Home / Question and Answer / സ്ത്രീകള്‍ക്ക് ഏകയായി യാത്ര ചെയ്യാമോ?

സ്ത്രീകള്‍ക്ക് ഏകയായി യാത്ര ചെയ്യാമോ?

ആരോഗ്യവതിയും സമ്പന്നയുമായ, ഹജ്ജുകര്‍മം ബാധ്യതയായിത്തീര്‍ന്ന, ഒരു സ്ത്രീക്ക് കൂട്ടിന്നു പോകാന്‍ ഭര്‍ത്താവിനോ വിവാഹം നിഷിദ്ധമായ രക്തബന്ധുക്കള്‍ക്കോ സൗകര്യപ്പെടുന്നില്ല. ആ സ്ത്രീക്ക് മറ്റു മുസ്്‌ലിം പുരുഷന്‍മാരുടെയോ സ്ത്രീകളുടെയോ ഒപ്പം, ഇക്കാലത്ത് യാത്ര സുരക്ഷിതവും മുന്‍കാലങ്ങളെ അപേക്ഷിച്ച് അപകടം കുറഞ്ഞതുമാണ് എന്ന വസ്തുത പരിഗണിച്ച്, ഹജ്ജ് യാത്ര നടത്തുന്നത് അനുവദനീയമാണോ? അതോ, വിവാഹം പാടില്ലാത്ത ഒരു രക്തബന്ധുവിനെ കൂട്ടിനു തരപ്പെടുവോളം ഹജ്ജ് യാത്ര നീട്ടിവെക്കേണ്ടതുണ്ടോ?
സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക എന്നതാണ് ഇസ്്‌ലാമിക ശരീഅത്തിന്റെ വിധി. ഭര്‍ത്താവിന്റെയോ വിവാഹം പാടില്ലാത്ത രക്തബന്ധുവിന്റെയോ ഒപ്പം മാത്രമേ അവള്‍ യാത്ര ചെയ്യാവൂ. ബുഖാരിയും മറ്റും ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം ചെയ്ത ഹദീസാണതിനു നിദാനം. തിരുദൂതര്‍ പറഞ്ഞു: ‘ സ്ത്രീ രക്തബന്ധുവിനോടൊപ്പമല്ലാതെ യാത്ര ചെയ്യരുത്. രക്തബന്ധുവിന്റെ സാന്നിധ്യത്തിലല്ലാതെ ഒരന്യപുരുഷന്‍ അവളുടെ അടുത്ത് പ്രവേശിക്കയുമരുത്.’ അബൂഹുറയ്‌റയില്‍ നിന്നുദ്ധരിക്കപ്പെടുന്ന മറ്റൊരു തിരുവചനം ഇപ്രകാരമാണ്: ‘ രക്തബന്ധുവോ ഭര്‍ത്താവോ ഒപ്പമില്ലാതെ ഒരു രാത്രിയും പകലുംവരുന്ന ദൂരം യാത്രചെയ്യുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സ്ത്രീക്ക് അനുവദനീയമല്ല.’  അബൂസഈദ് നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍, ‘ ഭര്‍ത്താവോ രക്തബന്ധുവോ ഇല്ലാതെ സ്ത്രീ രണ്ടുദിവസത്തെ ദൂരം യാത്ര ചെയ്യരുത്’     എന്നാണുള്ളത്. ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത ഒരു ഹദീസില്‍ മൂന്നു ദിവസത്തെ യാത്രാദൂരം എന്നുമുണ്ട്.
പലര്‍ പലപ്പോഴായി ചോദിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളാണിവ. ചോദ്യങ്ങളുടെയും ചോദ്യകര്‍ത്താക്കളുടെയും സ്വഭാവം ഭിന്നമായതാവണം നിവേദനങ്ങളില്‍ കാണുന്ന അന്തരത്തിന് ഹേതു. എന്നാണ് ഇമാം അബൂഹനീഫ ഇബ്‌നു ഉമറിന്റെ ഹദീസിന് പ്രാബല്യം നല്‍കുന്നു. നമസ്‌കാരം ചുരുക്കിയനുഷ്ഠിക്കാവുന്ന ദൂരം യാത്ര ചെയ്യുമ്പോള്‍ മാത്രമേ രക്തബന്ധു വേണ്ടതുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഈ തിരുവചനങ്ങള്‍ എല്ലാ യാത്രകളെയും പരാമര്‍ശിക്കുന്നു. വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നടത്തുന്ന യാത്രയും അതില്‍പെടും. ചിലര്‍ തെറ്റിദ്ധരിച്ചതുപോലെ സ്ത്രീയുടെ സ്വഭാവ ശുദ്ധിയിലുള്ള ശങ്കയല്ല ഈ വിധിക്കാധാരം. മറിച്ച് അവളുടെ സത്‌പേരും മാന്യതയും പരിരക്ഷിക്കുക എന്നതാണ്. ദുര്‍ബലമനസ്‌കരും മൃഗതൃഷ്ണയുള്ളവരും റൗഡികളും മറ്റുമായ ആളുകളില്‍നിന്ന് സ്ത്രീകള്‍ക്ക് രക്ഷനല്‍കുകയാണതിന്റെ ലക്ഷ്യം. വിശിഷ്യാ നാഗരികത എന്തെന്നറിയാത്ത, ക്രമസമാധാനം പുലര്‍ന്നിരുന്നില്ലാത്ത ഒരു കാലത്ത് അപകടം നിറഞ്ഞ മണലാരണ്യങ്ങള്‍ താണ്ടിക്കടക്കേണ്ടിയിരുന്ന യാത്രകളില്‍.
എന്നാല്‍, നിര്‍ബന്ധമോ അല്ലാത്തതോ ആയ യാത്രക്ക് രക്തബന്ധുവിനെ കൂട്ടിന് കിട്ടാത്ത സാഹചര്യം വന്നാലോ? വിശ്വസ്തരായ അന്യപുരുഷന്മാരോ സ്ത്രീകളോ കൂട്ടിന് പറ്റുമോ? വഴി സുരക്ഷിതമാണെങ്കില്‍ ഒറ്റക്ക് യാത്രയാകാമോ? സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകുന്ന സാഹചര്യം മുന്‍നിര്‍ത്തി കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഇവ്വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹദീസുകളുടെ പ്രത്യക്ഷമായ അര്‍ഥം കണക്കിലെടുക്കുന്ന ചിലര്‍ അത് നിഷിദ്ധമായി കരുതുന്നു. മറ്റു ചിലര്‍ അന്യപുരുഷന്‍മാരുടെ ആകര്‍ഷണ കേന്ദ്രമാവാന്‍ സാധ്യതയില്ലാത്ത പടുവൃദ്ധകളെ നിഷിദ്ധത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. വിശ്വസ്തരായ സ്ത്രീകളോടൊപ്പമുള്ള യാത്രയെ വേറെ ചിലര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടിനുള്ള സ്ത്രീ സ്വതന്ത്രയാണെങ്കില്‍ ഒരാള്‍ മതി എന്നു ചിലര്‍ പറയുന്നു. വഴി സുരക്ഷിതമാണെങ്കില്‍ ഒറ്റക്ക് യാത്ര ചെയ്യാമെന്ന് മറ്റൊരു പക്ഷം. ശൈഖുല്‍ ഇസ്്‌ലാം ഇബ്‌നുതൈമിയ്യ പ്രസ്തുത വീക്ഷണം പുലര്‍ത്തുന്നു. ‘അല്‍ ഫുറൂഇ’ല്‍ ഇബ്‌നു മുഫ്‌ലിഹ് ശൈഖുല്‍ ഇസ്്‌ലാമിനെ ഉദ്ധരിക്കുന്നു: ‘ നിര്‍ഭയയായ ഏതു സ്ത്രീക്കും രക്തബന്ധുവില്ലാതെ ഹജ്ജിനു പോകാം.’ അദ്ദേഹം തുടരുന്നു: ‘ അനുവദനീയമായ എല്ലാ യാത്രകള്‍ക്കും ഇത് ബാധകമാക്കാവുന്നതാണ്. ഐച്ഛികമായ ഹജ്ജിനെ സംബന്ധിച്ച് പറയുന്നേടത്ത് അല്‍കറാബീസി ഇത് ശാഫിഈയില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. വ്യാപാരം, സന്ദര്‍ശനം പോലുള്ള നിര്‍ബന്ധമില്ലാത്ത എല്ലാ യാത്രകളിലും ഇത് സാധുവാണെന്ന് അദ്ദേഹത്തിന്റെ ചില ശിഷ്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്.’ നിര്‍ബന്ധമായ ഹജ്ജ് കര്‍മത്തിന് പോകാന്‍ രക്തബന്ധു ഒരു ഉപാധിയല്ലെന്ന് ഇമാം അഹ്മദ് പറഞ്ഞതായി അസ്‌റം ഉദ്ധരിക്കുന്നു. കാരണം, അവള്‍ മറ്റു സ്ത്രീകളോടൊപ്പമാണ് യാത്ര ചെയ്യുന്നത്. മുസ്്‌ലിം പുരുഷന്റെ കൂടെ പോകുന്നതില്‍ ഇബ്‌നുസീരീന്‍ തെറ്റു കാണുന്നില്ല. ഇമാം ഔസാഇയുടെ അഭിപ്രായത്തില്‍ നീതിമാന്‍മാരായ സംഘത്തോടൊപ്പം പോകാം. സ്ത്രീകളുടെ സംഘത്തോടൊപ്പമാവാമെന്ന് മാലിക്; സ്വതന്ത്രയും വിശ്വസ്തയുമായ ഒരു സ്ത്രീ മതിയെന്ന് ശാഫിഈ; വഴി സുരക്ഷിതമാണെങ്കില്‍ ഒറ്റക്ക് പോകാമെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍.’
അല്‍ ഫാഫിളുബ്‌നു ഹജര്‍ പറയുന്നു: ‘ ഭര്‍ത്താവോ രക്തബന്ധുവോ വിശ്വസ്തരായ സ്ത്രീകളോ കൂട്ടിനുണ്ടാവുകയെന്ന ഉപാധിയാണ് ശാഫിഈ മദ്ഹബില്‍ അംഗീകൃതം. വിശ്വസ്തയായ ഒരു സ്ത്രീ മതിയെന്നൊരഭിപ്രായമുണ്ട്. അല്‍ കറാബീസി ഉദ്ധരിച്ച മറ്റൊരു അഭിപ്രായപ്രകാരം വഴി സുരക്ഷിതമാണെങ്കില്‍ സ്ത്രീക്ക് ഒറ്റക്ക് യാത്ര പോകാം.’ ഈ അഭിപ്രായങ്ങളെല്ലാം ഹജ്ജിനും ഉംറക്കും വേണ്ടിയുള്ള യാത്രകളെസ്സംബന്ധിച്ചാണെങ്കിലും എല്ലാ യാത്രകള്‍ക്കും ഈ വിധി ബാധകമാക്കാവുന്നതാണ്. ചില പണ്ഡിതന്‍മാര്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കാരണം, സ്ത്രീയുടെ സുരക്ഷിതത്വമാണ് നിയമത്തിന് നിദാനം. വഴി സുരക്ഷിതമാവുകയും വിശ്വസ്തരായ സ്ത്രീകളോ പുരുഷന്‍മാരോ കൂട്ടിനുണ്ടാവുകയും ചെയ്താല്‍ പ്രസ്തുത ലക്ഷ്യം പൂര്‍ത്തിയാവുന്നു. ഇതിന് തെളിവുകളുണ്ട്:
ഒന്ന്: ബുഖാരി ഉദ്ധരിച്ച ഒരു സംഭവം. ഉമറുബ്‌നുല്‍ ഖത്വാബ് (റ)ഒടുവിലത്തെ ഹജ്ജ് നിര്‍വഹിച്ച ഘട്ടത്തില്‍ പ്രവാചക പത്‌നിമാര്‍ക്കു കൂടി പങ്കെടുക്കാന്‍ അനുവാദം നല്‍കി. ഉസ്മാനുബ്‌നു അഫ്ഫാനെയും അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനെയുമാണ് അവരുടെ കൂട്ടിന് അയച്ചത്. ഉമറും ഉസ്മാനും അബ്ദുര്‍റഹ്മാനും പ്രവാചക പത്‌നിമാരും അതില്‍ യോജിച്ചു. സ്വഹാബികളില്‍ മറ്റാരും അത് എതിര്‍ക്കുകയുണ്ടായില്ല. ഇത് ഒരു ‘ഇജ്മാഅ്’ ആയി ഗണിക്കപ്പെടുന്നു.
രണ്ട്: അദിയ്യുബ്‌നു ഹാത്തിമില്‍നിന്ന് ബുഖാരിയും മുസ്്‌ലിമും ഉദ്ധരിക്കുന്ന ഹദീസ്: ഇസ്്‌ലാമിന്റെ ഭാവിയെയും അതിന്റെ പ്രചാരണത്തെയും കുറിച്ച് തിരുദൂതര്‍ ഹാത്തിമിനോട് പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെ കാണാം: ‘സ്ത്രീകള്‍, ദൈവഭവനം ലക്ഷ്യം വെച്ച് ഭര്‍ത്താക്കന്‍മാരോടൊപ്പമല്ലാതെ, അല്ലാഹുവിനെയൊഴിച്ച് ഒന്നിനെയും ഭയക്കാതെ ഹീറ(ഇറാഖിലാണീ നഗരം)യില്‍ നിന്ന് യാത്ര പുറപ്പെടുന്നതാണ്…’ ഇത് അങ്ങനെ സംഭവിക്കുമെന്ന് സൂചിപ്പിക്കുക മാത്രമല്ല, അതിന്റെ അനുവദനീയതയിലേക്ക് ചൂണ്ടുകകൂടി ചെയ്യുന്നു. കാരണം, ഇസ്്‌ലാമിന്റെ തണലും അത് കൈവരുത്താന്‍ പോകുന്ന ശാന്തിയും മുന്‍നിര്‍ത്തിയുള്ള ഒരു പ്രകീര്‍ത്തനത്തിന്റെ സന്ദര്‍ഭത്തിലാണ് പ്രസ്തുത വാക്യങ്ങള്‍ തിരുദൂതര്‍ അരുള്‍ ചെയ്തത്.
ഇതില്‍ രണ്ട് മഹത്തായ തത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു:
ഒന്ന്: സമ്പ്രദായങ്ങളും സാമൂഹിക ഇടപാടുകളും സംബന്ധിച്ച വിധി അവയുടെ ആശയവും ഉദ്ദേശ്യവും പരിഗണിച്ച് ആയിരിക്കേണ്ടതുണ്ട്. എന്നാല്‍, ആരാധനാ കര്‍മങ്ങളുടെ സ്ഥിതി അതല്ല. തികഞ്ഞ വിധേയത്വവും അനുസരണവുമാണ് അവയ്ക്കടിസ്ഥാനം. ആശയവും ഉദ്ദേശ്യവും നോട്ടമില്ല. ഇമാം ശാത്വബി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയും തെളിവു സഹിതം സമര്‍ഥിക്കുകയും ചെയ്തിരിക്കുന്നു.
രണ്ട്: സത്തയില്‍ത്തന്നെ നിഷിദ്ധമായ കാര്യങ്ങള്‍ നിര്‍ബന്ധിതാവസ്ഥയിലല്ലാതെ അനുവദനീയമാവില്ല. എന്നാല്‍, ഒരു പഴുതടയ്ക്കുവാന്‍ വേണ്ടി നിഷിദ്ധമാക്കപ്പെട്ടവ ഒരാവശ്യത്തിന് അനുവദനീയമാവുന്നതാണ്. രക്തബന്ധുവില്ലാതെ സ്ത്രീ യാത്രചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ടത് ഒരു പഴുതടയ്ക്കുവാന്‍ വേണ്ടിയാണെന്ന കാര്യത്തില്‍ സംശയമില്ല.
അനുബന്ധമായി ഒന്നുകൂടി പറയട്ടെ. ഇക്കാലത്തെ യാത്ര മുന്‍കാലങ്ങളെ അപേക്ഷിച്ച് തുലോം വ്യത്യസ്തമാണ്. വിജനമായ മരുപ്രദേശങ്ങള്‍ താണ്ടി, കള്ളന്‍മാരെയും കൊള്ളക്കാരെയും ഭയപ്പെട്ടു വേണമായിരുന്നു മുന്‍കാലങ്ങളില്‍ യാത്ര. ഇന്ന് കപ്പലുകളിലും വിമാനങ്ങളിലും ബസ്സുകളിലും ജനങ്ങള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നു. ഇത് യാത്രകളെ സുരക്ഷിതമാക്കുകയും സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയും ചെയ്യുന്നു. കാരണം, ഒരിടത്തും സ്ത്രീ ഒറ്റപ്പെട്ടുപോവില്ല. ഇത്തരം ഒരന്തരീക്ഷം ഉള്ളേടത്ത് സ്ത്രീ ഒറ്റക്ക് ഹജ്ജിന്നു പോകുന്നതില്‍ ഒരു തെറ്റുമില്ല.

About islam padasala

Check Also

യാത്ര- വിമാനത്തിലോ കാല്‍നടയോ?

വിമാനത്തിലോ, കാറിലോ, കാല്‍നടയായോ ഹജ്ജിന്നു പോകേണ്ടത്? ഏതാണ് ശ്രേഷ്ഠം? പാകിസ്ഥാനില്‍നിന്ന് ചിലര്‍ കാല്‍നടയായി ഹജ്ജിന്നെത്തുകയുണ്ടായി. തങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലം കിട്ടുമെന്നവര്‍ …

Leave a Reply

Your email address will not be published. Required fields are marked *