ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

ഇസ്ലാം മലയാള സാഹിത്യത്തില്‍

കേരളത്തിലെ മുസ്ലിംകള്‍ അറബിമലയാളമെന്ന ഒരു സങ്കരഭാഷാ രൂപമുണ്ടാക്കുകയും മതപരവും സാമൂഹികവും സര്‍ഗാത്മകവുമായ രചനകള്‍ അതില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നതുകൊണ്ട് മലയാള ഭാഷയോട് തുടക്കത്തില്‍ ഒരു അസ്പൃശ്യതാ സമീപനമാണ് സ്വീകരിച്ചിരുന്നത്.

 

"ഇംഗ്ളീഷ് നരകഭാഷയും സ്വന്തം ഭാഷയായ മലയാളം ഹിന്ദുശാസ്ത്രഭാഷയുമാകയാല്‍ അതുകള്‍ രണ്ടും പഠിക്കുന്നതില്‍ മത വിരോധമുണ്ടെന്ന് ധരിച്ചും വടക്കുമുതല്‍ തെക്കവസാനം വരെയുള്ള ജനം യോജിച്ചും കാലം കഴിച്ചിരുന്നു. ഈ അപകടാഭിപ്രായത്തില്‍നിന്നും ജനങ്ങളെ വീണ്ടെടുക്കുന്നതിലേക്ക് വേണ്ടിവന്ന പ്രയാസം സ്വല്‍പമല്ല'' എന്നു സനാഉല്ലാ മക്തി തങ്ങള്‍ തന്റ 'മക്തി മനക്ളേശം' എന്നകൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിക പണ്ഡിതന്മാര്‍ മലയാളഭാഷ ശരിയായി പഠിക്കാതെ  പ്രയോഗിക്കുന്നതുകൊണ്ട് സാമാന്യജനങ്ങള്‍ അത് ശരിയാണെന്നു ധരിച്ചു. മാതൃഭാഷ പഠിക്കുകയും അതിലൂടെ ആശയപ്രചരണം നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കിയ മക്തി തങ്ങള്‍ തന്നെയാണ് മലയാളലിപിയില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ മുസ്ലിം. ഇസ്ലാം മത തത്വങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള ക്രൈസ്തവ മിഷനറിമാരുടെ ലേഖനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹമെഴുതിയ കഠോരകുഠാരം എന്ന മലയാള കൃതി 1884ല്‍ പ്രസിദ്ധീകരിച്ചു. അടുത്തവര്‍ഷം 'പരോപകാരി' എന്ന മലയാള മാസിക ആരംഭിച്ചതും അദ്ദേഹമാണ്. മലയാളത്തിലെ നബിചരിത്രകൃതിയായ 'നബി നാണയം' രചിച്ചതും 1891ല്‍ കൊച്ചിയില്‍ ആദ്യമായി മുസ്ലിംകളുടേതായ ഒരു പ്രസ്സ് തുടങ്ങിയതും മക്തിതങ്ങള്‍ തന്നെ. അക്കാലത്ത് വിശുദ്ധ ഖുര്‍ആന്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിക്കാണാന്‍ ആഗ്രഹിച്ച ഉല്‍പതിഷ്ണുവായ പണ്ഡിതനായിരുന്നു അദ്ദേഹം. കഠാരവജ്രം, പാര്‍ക്കലീത്താ പോര്‍ക്കളം, നാരീ നാരാഭിചാരി, സുവിശേഷ നാശം, മുസ്ലിംകളും വിദ്യാഭ്യാസവും തുടങ്ങി നാല്‍പതോളം കൃതികളുടെ രചയിതാവും സമുദായ പരിഷ്കര്‍ത്താവുമായ അദ്ദേഹം ഭാഷാ പരിഷ്കര്‍ത്താവുകൂടിയായി ചരിത്രത്തില്‍ ഇടം നേടുന്നു. മുസ്ലിം സമുദായത്തിന് പുറത്തുള്ള വിമര്‍ശകരോടും അകത്തുള്ള യാഥാസ്ഥിക പണ്ഡിതന്മാരോടും ഒരേ സമയം അദ്ദേഹത്തിന് പൊരുതേണ്ടിവന്നു.

 

മക്തി തങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ദൌത്യം ഏറ്റെടുക്കാന്‍ അപൂര്‍വം ചില പണ്ഡിതന്മാര്‍ രംഗത്തുവരുകയുണ്ടായി. മുഹമ്മദീയ മതവിധി ലോ, സുറിയാനീ പഠനാരംഭം (1902) തുടങ്ങിയ കൃതികളുടെ കര്‍ത്താവായ സൈനുദ്ദീന്‍ മഖ്ദൂം അവരിലൊരാളാണ്. സുറിയാനിയും അറബിയും ഹിബ്രുവും അദ്ദേഹത്തിനു വശമായിരുന്നു. മലയാള ലിപിയിലല്ല എഴുതിയതെങ്കിലും, ഭാഷാ കവിതയോടൊത്തു നില്‍ക്കുന്ന കാവ്യങ്ങളും വിരളമായെങ്കിലും അക്കാലത്ത് അറബിമലയാളത്തില്‍ രചിക്കപ്പെട്ടിരുന്നുവെന്നതിന് ഉദാഹരണമാണ് 1903ല്‍ ചാക്കീരി മൊയിതീന്‍ കുട്ടി സ്വാഹിബ് രചിച്ച ഒരു കവിത. മദിരാശിയിലെ ഇന്ദ്രസഭാ നാടകസംഘം കോഴിക്കോട്ട് അവതരിപ്പിച്ച ഒരു നാടകത്തെ അദ്ദേഹം ഇങ്ങനെ വര്‍ണിക്കുന്നു:

"സംഘക്കാര്‍ മമ കോഴിക്കോട്ടിഹ

സംഘത്തോടെ വരുന്നൂ കളിപ്പാന്‍

കണ്ടാലെന്തൊരു കൌതുകമാകും

കല്യാണം സരസം മനവീര്യം''

മലയാളേതര പദങ്ങളില്ലെന്നത് ഈ കവിതയെ ഇതര മാപ്പിളപ്പാട്ടുകളില്‍നിന്ന് വ്യത്യസ്ഥമാക്കുന്നു. ബദ്ര്‍ യുദ്ധത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച ചാക്കീരി ബദ്ര്‍ ഭാഷാ കവിതയോടടുത്തുനില്‍ക്കുന്ന മാപ്പിള കൃതിയാണ്.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 
Scroll to Top