ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

By PDUNCO my-uncleloans

ദൃശ്യകല ഇസ്ലാമികമാനം

വസ്തുക്കളുടെ രൂപകല്‍പ്പന

അത്യുന്നതനും അനുഗ്രഹീതനുമായ അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളിലൊന്നാണ് വസ്തുക്കളുടെ രൂപകല്‍പനയെന്ന് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആകര്‍ഷകമായ രൂപങ്ങളെ അവന്‍ മുന്‍മാതൃകകളില്ലാതെ സൃഷിടിക്കുന്നു. പ്രത്യേകിച്ച് ജീവനുള്ളവയെ. മുന്‍പന്തിയില്‍ മനുഷ്യന്‍ തന്നെ. "ഗര്‍ഭാശയങ്ങളില്‍ താനുദ്ദേശിക്കുന്നവിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ'' (ആലുഇംറാന്‍: 6). "നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും നിങ്ങളുടെ രൂപങ്ങള്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു'' (അത്തഗാബുന്‍: 3). "നിന്നെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും, എല്ലാം സന്തുലിതമാക്കുകയും താനുദ്ദേശിച്ചവിധം നിന്നെ രൂപപ്പെടുത്തുകയും ചെയ്തവനാകുന്നു അവന്‍'' (അല്‍ഇന്‍ഫിത്വാര്‍: 7,8). മുസ്വവ്വിര്‍ (രൂപപ്പെടുത്തുന്നവന്‍) എന്ന പേര് അല്ലാഹുവിന്റെ ഉത്തമനാമങ്ങളിലൊന്നായി ഖുര്‍ആന്‍ എണ്ണിയിട്ടുണ്ട്. "സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്.'' (അല്‍ഹശ്ര്‍: 24)

 

ഇസ്ലാമികമാനം

രൂപങ്ങളില്‍ ഏറ്റവും നിഷിദ്ധവും കുറ്റകരവുമായത് അല്ലാഹുവല്ലാത്ത ആരാധ്യവസ്തുക്കളുടേതാണ്. ബോധപൂര്‍വമാണെങ്കില്‍ അതുണ്ടാക്കിയവന്‍ കാഫിറായേക്കും. ഇവ ശരീരമുള്ള രൂപങ്ങളാണെങ്കില്‍ അതിനുള്ള ശിക്ഷ ഏറെ കഠിനവും വളരെ നിന്ദ്യവുമായിരിക്കും. ആരെങ്കിലും ഏതെങ്കിലുംരൂപേണ അവയെ ബഹുമാനിക്കുകയോ വന്ദിക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനനുസരിച്ച് ശിക്ഷയുടെ തോതും വര്‍ധിക്കുന്നതാണ്.

 

നിഷിദ്ധതയില്‍ തൊട്ടടുത്ത സ്ഥാനത്ത് നില്‍ക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന് സാദൃശ്യമുദ്ദേശിച്ച് ആരാധിക്കപ്പെടാത്ത രൂപങ്ങളുണ്ടാക്കലാണ്. അഥവാ അല്ലാഹു സൃഷ്ടിക്കുന്നതുപോലുള്ള പുതിയൊരു സൃഷ്ടിയാണ് താന്‍ നടത്തുന്നതെന്ന് വാദിച്ച് രൂപങ്ങളുണ്ടാക്കല്‍. ഇത് കുഫ്റിനോടു സാമ്യമുള്ള കാര്യമാണ്. രൂപങ്ങളുണ്ടാക്കുന്നവന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നു ഇത്.

 

വിശുദ്ധിയോ ബഹുനമാനമോ കല്‍പിക്കാത്ത, ജീവനുള്ള വസ്തുക്കളുടെ ത്രിമാനരൂപങ്ങളുണ്ടാക്കലാണ് നിഷിദ്ധതയില്‍ തൊട്ടുതാഴെ നില്‍ക്കുന്നത്. ഇത് കുറ്റകരമാണെന്നതില്‍ ഏകാഭിപ്രായമുണ്ട്. എന്നാല്‍ കുട്ടികളുടെ കളിക്കോപ്പുകളും മധുരപലഹാരങ്ങളും മറ്റുമായി ഉണ്ടാക്കപ്പെടുന്ന രൂപങ്ങള്‍ അനാദരിക്കപ്പെടുന്നവയായതിനാല്‍ ഇതില്‍നിന്നൊഴിവാണ്.

 

നിഷിദ്ധതയില്‍ തൊട്ടടുത്ത സ്ഥാനത്ത്, ബഹുമാനമോ വിശുദ്ധിയോ കല്‍പിക്കാത്തതും എന്നാല്‍ ആഡംബരപ്രകടനമായി കണക്കാക്കപ്പെടുന്നതുമായ ജീവനുള്ളവയുടെ സ്ഥൂലശരീര ചിത്രങ്ങളാണ്. ചുമരുകളും മറ്റും അലങ്കരിക്കാനുപയോഗിക്കുന്ന വിരിപോലെ. അവ കറാഹത്തിന്റെ ഗണത്തിലേ പെടുകയുള്ളൂ.

 

മരം, ഈന്തപ്പന, കപ്പല്‍, കടല്‍, മേഘം തുടങ്ങിയ അചേതന വസ്തുക്കളുടെ ചിത്രങ്ങള്‍. അവ വരക്കലും ചുമരില്‍ തൂക്കലും കുറ്റകരമല്ല. ഇത്തരം ചിത്രങ്ങള്‍ നിര്‍ബന്ധബാധ്യതകളില്‍നിന്നു തിരിച്ചുകളയുകയോ ആഡംബരങ്ങളിലേക്കു നയിക്കുകയോ ചെയ്യരുതെന്നുമാത്രം.

ഫോട്ടോഗ്രഫി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ പൊതുവെ അനുവദിനീയമാണ്. എന്നാല്‍ ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും സംസ്കാരത്തിനും എതിരായ എല്ലാ ചിത്രങ്ങളും ഹറാമാണെന്നതില്‍ അഭിപ്രായാന്തരമില്ല.

 

ഹറാമോ കറാഹത്തോ ആയ ചിത്രങ്ങളും പ്രതിമകളും വിരൂപമാക്കുകയോ നിന്ദിക്കപ്പെടുകയോ ചെയ്താല്‍ അവ ഹലാലായിത്തീരും. ചെരിപ്പിനടിയിലും വിരിപ്പിലുമുള്ള ചിത്രങ്ങള്‍ പോലെ.

 

ഇസ്ലാമിക സംസ്കാരത്തിന്റെ സവിശേഷത

ഇസ്ലാമിക നാഗരികതയുടെ പൊതുവായ സവിശേഷത പരിശോധിക്കുമ്പോള്‍ അത് മനുഷ്യന്റെയോ ജന്തുക്കളുടെയോ രൂപങ്ങളെ സ്വാഗതം ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. പ്രത്യേകിച്ചും, സ്ഥൂലാകാരമുള്ള രൂപങ്ങളെ. ഏകദൈവ വിശ്വാസവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അമൂര്‍ത്ത ചിത്രങ്ങള്‍ക്കാണ്; ബഹുദൈവത്വവുമായി ബന്ധപ്പെട്ട സമൂര്‍ത്തരൂപങ്ങള്‍ക്കല്ല അതില്‍ പ്രാധാന്യം ലഭിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഇസ്ലാമിക സംസ്കാരത്തില്‍ ശില്‍പകല പുതിയ വഴികള്‍ തേടുകയും നൂതനമായ വിവിധ കലാരൂപങ്ങള്‍ ആവിഷ്കരിക്കുകയും അവയില്‍ അതിമനോഹരങ്ങളായ കലാസൃഷ്ടികള്‍ അവശേഷിപ്പിക്കുകയും ചെയ്തത്. മുസ്ലിം കലാകാരന്മാരുടെ ബുദ്ധിയും കലാവിരുതും രൂപം ചെയ്തെടുത്ത അലങ്കാരപ്പണികളില്‍ ഇത് പ്രകടമാണ്. പള്ളികള്‍, മുസ്ഹഫുകള്‍ കൊട്ടാരങ്ങള്‍, വീടുകള്‍ എന്നിവ ഇതിന്റെ മകുടോദാഹരണങ്ങളാണ്. കല്ല്, മാര്‍ബിള്‍, മരം, സെറാമിക്, തോല്‍, ഗ്ളാസ്, വെള്ളി, ചെമ്പ്, ഇരുമ്പ് തുടങ്ങിയ വിവധപദാര്‍ഥങ്ങളുപയോഗിച്ചുള്ള കലാരൂപങ്ങള്‍, ചുമര്‍, മേല്‍ക്കൂര, വാതിലുകള്‍, ജനലുകള്‍, പാത്രങ്ങള്‍, ഫര്‍ണീച്ചര്‍, വാള്‍, വസ്ത്രങ്ങളിലെല്ലാം അവ ദര്‍ശിക്കാം. ദീവാനീ, കൂഫി, ഫാരിസി, റുഖ്അ, ഥുലുഥ്, നസ്ഖ് തുടങ്ങിയ വിവിധ പേരുകളിലുള്ള അറബിഅക്ഷരങ്ങളും അവ ഉപയോഗിച്ചുള്ള ആകര്‍ഷകവും വൈവിധ്യവുമാര്‍ന്ന കലിഗ്രഫികളും ഈ അലങ്കാരരൂപങ്ങളുടെ മറ്റൊരിനമാണ്. ഈ രംഗത്ത് മുസ്ലിം കലാകാരന്മാര്‍ വ്യത്യസ്തമായ അനേകം ശൈലികളും രീതികളും ആവിഷ്കരിക്കുകയും അനന്യസുന്ദരങ്ങളായ അനേകം കലാശില്‍പങ്ങള്‍ നമുക്കായി വിട്ടേച്ചുപോവുകയും ചെയ്തിട്ടുണ്ട്.

 

കലിഗ്രഫികളും അലങ്കാരക്കൊത്തുപണികളും ഏറ്റവും കൂടുതലായി കാണുന്നത് മുസ്വ്ഹഫുകളിലും വലിയ പള്ളികളിലുമാണ്. മദീനയിലെ മസ്ജിദുന്നബവി, മസ്ജിദുഖുബാ, ദമസ്കസിലെ അമവിയ്യാ പള്ളി, ഇസ്തംബൂളിലെ സുല്‍ത്വാന്‍ അഹ്മദ്, സുലൈമാനിയ്യാ പള്ളികള്‍, കൈറോവിലെ സുല്‍ത്വാന്‍ ഹസന്‍, മുഹമ്മദലി പള്ളികള്‍ തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള പള്ളികളില്‍ അതുകാണാം.

 

കെട്ടിടനിര്‍മാണ രംഗത്തും ഇസ്ലാമിക കലാവൈശിഷ്ട്യം ഏറ്റം പ്രകടമാണ്. ചില നാഗരിക ചരിത്രകാരന്മാര്‍ പറയുകയുണ്ടായി: "ഇസ്ലാമിക കലയുടെ ഏറ്റവും സുന്ദരമായ ആവിഷ്കാരമാണ് വാസ്തുവിദ്യ. ലോകത്തിന്റെ പല ഭാഗങ്ങളിലും അത് കാണാം. വാസ്തു ശില്‍പരംഗത്തെ ലോകാത്ഭുതങ്ങളിലൊന്നായി പരിലസിക്കുന്ന ഇന്ത്യയിലെ താജ്മഹല്‍ അതിന്റെ മകുടോദാഹരണമാണ്. ചിത്രങ്ങളും പ്രതിരൂപങ്ങളുമുണ്ടാക്കുന്നത് നിരോധിച്ചതിലൂടെ കലകളുടെ ലോകത്ത് മറ്റുപല കവാടങ്ങളും ജനങ്ങള്‍ക്കുമുന്നില്‍ തുറക്കാന്‍ ഇസ്ലാമിനു സാധിക്കുകയുണ്ടായി. അതിലൂടെ കലാരംഗത്ത് ലോകത്തിനുമുമ്പില്‍ തികച്ചും അദ്വിതീയമാരു വ്യതിരിക്തത സൃഷ്ടിക്കുവാനം സാധിച്ചു.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

 
Scroll to Top