- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
നോവല്‍, കഥ |
|
ഹി. 1287 ല്‍ തലശ്ശേരിയിലെ മാഹിന്‍ അലിയുടെ മകന്‍ മുഹ്യുദ്ദീന്‍ പരിഭാഷപ്പെടുത്തിയ ചാര്‍ ദര്‍വേശ് ആണ് കേരളത്തിലെ ആദ്യനോവല്‍ എന്ന് മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അമീര്‍ ഖുസ്രുവിന്റെ രചനയാണത്. അറബിമലയാളത്തില്‍ നാലു ഭാഗങ്ങളിലായിട്ടാണത് പ്രസിദ്ധീകരിച്ചിരുന്നത്.
വടകരക്കാരന്‍ കെ.കെ.എം. ജമാലുദ്ദീന്‍ മൌലവി കേരളീയ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് സൈനബ. അതിന്റെ കൈയെഴുത്തു പ്രതി അദ്ദേഹത്തിന്റെ മകന്‍ ഐ. കുഞ്ഞബ്ദുല്ലയുടെ കൈവശമുണ്ട്. അറബി മലയാളത്തിലെഴുതപ്പെട്ട ഈ കൃതി മലയാളത്തില്‍ ലിപ്യാന്തരം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1932 ഏപ്രില്‍ അവസാനത്തെ ഞായറാഴ്ചയോടുകൂടിയാണ് നോവല്‍ ആരംഭിക്കുന്നതെങ്കിലും നോവല്‍ എഴുതപ്പെട്ടത് എന്നാണെന്ന് കൃത്യമായി പറയാന്‍ വയ്യ. ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും വാഗ്മിയുമായിരുന്ന നോവലിസ്റ് മതപരിഷ്കരണ പരമായ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനബ രചിച്ചിട്ടുള്ളത്.
സര്‍വമത സമ്മേളനത്തില്‍ പ്രസംഗിക്കാമെന്നേറ്റ പണ്ഡിതന്‍ വരാതിരുന്നതിനെത്തുടര്‍ന്ന് ഇസ്ലാമിനെക്കുറിച്ച് പ്രസംഗിക്കാന്‍ വേദിയില്‍ കയറിയ എസ്.പി. അബ്ദുല്‍ കരീം എന്ന സുന്ദരനായ യുവാവിന്റെ വാഗ്ധോരണിയില്‍ ആകൃഷ്ടയായ നായിക സൈനബ അയാളില്‍ അനുരക്തയാകുന്നതാണ് നോവലിന്റെ ഇതിവൃത്തം. നായികാ നായകന്‍മാര്‍ തമ്മിലുള്ള കത്തിടപാടുകളിലൂടെ അവര്‍ തമ്മിലുള്ള പ്രണയബന്ധം വളരുന്നു. സമുദായത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചുള്ള സൈനബയുടെ തെറ്റുധാരണകള്‍ കത്തുകളിലൂടെ നീക്കുകയാണ് അബ്ദുല്‍ കരീം. ജമാലുദ്ദീന്‍ മൌലവിയുടെ മറ്റൊരു കൃതിയാണ് ഖിള്ര്‍ നബിയെ കണ്ട നഫീസ.
1953ല്‍ പ്രസിദ്ധീകൃതമായ എം. അഹ്മദ് കണ്ണിന്റെ കുമാരി സഫിയ എന്ന നോവലും സമുദായ പരിഷ്കരണം ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഭാഷയിലോ പ്രതിപാദനത്തിലോ അന്നത്തെ സാമുദായിക ജീവിതം തെളിഞ്ഞു കാണുന്നില്ലെന്നത് ഇത്തരം കൃതികളുടെ ഒരു ന്യൂനതയാണ്.
1950 കളില്‍ കുഷുണ്ടയും കുന്തിരിയും എന്ന പേരില്‍ ഒരു കഥാ പുസ്തകം മുജാഹിദ് പണ്ഡിതനായ ടി.കെ. അബ്ദുല്ലാ മൌലവി (അബൂ ഉബൈദ്) പ്രസിദ്ധീകരിച്ചിരുന്നു. കണ്ണീരും പുഞ്ചിരിയും എന്ന പേരില്‍ കെ.ബി.കെ. മുഹമ്മദ് ഒരു നാടകവും പ്രസിദ്ധീകരിച്ചു. ഈ രണ്ട് കൃതികളും സമുദായത്തില്‍ പരിഷ്കരണ പരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1944 ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി പ്രസിദ്ധീകരിച്ചതോടെയാണ് സര്‍ഗസമ്പന്നനായ ഒരു മുസ്ലിം സാഹിത്യകാരന്റെ സാന്നിധ്യം ആദ്യമായി മലയാള ഭാഷ അറിഞ്ഞത്. മലയാണ്മ കണ്ടതില്‍ ഏറ്റവും സര്‍ഗധനനായ എഴുത്തുകാരിലൊരാളുടെ ആത്മ മുദ്ര പതിഞ്ഞ ആ നോവല്‍ അതുവരെ ഭാഷാ സാഹിത്യത്തില്‍ മറഞ്ഞു കിടന്ന ഒരു സമുദായ ഖണ്ഡത്തെ വെളിപ്പെടുത്തി. മലയാള സാഹിത്യത്തിന് അന്നോളം അന്യമായിരുന്ന ഒരു ജനവിഭാഗത്തിന്റെ വാമൊഴിയും ആചാരാനാചാരങ്ങളും വിശ്വാസങ്ങളും ആത്മാവുതന്നെയും ആദ്യമായി അനാവൃതമാവുകയായിരുന്നു. മജീദും സുഹ്റയും തമ്മിലുള്ള ദുരന്ത പര്യവസായിയായ പ്രണയകഥയുടെ ആഖ്യാനത്തിലൂടെ, സ്വന്തം സമുദായത്തിന്റെ ദയനീയാവസ്ഥയില്‍ അസ്വസ്ഥനായ ഒരെഴുത്തുകാരന്റെ സ്പന്ദനങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നത്. മുസ്ലിംകളുടെ സുന്നത്ത് കല്യാണം, കാത്കുത്ത്, വിദ്യാഭ്യാസത്തോടുള്ള വൈമുഖ്യം, സമ്പന്നരുടെ സഹാനുഭൂതിയില്ലായ്മ, ദാരിദ്യ്രം ഇതെല്ലാം ബാല്യകാല സഖിയില്‍നിന്ന് അനുഭവിച്ചറിയാം.
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന കൃതിയില്‍ ബഷീറിലെ സാമൂഹ്യ പരിഷ്കര്‍ത്താവ് മറനീക്കി പുറത്തുവന്നു. മുസ്ലിം മിത്തുകളും അന്ധവിശ്വാസങ്ങളും നര്‍മരസത്തോടെ അദ്ദേഹം ആവിഷ്കരിക്കുന്നു. കുഞ്ഞിപ്പാത്തുമ്മ എന്ന നിഷ്കളങ്കയായ മാപ്പിളപ്പെണ്ണും അവളുടെ ഉമ്മ, ആനമക്കാരുടെ പുന്നാരമോളുടെ പുന്നാരമോളായ കുഞ്ഞുത്താച്ചുമ്മയും മലയാള നോവല്‍ സാഹിത്യത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളാണ്.
1937 ല്‍ ഇരുപത്തേഴാം വയസ്സില്‍ കഥാ രചന ആരംഭിച്ച ബഷീറിന്റെ ആദ്യ കഥാസമാഹാരം പ്രേമലേഖനം ആണ്. അനല്‍ ഹഖ്, പൂവമ്പഴം തുടങ്ങിയ അദ്ദേഹത്തിന്റെ പല കഥകളും പ്രശസ്തമാണ്. ആത്മകഥാംശമുള്ള 'പാത്തുമ്മയുടെ ആട്' ബഷീറിന്റെ സര്‍ഗാത്മകത നിറഞ്ഞുനില്‍ക്കുന്ന നോവലാണ്. സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ശബ്ദങ്ങള്‍, ശിങ്കിടി മുങ്കന്‍, ഓര്‍മയുടെ അറകള്‍, മാന്ത്രികപ്പൂച്ച തുടങ്ങിയ ബഷീറിന്റെ ഓരോ കൃതിയും അനന്യസാധാരണമായ സര്‍ഗവൈഭവം കൊണ്ട് മലയാളി മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്. കേന്ദ്രകേരള സാഹിത്യ അക്കാദമികളുടെ ഫെല്ലോഷിപ്പും കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റും മറ്റു പല പുരസ്കാരങ്ങളും നേടിയ ബഷീറിന്റെ കൃതികള്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആ മൌലിക പ്രതിഭയെക്കുറിച്ച് പത്തിലേറെ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ബഷീര്‍സാഹിത്യത്തിലെ പല പ്രയോഗങ്ങളും കഥാപാത്രങ്ങളും സാധാരണ ജനങ്ങളുടെ ഭാഷാ വിനിമയങ്ങളില്‍ കടന്നുവന്നുവെന്നത് ആ മഹാനായ കലാകാരന്റെ ജനസമ്മിതിക്ക് തെളിവാണ്.
ലോകപ്രശസ്ത സാഹിത്യകാരിയായ കമലാ സുറയ്യ 2002 ലെ എഴുത്തഛന്‍ പുരസ്കാരം നേടിയ പ്രതിഭയാണ്. കമലദാസ് എന്ന പേരില്‍ അവര്‍ ഇംഗ്ളീഷിലെഴുതിയ കവിതകളും മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലെഴുതിയ കഥകളും സ്ത്രീമനസ്സിന്റെ അതേവരെ ആവൃതമാവാതിരുന്ന ഗൂഢസ്ഥലികളിലേക്ക് പ്രകാശം പ്രസരിപ്പിച്ചു. അന്യാദൃശമായ ഭാവനയും ഹൃദയ ദ്രവീകരണക്ഷമമായ ആഖ്യാനരീതിയും അവയെ മൌലികപ്രധാനമാക്കുന്നു. ഇസ്ലാം ആശ്ളേഷിച്ചതിനുശേഷം കമലാ സുറയ്യ എന്ന പേര് സ്വീകരിച്ച ഈ എഴുത്തുകാരി പിന്നീടെഴുതിയ കവിതകള്‍ അവയുടെ ഭക്തി സാന്ദ്രതകൊണ്ട് ഹൃദയാവര്‍ജകമാണ്. എന്റെ കഥ, നീര്‍മാതളം പൂത്ത കാലം, ബാല്യകാല സ്മരണകള്‍, ചന്ദനമരങ്ങള്‍ തുടങ്ങിയവയെല്ലാം അവരുടെ ഇസ്ലാമാശ്ളേഷണത്തിനുമുമ്പ് രചിച്ചവയാണ്. യാ അല്ലാഹ്, സസ്നേഹം, കമലാ സുറയ്യ പാടുമ്പോള്‍ തുടങ്ങിയവയാണ് ഇസ്ലാമാശ്ളേഷാനന്തരം രചിച്ച കൃതികളില്‍ പ്രധാനപ്പെട്ടവ.
ബശീറിന്റെ തൊട്ടതലമുറയിലെ സര്‍ഗസമ്പന്നനായ നോവലിസ്റാണ് പി.എ. മുഹമ്മദ് കോയ. 'സുല്‍ത്താന്‍ വീട്' എന്ന ബൃഹത്തായ നോവലില്‍ കോഴിക്കോട്ടെ മുസ്ലിം വീടുകളിലെ കുടുംബജീവിതമാണദ്ദേഹം പകര്‍ത്തിവെക്കുന്നത്. ഒരു മുറിയില്‍നിന്ന് ബിരിയാണി ഗന്ധം പരക്കുമ്പോള്‍ അടുത്ത മുറിയില്‍ ഒരു കുടുംബം പട്ടിണി കിടക്കുകയാവും. ഇവിടെ 'സുല്‍ത്താന്‍ വീട്' ഒരു സമുദായത്തിന്റെത്തന്നെ പ്രതീകമാകുന്നു. സ്വാതന്ത്യ്രപൂര്‍വ ചരിത്രഘട്ടത്തിലൂടെ വളരുന്ന നോവല്‍ ഒരു കാലഘട്ടത്തിന്റെ വികാസപരിണാമങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. ഈ നോവലിലെ കൌജേയിത്താത്ത കരുത്തുറ്റ കഥാ പാത്രമാണ്.
അറബിക്കല്യാണത്തിന്റെ ദുരന്തം ചിത്രീകരിക്കുന്ന 'സുറുമയിട്ട കണ്ണുകളാണ്' പി.എ യുടെ മറ്റൊരു പ്രസിദ്ധ നോവല്‍. ഇതിലൂടെ ഒരു അറബികഥാപാത്രത്തെ ആദ്യമായി മലയാള നോവലില്‍ അവതരിപ്പിക്കുകയായിരുന്നു. മലയാളത്തില്‍ സ്പോര്‍ട്സ് ജേര്‍ണലിസത്തിനു തുടക്കം കുറിച്ചത് 'മുശ്താഖ്' എന്ന തൂലികാനാമത്തില്‍ പി. എ. എഴുതിയ ലേഖനങ്ങളായിരുന്നു. സ്പോര്‍ട്സ്മാന്‍ എന്ന മാസികയും അദ്ദേഹം നടത്തി. പ്രഗത്ഭ കമന്റേറ്റര്‍ കൂടിയായിരുന്നു അദ്ദേഹം. കളിക്കാരെയും കളിയെഴുത്തുകാരെയും പ്രോത്സാഹിപ്പിച്ച് കളിയെഴുത്തിന്റെ കുലപതിയായി. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെയും ദേശാഭിമാനിയുടെയും പത്രാധിപര്‍ എന്ന നിലയില്‍ പുതിയ എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു. ഭാഷാപദങ്ങളുടെ നിഷ്പത്തി തേടി അദ്ദേഹം നടത്തിയ ഗവേഷണങ്ങളും ഏറെ വിലമതിക്കപ്പെടുന്നവയാണ്.
അനുഗ്രഹീതനായ മറ്റൊരു നോവലിസ്റും കഥാകൃത്തുമാണ് പള്ളിക്കര വി,.പി. മുഹമ്മദ്, അദ്ദേഹം രചിച്ച 'തേന്‍തുള്ളി'യില്‍ വടക്കേ മലബാറിന്റെ പരിഛേദങ്ങള്‍ കാണാം. 'പിട'യില്‍ ലക്ഷദ്വീപ് നിവാസികളുടെ വിചിത്രമായ പല ആചാരങ്ങളും ചിത്രീകരിക്കുന്നു. നാടകങ്ങളും(ചുഴി, ഉല്‍പത്തി), ജീവചരിത്രവും (വ്യക്തിയിലെ വ്യക്തി, നെപ്പോളിയന്റെ കഥ) ഉള്‍പ്പെടെ വിവിധ ശാഖകളില്‍ രചന നടത്തിയ ഈ ഗ്രന്ഥകാരന്റെ 'കുഞ്ഞായന്റെ കുസൃതികള്‍' എന്ന ബാല സാഹിത്യ കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ചലച്ചിത്ര സംവിധായകനും (ഉല്‍പത്തി, കത്തി, എയ്ഡ്സ്) വാഗ്മിയുമായിരുന്ന വി.പി രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു.
ചെറുകഥാകൃത്തും നോവലിസ്റും ഉപന്യാസകാരനുമായ എന്‍.പി. മുഹമ്മദ് വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരനാണ്. വളരെ ചെറുപ്പത്തിലേ അദ്ദേഹം എഴുതിത്തുടങ്ങി. ആദ്യകൃതിയായ 'തൊപ്പിയും തട്ടവും' എന്ന സമാഹാരം മദിരാശി ഗവണ്‍മെന്റിന്റെ അവാര്‍ഡുനേടി. 'പ്രസിഡന്റിന്റെ ആദ്യത്തെ മരണം' എന്ന സമാഹാരവും 'എണ്ണപ്പാടം' എന്ന നോവലും കേരളാ സാഹിത്യ അക്കാദമിയുടെയും 'ദൈവത്തിന്റെ കണ്ണ്' എന്ന നോവല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ നേടി. എന്‍.പിയുടെ ആദ്യത്തെ നോവലായ 'മരം' മുസ്ലിം സമുദായത്തിലെ ഇടക്കല്യാണത്തിന്റെ ദുരന്തം സരസമായി ചിത്രീകരിക്കുന്നു. കോഴിക്കോട്ടെ 'എണ്ണപ്പാടം' എന്ന പ്രദേശത്തിലെ മുസ്ലിം ജീവിതത്തിന്റെ ആവിഷ്കാരമാണ് എണ്ണപ്പാടം. സ്ത്രീ കേന്ദ്രീകൃതമായ ഒരു സാമൂഹിക ഘടനയാണ് 'എണ്ണപ്പാട'ത്തിന്റേത്. ഇവരുടെ വാമൊഴിയും ചേഷ്ടകളും ചലച്ചിത്രത്തിലെന്നോണം രസകരമായി നോവലില്‍ പ്രതിഫലിപ്പിക്കുന്നു. 'ദൈവത്തിന്റെ കണ്ണ്' എന്ന കൃതി കുറേക്കൂടി സങ്കീര്‍ണമാണ്. പരിസ്ഥിതി പ്രശ്നമാണ് ഇതിലെ പ്രമേയം. 'ഹിരണ്യകശിപു'വില്‍ ആ പുരാണ കഥാപാത്രത്തെ കേരള രാഷ്ട്രീയ കാലാവസ്ഥയിലേക്ക് പറിച്ചു നട്ടുകൊണ്ട് അധികാരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. എന്‍.പിയും എം.ടി. വാസുദേവന്‍ നായരും ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്' എന്ന നോവലില്‍, ഒരു കാലത്ത് കോഴിക്കോട് നഗരത്തില്‍ നടന്നിരുന്ന പൊന്നു കച്ചവടത്തിന്റെയും അതില്‍പ്പെട്ട് നട്ടം തിരിയുന്ന സാധാരണക്കാരുടെയും കഥ പറയുന്നു. സങ്കേതത്തിലും ഘടനയിലും ശൈലിയിലും തന്റെ ഓരോ കഥയും വ്യത്യസ്തമായിരിക്കുവാന്‍ ശ്രദ്ധിച്ച കഥാകൃത്താണ് എന്‍.പി. മുഹമ്മദ്. നല്ലൊരു വായനക്കാരനും ചിന്തകനുമായിരുന്ന അദ്ദേഹം സമകാലീന സമൂഹത്തെക്കുറിച്ച് ഗഹനമായ ലേഖനങ്ങളെഴുതിയിരുന്നു(ഉദാ: പുകക്കുഴലും സരസ്വതിയും). 'നാവുമുറിഞ്ഞ കിളി', 'അവര്‍ നാലുപേര്‍' തുടങ്ങിയ ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ബോസ്നിയന്‍ പ്രസിഡന്റായിരുന്ന അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ കൃതി 'ഇസ്ലാം രാജമാര്‍ഗം' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് എന്‍.പിയാണ്.
മലയാളത്തിലെ മികച്ച നോവലുകളിലൊന്നായ സ്മാരകശിലകളുടെ രചയിതാവാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല. കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരളസാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങള്‍ നേടിയ ഈ കൃതി ഒരു കാലഘട്ടത്തിന്റെ സ്വപ്നസദൃശമായ ജീവിതമാണ് കോറിയിടുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രമായ ഖാന്‍ ബഹദൂര്‍ ആറ്റക്കോയതങ്ങള്‍ എല്ലാ ശക്തിദൌര്‍ഭല്യങ്ങളോടെയും മായാതെ നില്‍ക്കുന്നു. പൂക്കുഞ്ഞി, കുഞ്ഞാലി, പട്ടാളം ഇബ്രായി തുടങ്ങി ജീവനുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ 'സ്മാരകശിലകളി'ലുണ്ട്. വിശ്വദീപം അവാര്‍ഡുനേടിയ 'മരുന്നാ'ണ് കുഞ്ഞബ്ദുല്ലയുടെ മറ്റൊരു പ്രശസ്ത നോവല്‍. ഭിഷഗ്വരനായ നോവലിസ്റിന് സുപരിചിതമായ ആതുര ശുശ്രൂഷയുടെ പശ്ചാത്തലത്തില്‍ രചിച്ച 'മരുന്നി'ല്‍ മരണം, ഒരദൃശ്യ സാന്നിധ്യമായി ഉടനീളം അനുഭവപ്പെടുന്നു. 'പരലോകം' എന്ന നോവലും പുനത്തിലിന്റേതാണ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'മലമുകളിലെ അബ്ദുല്ല' തൊട്ട് ഒട്ടേറെ കഥാസമാഹാരങ്ങളുണ്ട്. അറേബ്യന്‍ പശ്ചാത്തലത്തില്‍ രചിച്ച 'കന്യാവനങ്ങളില്‍' വഴിപിഴച്ച കാമകേളികളുടെ ദുരന്തങ്ങള്‍ ആവിഷ്കരിക്കുന്നു. കലീഫ, കുഞ്ഞബ്ദുല്ലയുടെ ക്രൂരകൃത്യങ്ങള്‍, ദുഃഖിതര്‍ക്കൊരു പൂമരം, സതി, മിനിക്കഥകള്‍ തുടങ്ങി കുഞ്ഞബ്ദുല്ലയുടെ കൃതികളില്‍ യാത്രാവിവരണങ്ങളും നര്‍മോപന്യാസങ്ങളും ഉള്‍പ്പെടുന്നു. ഓജസ്സുള്ള ഭാഷയും മാന്ത്രികവും നാടകീയവുമായ ആഖ്യാനവുമാണ് ഈ എഴുത്തുകാരന്റെ സവിശേഷതകള്‍.
1953 ല്‍ എഴുതിത്തുടങ്ങിയ യു.എ. ഖാദര്‍ ലബ്ധപ്രതിഷ്ഠനായ സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളിലൊന്നായ 'ചങ്ങല'യില്‍ ഒരു കാലഘട്ടത്തിന്റെ മലബാര്‍ മുസ്ലിംകളുടെ ജീവിതം മനോഹരമായി ചിത്രീകരിക്കുന്നു. ദുരഭിമാനത്തിന്റെ പേരിലുള്ള കിടമത്സരങ്ങള്‍, ദുരന്തങ്ങള്‍ എല്ലാം ഇതിലുണ്ട്. ഖുറൈശിക്കൂട്ടവും പവന്‍മാറ്റും മുസ്ലിം സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ ജീവിതാന്തരങ്ങള്‍ ആവിഷ്കരിക്കുന്ന നോവലുകളാണ്. 1983ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച തൃക്കോട്ടൂര്‍ പെരുമയോടെയാണ് ഒരെഴുത്തുകാരനെന്ന നിലയില്‍ ഖാദര്‍ പരക്കെ അംഗീകരിക്കപ്പെടുന്നത്. തൃക്കോട്ടൂര്‍ തട്ടകത്തിന്റെ വിചിത്ര ജീവിത ദൃശ്യങ്ങളും വാമൊഴിയും മിത്തുകളും ചേര്‍ന്ന് പ്രത്യേകമായ ഒരു വായനാനുഭവം നല്‍കുന്നു ഈ കൃതി. ആഘോരശിവം, പന്തലായിനിയിലേക്ക് ഒരു യാത്ര, വായേപാതാളം, മാണിക്യം വിഴുങ്ങിയ കണാരന്‍, ചന്തയില്‍ ചൂടി വില്‍ക്കാന്‍ വന്ന സ്ത്രീ തുടങ്ങിയ പല രചനകളിലും തൃക്കോട്ടൂര്‍ ശൈലി പ്രകടമാണ്. എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, അബൂദാബി അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുള്ള ഖാദര്‍ 40 ല്‍ പരം കൃതികളുടെ കര്‍ത്താവാണ്. അവയില്‍ നല്ലൊരു ഭാഗം ചെറുകഥകളാണ്.
മുസ്ലിം സാമുദായിക നോവലിസ്റ് എന്ന നിലയില്‍ അറിയപ്പെട്ട എഴുത്തുകാരനായിരുന്നു മൊയ്തു പടിയത്ത്. ഉമ്മ, ഒരു മൊയ്യുംകൂടി ബാക്കീംണ്ട്, ആചാരങ്ങളേ മാറിക്കൊള്‍ക, ഫിര്‍ഔന്‍, എന്നോസി തുടങ്ങിയ എണ്‍പതോളം കൃതികളില്‍ മിക്കവയും സാമുദായിക നോവലുകളാണ്. പലതും സിനിമയായിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളാണ് അവയിലെ പ്രമേയം. ഒരേ രീതിയിലുള്ള പ്രതിപാദനവും ടൈപ്പു കഥാപാത്രങ്ങളും കാരണമാവാം, വലിയ ബഹുജനപ്രീതി നേടിയ അദ്ദേഹത്തിന്റെ കൃതികള്‍ പൊതുവെ നിരൂപാംഗീകാരം പിടിച്ചുപറ്റിയില്ല. മകന്‍ സിദ്ദീഖ് ശമീറും പിതാവിന്റെ വഴി പിന്തുടര്‍ന്ന് സാഹിത്യരംഗത്ത് സജീവമാണ്. 28 നോവലുകളെഴുതിയ എം.വി. അലവിക്കുട്ടിക്കും എടുത്തുപറയാവുന്ന ഒരു രചന അവകാശപ്പെടാനില്ല. മുഹബ്ബത്ത്, പെയ്തു തീരാത്ത മഴ, എരിയുന്ന ശിലകള്‍, ഭാരം തുടങ്ങിയ സാമുദായിക നോവലുകളുടെ രചിയിതാവായ നൂറനാട് ഹനീഫ 18 കൃതികള്‍ രചിച്ചിട്ടുണ്ട്. ഗോദ, കള്ളച്ചൂത്, ഇവിടെ ജനിച്ചവര്‍ എന്നിവയാണ് അവയില്‍ പ്രസിദ്ധം. വീട്, നഗരം തുടങ്ങിയ സാമാന്യം ഭേദപ്പെട്ട നോവലുകളുടെ രചയിതാവാണ് വി.എ.എ. അസീസ്. ധാരാളം അപസര്‍പ്പക നോവലുകളെഴുതിയ അദ്ദേഹം നീണ്ടകാലം കേരളസാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു.
വളരെയേറെ പ്രതീക്ഷ നല്‍കി അകാലത്തില്‍ കടന്നുപോയ പ്രതിഭാ ശാലികളാണ് കെ.എ. ജബ്ബാറും ടി.വി. കൊച്ചുബാവയും. ഇസ്മത് ചുഗ്തായിയുടെ 'പുതപ്പിനുള്ളില്‍' എന്ന നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ജബ്ബാര്‍, ചെക്കോവ് കഥകളും ഭാഷാന്തരപ്പെടുത്തിയിട്ടുണ്ട്. ചാമ്പക്ക, പ്രിയമുള്ളവളേ മാപ്പ് എന്നിവയാണ് മറ്റു കഥാ സമാഹാരങ്ങള്‍. താജ്മഹല്‍ എന്ന റേഡിയോ നാടകവും പ്രശസ്തമാണ്.
ഉത്തരാധുനിക കഥാസാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടി.വി. കൊച്ചുബാവയുടെ 'വൃദ്ധസദനം' കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ നോവലാണ്. പെരുങ്കളിയാട്ടം, ഉപജന്മം എന്നീ കൃതികളും ശ്രദ്ധേയമായി. നോവല്‍, നോവലെറ്റ്, ചെറുകഥ എന്നീ ശാഖകളില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ നിരവധി കൃതികള്‍ രചിച്ചു. പ്രമേയ വൈവിധ്യവും പ്രതിപാദനത്തിലെ പുതുമയുമാണ് കൊച്ചുബാവയുടെ കൃതികളെ വ്യത്യസ്തമാക്കുന്നത്. കാള, ബംഗ്ളാവ്, അടുക്കള തുടങ്ങിയ പല കഥകളും കാലഘട്ടത്തിന്റെ ക്രൂരഭാവങ്ങള്‍ ആവാഹിക്കുന്നു. അമാനുഷികത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു സിദ്ധന്റെ കഥ പറയുന്ന 'ഉപജാപം' മുസ്ലിം പശ്ചാത്തലത്തില്‍ രചിച്ച മികച്ച നോവലെറ്റാണ്.
'നിറങ്ങളുടെ സംഗീതം' രചിച്ച ആലപ്പുഴ ശരീഫ്, പിന്നീട് തിരക്കഥകളുടെ ലോകത്തിലേക്ക് കാല്‍ മാറ്റിച്ചവിട്ടി. ഒട്ടേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്.
ലളിത, രാഗസുഷമ തുടങ്ങിയ നോവലുകളുടെ രചയിതാവായ പാറയില്‍ ശംസുദ്ദീന്‍ പഴയ തലമുറയിലെ നോവലിസ്റായിരുന്നു. പൊലിഞ്ഞുപോയ പൊന്‍താരം, ഇഖ്ബാലിന്റെ സാഹിത്യം എന്നിവയാണ് മറ്റു രചനകള്‍.
പുതിയ നോവലിസ്റുകളില്‍ ശ്രദ്ധേയനായ അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍ പൊതുവെ ഗ്രാമീണനര്‍മവും ലാളിത്യവും കൊണ്ട് സഹൃദയ ശ്രദ്ധയാകര്‍ഷിച്ചവയാണ്. ഷമീലാ ഫഹ്മി, സ്ത്രൈണം, യോഗനിദ്ര, ഹരിതാഭകള്‍ക്കപ്പുറം, അധ്യാപക കഥകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. അധ്യാപക കഥകള്‍ ടെലിവിഷന്‍ പരമ്പരയായിട്ടുണ്ട്. ഉപഹാരഹാരം, സ്ത്രീഹൃദയം, മരണത്തിന്റെ മണം, വൈരമോതിരം, ചിപ്പിമാല എന്നീ കൃതികളുടെ കര്‍ത്താവാണ് ഇടവ ജമാല്‍.
ഇത്താത്ത, കസവുതട്ടം, പാപം ചെയ്ത മനുഷ്യന്‍, ഒരമ്മയും രണ്ട് മക്കളും(കഥകള്‍), നിഴലുകള്‍(നോവല്‍) തുടങ്ങിയ കൃതികള്‍ രചിച്ച ഹബീബ് വലപ്പാട് ആണ് ശ്രദ്ധേയനായ മറ്റൊരു എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ ഇമാം വലപ്പാട് അറകള്‍ എന്ന നോവല്‍ രചിച്ചിട്ടുണ്ട്. പൂക്കുറിഞ്ഞിപ്പക്ഷി എന്ന നോവല്‍ രചിച്ച കാനേഷ് പൂനൂര് സുന്ദരമായ പല ചെറുകഥകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.
പോലീസുദ്യോഗസ്ഥനായിരുന്ന ഹമീദിന്റെ കൃതികള്‍ കുറ്റാന്വേഷണ സ്വഭാവമുള്ളതാണ്. കുറ്റവാളികളെ തേടി, കറവപ്പശു, കുലസ്ത്രീയുടെ കൊലപാതകം, കാലമേ സാക്ഷി, ടോപ്പാസ് എന്നിവയാണ് രചനകള്‍.
കൊച്ചു കൊച്ചു കഥകളിലൂടെ കേരളീയ ജീവിതത്തിന്റെ കാലികമായ തുടിപ്പുകള്‍ കോറിയിട്ട പി.കെ. പാറക്കടവ്, മിനിക്കഥാ രംഗത്ത് സ്വന്തമായ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. മൌനത്തിന്റെ നിലവിളി, മേഘത്തിന്റെ തണല്‍, അവള്‍ പെയ്യുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
തല, ഈര്‍ച്ച മുതലായ സമാഹാരങ്ങളിലെ കഥകളിലൂടെ വേറിട്ട ശബ്ദം കേള്‍പ്പിച്ച കഥാകാരനാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. നിരാലംബരും നിസ്വരുമായ മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ പുതിയ ആഖ്യാന രീതിയിലൂടെ അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കിയ ഇദ്ദേഹം ഗദ്യകവിതകളും എഴുതാറുണ്ട്.
ഭൂമിയുടെ അവകാശികള്‍, ദലാല്‍ സ്ട്രീറ്റ് എന്നീ കഥാ സമാഹാരങ്ങളുടെ രചയിതാവായ എം.എ. റഹ്മാന്‍ ആഗോളവത്കരണത്തിന്റെയും വാണിഭസംസ്കാരത്തിന്റെയും നെറികേടുകള്‍ വരച്ചിടുന്നു. ഡോക്യുമെന്ററി ഫിലിം സംവിധായകന്‍ കൂടിയാണ്.
'സിംഹം' പോലുള്ള നോവലുകളിലൂടെ ഉത്തരേന്ത്യന്‍ ജീവിത ദൃശ്യങ്ങള്‍ പകര്‍ന്നു തന്ന പ്രശസ്ത നോവലിസ്റാണ് ഖാലിദ്. ഒരേ ദേശത്തുകാരായ നമ്മള്‍, അല്ലാഹുവിന്റെ അടിമകള്‍, ഹാര്‍ബര്‍ മുതലായ നോവലുകളിലൂടെ താന്‍ ജനിച്ചു വളര്‍ന്ന കൊച്ചി നഗരത്തിന്റെ ജീവിതവും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.
ഇടശ്ശേരി അവാര്‍ഡു നേടിയ 'പൂവും പുഴയും' എന്ന സമാഹാരമെഴുതിയ എന്‍. പി. ഹാഫിസ് മുഹമ്മദ്, പരിസ്ഥിതി നാശത്തിന്റെ ദുരന്ത ദൃശ്യങ്ങളിലേക്ക് വിരല്‍ ചുണ്ടുന്നു. ഒട്ടേറെ ചെറുകഥകളും ബാല സാഹിത്യ കൃതികളും രചിച്ചിട്ടുള്ള അദ്ദേഹം ചിത്രകാരനും പത്രപ്രവര്‍ത്തകനും കൂടിയാണ്. അവാര്‍ഡ് നേടിയ 'ജടായു' അടക്കം ഒട്ടേറെ നോവലുകള്‍ എഴുതിയ റഹീം മുഖത്തല, 'മാ' എന്ന നോവലിലൂടെ ശ്രദ്ധേയനായ ഹഫ്സ തുടങ്ങിയവരും കഴിവുള്ള നോവലെഴുത്തുകാരാണ്.
മാതൃഭൂമി അവാര്‍ഡുനേടിയ 'അഞ്ചില്ലം' എന്ന നോവലിന്റെ ശില്‍പിയായ സുറാബ് വടക്കെ മലബാറിന്റെ വാമൊഴി പ്രത്യേക താളത്തില്‍ ആവിഷ്കരിക്കുന്ന കവി കൂടിയാണ്.
ഇരുട്ട് എന്ന ആദ്യ നോവലിലൂടെതന്നെ തന്റെ സാന്നിധ്യം അറിയിച്ച എഴുത്തുകാരിയാണ് ബി.എം. സുഹ്റ. നജീബ് മഹ്ഫൂസിന്റെ 'കൊട്ടാരത്തെരുവ്' വിവര്‍ത്തനം ചെയ്തതും സുഹ്റയാണ്. കൊടുവള്ളി അബ്ദുല്‍ ഖാദിറും അഹ്മദുകുട്ടി ശിവപുരവും ഇസ്ലാമിക ഭൂമികയില്‍ നിലയുറപ്പിച്ച് നോവലുകള്‍ രചിച്ചവരാണ്.
ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച് |