയാണ് മറ്റു നാടകങ്ങള്‍. നാടക രചനയുടെ പേരില്‍ അദ്ദേഹത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു.

 

അമ്പതുകളില്‍ മലബാറിലുടനീളം ജനശ്രദ്ധയാകര്‍ഷിച്ച നാടകമായിരുന്നു ഇ.കെ. അയമുവിന്റെ 'ജ്ജ് നല്ല മനുസനാകാന്‍ നോക്ക്.' 1973ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ചാവേര്‍പ്പട' രചിച്ച അസീസ് നല്ലൊരു ചലച്ചിത്ര സംവിധായകന്‍ കൂടിയാണ്. ഞാവല്‍പ്പഴങ്ങള്‍, അവള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

 

ദേശീയവും പ്രാദേശികവുമായ പല പുരസ്കാരങ്ങളും നേടിയ നാടകകൃത്താണ് ഇബ്റാഹീം വെങ്ങര. ഉപഹാരം, മേടപ്പത്ത് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ആകാശവാണി നാടകമത്സരത്തില്‍ ഒന്നിലേറെ തവണ സമ്മാനം നേടിയ അദ്ദേഹം നടനും സംവിധായകനും കൂടിയാണ്. നാടകകൃത്തും സംവിധായകനും കൂടിയായ പി.എ.എം. ഹനീഫ് അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ നെ•ണികള്‍, മണി, ദ ഗോഡ് എന്നീ നാടകങ്ങളുടെ രചയിതാവാണ്.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 
Scroll to Top