- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഇസ്ലാമിക സൌന്ദര്യദര്‍ശനം |
|
ഖുര്‍ആന്‍ ഉണര്‍ത്തുന്ന സൌന്ദര്യബോധം കലയുടെ ആത്മാവ് സൌന്ദര്യമാണ്. വിശുദ്ധഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ അതിനെക്കുറിച്ച് ഉണര്‍ത്തിയതായി കാണാം. സൃഷ്ടികളില്‍ അന്തര്‍ലീനമായ ഭംഗി, സൌന്ദര്യം എന്നിവയിലേക്ക് മനുഷ്യന്റെ ശ്രദ്ധ അല്ലാഹു തിരിച്ചുവിടുന്നുണ്ട്. മനുഷ്യന്‍ അവയിലെ ഉപകാരങ്ങള്‍ അനുഭവിക്കുന്നതോടൊപ്പം അവയിലടങ്ങിയ സൌന്ദര്യം ആസ്വദിക്കണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. മനുഷ്യന് മൃഗങ്ങളില്‍ നിശ്ചയിച്ച ഉപകാരങ്ങളും നേട്ടങ്ങളും (അവന്‍ കാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് വസ്ത്രമുണ്ട്. ഭക്ഷണമുണ്ട് അന്നഹ്ല്‍: 5) വിവരിച്ച ഉടനെ അല്ലാഹു ഉണര്‍ത്തുന്നു: "അവയെ പ്രഭാതത്തില്‍ മേയാന്‍ വിട്ടയക്കുമ്പോഴും പ്രദോഷത്തില്‍ തിരിച്ചുകൊണ്ടുവരുമ്പോഴും നിങ്ങള്‍ക്കവയില്‍ കൌതുകമുണ്ട്.'' (അന്നഹ്ല്‍: 6). "നിങ്ങള്‍ക്ക് സവാരി ചെയ്യുന്നതിനും നിങ്ങളുടെ ജീവിതം പകിട്ടുള്ളതാക്കുന്നതിനുമായി അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും സൃഷ്ടിച്ചു തന്നിരിക്കുന്നു'' (അന്നഹ്ല്‍: 8). പരിശുദ്ധനായ സ്രഷ്ടാവ് രൂപകല്‍പന ചെയ്ത, ഒരാളുടെയും കരസ്പര്‍ശമേല്‍ക്കാത്ത ഉദാത്ത സൃഷ്ടികളിലെ കലാ സൌന്ദര്യത്തിന്റെ ആസ്വാദനത്തിലേക്കാണ് അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നത്. സമുദ്രത്തെ മനുഷ്യനു കീഴ്പ്പെടുത്തിയതു സംബന്ധിച്ച അനുഗ്രഹങ്ങള്‍ പരാമര്‍ശിക്കവേ ഇങ്ങനെ കാണാം: "സമുദ്രത്തെ നിങ്ങള്‍ക്കധീനപ്പെടുത്തിതന്നതും അവന്‍ തന്നെയാകുന്നു. അതില്‍നിന്നു പുതുമാംസം ഭക്ഷിക്കുന്നതിനും നിങ്ങള്‍ ധരിക്കുന്ന അലങ്കാരവസ്തുക്കള്‍ ശേഖരിക്കുന്നതിനും.'' (അന്നഹ്ല്‍: 14). മനുഷ്യന് വിശപ്പടക്കാനുള്ള ഭക്ഷണം കടലില്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നു പറയുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും കണ്ണിന് സൌന്ദര്യവും നല്‍കുന്ന ആഭരണങ്ങളും അതില്‍ നിക്ഷേപിച്ചതായി അല്ലാഹു പറയുന്നു.
ശരീരത്തിന് ഭക്ഷണവും പാനീയവും എന്നതുപോലെ മനസ്സിന് സന്തോഷവും ആനന്ദവും അനിവാര്യമാണ്. ഈ വസ്തുത വിശുദ്ധഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മുന്തിരി, സൈത്തൂന്‍, ഉറുമാന്‍, ഈത്തപ്പഴം, ചെടികള്‍, കൃഷികള്‍ തുടങ്ങിയവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന സൃഷ്ടിവൈഭവവും സൌന്ദര്യവും മനോഹാരിതയും കണ്ടാസ്വദിക്കാനും ഉപയോഗപ്പെടുത്താനും അതേക്കുറിച്ച് ചിന്തിക്കാനും അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ സൌന്ദര്യബോധത്തെ ജീവിതത്തിലുടനീളം മുറുകെപ്പിടിക്കുവാന്‍ മനുഷ്യരോട് അല്ലാഹു ആവശ്യപ്പെടുന്നുണ്ട്: "ആദം സന്തതികളേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും നിങ്ങളുടെ അലങ്കാരങ്ങളണിഞ്ഞുകൊള്ളുക. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ധൂര്‍ത്തടിക്കരുത്. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍ അഅ്റാഫ്: 31).
സൌന്ദര്യബോധം സത്യവിശ്വാസിയുടെ ഗുണം ആകാശം, ഭൂമി, സസ്യം, മൃഗം,മനുഷ്യന്‍ തുടങ്ങി പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളിലുമടങ്ങിയ സൌന്ദര്യത്തെക്കുറിച്ച് വിശ്വാസികളില്‍ അവബോധമുണ്ടാക്കാന്‍ വിശുദ്ധഖുര്‍ആന്‍ ശ്രമിക്കുന്നതായി കാണാം: "അവര്‍ തങ്ങള്‍ക്കുമീതെയുള്ള മാനത്തേക്കു നോക്കിയിട്ടില്ലേ. നാം അത് എവ്വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു? അതിലെവിടെയും ഒരു വിടവുമില്ല'' (ഖാഫ്: 6). "ആകാശത്തു നാം നക്ഷത്ര മണ്ഡലങ്ങള്‍ നിശ്ചയിക്കുകയും നോക്കുന്നവര്‍ക്ക് അവ അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു'' (അല്‍ഹിജ്ര്: 16). "മാനത്തുനിന്ന് നിങ്ങള്‍ക്കായി ജലം വര്‍ഷിപ്പിക്കുകയും അതുവഴി സുന്ദരമായ തോട്ടങ്ങള്‍ മുളപ്പിക്കുകയും ചെയ്തു'' (അന്നംല്: 60). "അവന്‍ നിങ്ങളെ രൂപപ്പെടുത്തി; വളരെ ഭംഗിയായി രൂപപ്പെടുത്തി.'' (അത്തഗാബുന്‍: 3). ഇതിലൂടെയെല്ലാം പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവവും ഉദാത്തമായ സൌന്ദര്യബോധവുമാണ് വിശ്വാസി മനസ്സിലാക്കുന്നത്. "എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവൃത്തിയാണത്.'' (അന്നംല്: 88). "താന്‍ സൃഷ്ടിച്ച ഏതു വസ്തുവിനെയും നന്നായിത്തന്നെ സൃഷ്ടിച്ചിരിക്കുന്നു.'' (അസ്സജദ: 7). സൌന്ദര്യബോധം അല്ലാഹുവിന്റെ മഹത്തായ വിശേഷണങ്ങളില്‍പ്പെട്ടതാണെന്ന് മനസ്സിലാക്കുന്ന സത്യവിശ്വാസി തന്റെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സൌന്ദര്യവും മേന്മയുമാണ് ഇഷ്ടപ്പെടുക.
അല്ലാഹു ഭംഗിയെ ഇഷ്ടപ്പെടുന്നു സൌന്ദര്യബോധം വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നും മനസ്സില്‍ അഹങ്കാരമുണ്ടാക്കുമെന്നുമുള്ള ചില സ്വഹാബികളുടെ ധാരണ പ്രവാചകന്‍ തിരുത്തുകയുണ്ടായി. ഇബ്നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു: പ്രവാചകന്‍(സ) പറഞ്ഞു: "ഹൃദയത്തില്‍ അണുത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല''. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ' ഒരാള്‍ തന്റെ വസ്ത്രം മനോഹരവും ചെരിപ്പ് നല്ലതുമാക്കാന്‍ ആഗ്രഹിക്കുന്നതോ?' അവിടുന്ന് പറഞ്ഞു: "അല്ലാഹു ഭംഗിയുള്ളവനും ഭംഗി ഇഷ്ടപ്പെടുന്നവനുമാണ്. സത്യത്തെ നിരാകരിക്കലും ആളുകളെ അവഹേളിക്കലുമാണ് അഹങ്കാരം'' (മുസ്ലിം).
ഖുര്‍ആന്‍ സൌന്ദര്യത്തിന്റെ ദൃഷ്ടാന്തം ഇസ്ലാമിലെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഖുര്‍ആന്‍. മുഹമ്മദ് നബിക്ക് ലഭിച്ച അതിമഹത്തായ അമാനുഷിക സിദ്ധിയുമാണത്. ബുദ്ധിപരമായ അമാനുഷികത്വം എന്നതിലുപരി സൌന്ദര്യപരമായ അമാനുഷികത്വം കൂടിയാണത്. അതിന്റെ രചനയിലും ശൈലിയിലുമുള്ള വിസ്മയിപ്പിക്കുന്ന സൌന്ദര്യവും സ്വരരാഗമാധുര്യവും അറബികളെ അത്ഭുതപ്പെടുത്തി. ചിലരതിനെ മയക്കുവിദ്യ(സിഹ്റ്) എന്നുപോലും വിളിക്കുകയുണ്ടായി. അബ്ദുല്‍ ഖാഹിര്‍ മുതല്‍ സയ്യിദ് ഖുത്വുബ്, ബിന്‍ത് ശാത്വിഅ് തുടങ്ങി അറബ് ലോകത്തെ നിരവധി പ്രഗത്ഭ സാഹിത്യകാരന്മാര്‍ ഖുര്‍ആന്റെ അമാനുഷികത വിളിച്ചോതുന്ന വശ്യതയും സൌന്ദര്യവുമെല്ലാം വിവരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെ ശബ്ദമാധുര്യത്തെ സാഹിതീയ സൌന്ദര്യവുമായി കൂട്ടിയിണക്കി പാരായണം ചെയ്യാന്‍ നിഷ്കര്‍ഷിച്ചതായി കാണാം. അതുകൊണ്ടാണ് "ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവകാശം ഓതുക'' (അല്‍മുസ്സമ്മില്‍: 4) എന്നു കല്‍പ്പിച്ചത്.
പ്രവാചകന്‍(സ) പറഞ്ഞു: "നിങ്ങളുടെ ശബ്ദംകൊണ്ട് നിങ്ങള്‍ ഖുര്‍ആന്റെ ഭംഗി കൂട്ടുക''(മുസ്ലിം). മറ്റൊരു റിപ്പോര്‍ട്ട് നോക്കുക: "തീര്‍ച്ചയായും നല്ല ശബ്ദം ഖുര്‍ആന്റെ സൌന്ദര്യം വര്‍ധിപ്പിക്കും'' (ദാരിമി, ഹാകിം). "ഈണത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യാത്തവന്‍ നമ്മില്‍ പെട്ടവനല്ല''(ബുഖാരി). നബി(സ) അബൂമൂസയോടു പറഞ്ഞു: "നിന്റെ ഖുര്‍ആന്‍ പാരായണം ഇന്നലെ ഞാന്‍ ശ്രദ്ധിച്ചുകേട്ടു. ആലുദാവൂദിന്റെ പുല്ലാങ്കുഴലില്‍ ഒരെണ്ണം നിനക്ക് നല്‍കപ്പെട്ടിരിക്കുന്നുവല്ലോ!'' അപ്പോള്‍ അബൂമൂസ പറഞ്ഞു: "താങ്കളെന്നെ ശ്രദ്ധിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താങ്കള്‍ക്കുവേണ്ടി ഒരുങ്ങി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു'' (മുസ്ലിം).
ഡോ. മുഹമ്മദ് അബ്ദുല്ലാ ദറാസ് പറഞ്ഞു: "ഖുര്‍ആന്‍ കേള്‍ക്കല്‍ ഒരു പുണ്യകര്‍മം മാത്രമല്ല; വിശുദ്ധ ഖുര്‍ആനില്‍ അടങ്ങിയിരിക്കുന്ന കലയും സൌന്ദര്യവും ആസ്വദിക്കല്‍ കൂടിയാണത്''. ശരിയാണദ്ദേഹം പറഞ്ഞത്. ഖുര്‍ആന്‍ മതവും ശാസ്ത്രവും സാഹിത്യവും കലയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ്. ആത്മാവിനെ പരിപോഷിപ്പിക്കുകയും ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും മനസ്സിനെ തട്ടിയുണര്‍ത്തുകയും അനുഭൂതിക്ക് സുഖം നല്‍കുകയും നാവിനെ സ്ഫുടം ചെയ്യുകയും ചെയ്യുന്നു.
കലാസൌന്ദര്യം വാക്കിലും സാഹിത്യത്തിലും സൌന്ദര്യത്തെ അറിയാനും ഇഷ്ടപ്പെടാനും ആസ്വദിക്കാനും ഇസ്ലാം മനുഷ്യനെ പ്രോല്‍സാഹിപ്പിക്കുന്നു. അതുപോലെ അത് ഭംഗിയായി ആവിഷ്കരിക്കാനും ഇസ്ലാം കല്‍പിക്കുന്നുണ്ട്. ഗദ്യം, പദ്യം, കഥ, പ്രസംഗം, ലേഖനം തുടങ്ങിയവയിലാണ് കലാ സൌന്ദര്യം ഏറ്റവുമധികം പ്രകടമാകുന്നത്. പ്രവാചകന്‍ കവിത കേള്‍ക്കുകയും അതില്‍ ആകൃഷ്ടനാവുകയും അതിന്റെ സൌന്ദര്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. കഅ്ബ് ബ്നു സുബൈറിന്റെ 'ബാനത് സുആദും' നാബിഅത്തുല്‍ ജഹ്ദിയുടെ കവിതകളും പോലെ. ഇസ്ലാമിന്റെ പ്രചാരണത്തിനും പ്രതിരോധത്തിനും അദ്ദേഹം കവിതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിനുദാഹരണമാണ് ഹസ്സാനുബ്നു സാബിത്തിന്റെ കവിതകള്‍. തന്റെ പ്രബോധനത്തെ കവിതകൊണ്ടദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അലി(റ)യെപ്പോലുള്ള പല സ്വഹാബികളും കവികളായിരുന്നു. പില്‍ക്കാലത്ത് ജീവിച്ച ഇമാം അബ്ദുല്ലാഹിബ്നു മുബാറക്, ഇമാം ശാഫിഈ തുടങ്ങിയ പല പ്രമുഖ മത പണ്ഡിതരും കവികള്‍ കൂടിയായിരുന്നു. പ്രവാചകന്‍(സ) പറഞ്ഞു: "വാഗ്വിലാസത്തില്‍ വശ്യതയുണ്ട്. കവിതയില്‍ ജ്ഞാനമുണ്ട്'' (അഹ്മദ്, അബൂദാവൂദ്). എന്നാല്‍ വ്യാജ പ്രശംസ, അസത്യജടിലമായ പൊങ്ങച്ചം, അതിരുവിട്ട ആക്ഷേപം, നിര്‍ലജ്ജമായ പ്രേമസല്ലാപങ്ങള്‍ തുടങ്ങി ധാര്‍മികതക്കും ഉന്നതമുല്യങ്ങള്‍ക്കും നിരക്കാത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ 'ഹിക്മത്' എന്ന് പ്രവാചകന്‍ സൂചിപ്പിച്ച ആശയത്തില്‍നിന്ന് ബഹുദൂരത്താണെന്ന് ഉപര്യുക്ത ഹദീസില്‍നിന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഇതുകൊണ്ടാണ് മനുഷ്യനെ വഴിപിഴപ്പിക്കുകയും വ്യാജോക്തികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന കവികളെ ഖുര്‍ആന്‍ ആക്ഷേപിച്ചത്: "വഴിപിഴച്ചവരാണ് കവികളെ പിന്‍പറ്റുന്നത്. അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത് നീ കാണുന്നില്ലേ? തങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നതും. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ ആചരിക്കുകയും അല്ലാഹുവിനെ ഏറെ സ്മരിക്കുകയും തങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെ നേരിടുക മാത്രം ചെയ്തവരൊഴികെ'' (അശ്ശുഅറാഅ്: 224227).
സാഹിത്യമാകട്ടെ, കലയാകട്ടെ അതിനൊരു ലക്ഷ്യവും ധര്‍മവുമുണ്ട്. ഗദ്യത്തിന്റെയും പദ്യത്തിന്റെയും ബാഹ്യരൂപങ്ങള്‍ പരിഷ്കരിക്കുന്നതിനും മറ്റുള്ളവരുടേതില്‍നിന്ന് നമുക്കനുയോജ്യമായ രൂപങ്ങള്‍ സ്വീകരിക്കുന്നതിനും വിരോധമില്ല. ലക്ഷ്യവും ഉള്ളടക്കവും ധര്‍മവുമാണ് പ്രധാനം. പണ്ട് അറബികള്‍ പുതിയ പല കാവ്യരൂപങ്ങളും കണ്ടുപിടിച്ചിരുന്നു. അതുപോലെ ആധുനിക കാലത്തും പുതിയ രൂപങ്ങള്‍ കണ്ടെത്തുന്നതിന് വിരോധമില്ല. ഇസ്ലാമിക കാലഘട്ടങ്ങളിലും സാഹിത്യത്തില്‍ പുതിയ ആവിഷ്കാരങ്ങള്‍ തുറക്കപ്പെട്ടിട്ടുണ്ട്. രിസാലത്തുല്‍ ഗുഫ്റാന്‍, അല്‍ഫുലൈല വ ലൈല, കലീലഃ വ ദിംനഃ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. അപ്രകാരം ആധുനിക കാലത്തും പുതിയ മേഖലകള്‍ കണ്ടെത്തുകയും നിലവിലുള്ളതിനെ പരിഷ്കരിക്കുകയും നാടകം, നോവല്‍, ചെറുകഥ, തുടങ്ങി നമുക്ക് ഉപകാരമുണ്ടാക്കുന്നവ മറ്റുള്ളവരില്‍നിന്ന് സ്വീകരിക്കാവുന്നതുമാണ്.
ഇസ്ലാമിക സാഹിത്യരംഗത്ത് നാടകം, കഥ തുടങ്ങിയവയുടെ മതകീയ കാഴ്ചപ്പാടിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. അവയില്‍ അവതരിപ്പിക്കുന്ന കഥകളും കഥാപാത്രങ്ങളുടെ സംസാരവുമെല്ലാം യഥാര്‍ഥ സംഭവങ്ങളല്ലെന്നിരിക്കെ അവ ഇസ്ലാമിക ദൃഷ്ട്യാ കുറ്റകരമായ കളവായി ഗണിക്കപ്പെടുകയില്ലേ എന്നതാണ് ചോദ്യത്തിന്റെ കാതല്‍. ഇതിനുള്ള മറുപടി, കുറ്റകരമല്ല എന്നാണ്. അവയൊന്നും യഥാര്‍ഥമല്ലെന്ന് അവ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ നല്ലപോലെ മനസ്സിലാക്കുന്നുണ്ട്. കലാപരമായ ചിത്രീകരണമാണത്. സുലൈമാന്‍ നബിക്കുമുമ്പില്‍ ഉറുമ്പും ഹുദ്ഹുദ് പക്ഷിയും സംസാരിച്ചത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ടല്ലോ. അവ രണ്ടും സ്ഫുടമായ അറബിഭാഷ സംസാരിച്ചിട്ടില്ലെന്നുറപ്പാണ്. ആ സന്ദര്‍ഭത്തിലും സ്ഥലത്തും അവയുടെ സംസാരമെങ്ങനെയായിരുന്നുവെന്ന് ഖുര്‍ആന്‍ നമുക്ക് ഭാഷാന്തരം ചെയ്തുതന്നിരിക്കുകയാണ്.
ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച് |