Home / Hajj Experiences / ഹജ്ജ്: ഒരനുഭവസാക്ഷ്യം

ഹജ്ജ്: ഒരനുഭവസാക്ഷ്യം

ഹജ്ജിനുള്ള തയ്യാറെടുപ്പ്
4000 വര്‍ഷങ്ങള്‍ക്ക് അപ്പുറം ഇബ്രാഹീ(അ)മിന് അല്ലാഹുവിന്റെ കല്പന ലഭിക്കുന്നു. മനുഷ്യരാശിയെ തൗഹീദിന്റെ കേന്ദ്രമായ മക്കയിലെ പരിശുദ്ധ ഭവനത്തിലേക്ക് ക്ഷണിക്കാന്‍. ഇബ്‌റാഹീം (അ) വിളിച്ചു. അല്ലാഹു താനുദ്ദേശിക്കുന്നവരെ ആ ക്ഷണം കേള്‍പ്പിച്ചു. അതത്രേ ജനലക്ഷങ്ങള്‍ ഇന്നും സമ്മേളിക്കുന്ന ഹജ്ജ്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും സ്വപ്നസാക്ഷാല്‍കാരത്തിനായി എത്തിച്ചേരുന്ന ജനസഞ്ചയം. അല്ലാഹുവിന്റെ അതിഥികളായി അവര്‍ പരിശുദ്ധ ഭൂമിയില്‍ പ്രവേശിക്കുന്നു. പ്രപഞ്ചനാഥന്റെ അദ്ധ്യക്ഷതയില്‍ നാളെ പരലോകത്ത് നടക്കാനിരിക്കുന്ന സമ്മേളനത്തെ അനുസ്മരിപ്പിക്കുന്ന പരിശുദ്ധ സമ്മേളനം. അതില്‍ ഓരോ ദേശത്തിന്റെയും പ്രതിനിധികളായി ഇടം പിടിക്കുന്ന ജനത. തുല്യതയില്ലാത്ത ആ നാളുകള്‍ക്ക് നിറച്ചാര്‍ത്ത് പകരുന്നവര്‍.

ഏതൊരു മുസ്‌ലിമാണ് ഹജ്ജിനെ ആഗ്രഹിക്കാത്തത്. പരിശുദ്ധ കഅ്ബ നഗ്‌ന നേത്രങ്ങളാല്‍ കാണാന്‍ കൊതിക്കാത്ത അനുയായികള്‍ മുഹമ്മദ് നബി (സ) ക്കില്ല. അന്ത്യപ്രവാചകനിലൂടെ നമ്മിലര്‍പ്പിതമായ നിര്‍ദ്ദേശമാണല്ലോ നിങ്ങളും ഇബ്‌റാഹീം  (അ)നെപ്പോലെ സ്രഷ്ടാവിനെ അനുസരിക്കുന്നവര്‍ അഥവാ മുസ്‌ലിങ്ങളാകൂ എന്ന്. സ്വയം നിര്‍മ്മിച്ച വിഗ്രഹങ്ങളെ വെടിഞ്ഞ് പ്രപഞ്ച പരിപാലകനായ ഇലാഹിലേക്ക് ജനങ്ങളെ ക്ഷണിച്ച് കൊണ്ട് ഇബ്‌റാഹീം (അ) സഹിച്ച ത്യാഗങ്ങള്‍, സഞ്ചരിച്ച ദേശങ്ങള്‍, അനുഭവിച്ച പരീക്ഷണങ്ങള്‍. വാര്‍ദ്ധക്യത്തില്‍ കൈവന്ന പൊന്നോമന പുത്രനെ കല്പന ലഭിച്ച മാത്രയില്‍ ചാഞ്ചല്യത്തിന്റെ ലാഞ്ചനയില്ലാതെ ലോകസ്രഷ്ടാവിന് ബലി നല്‍കാന്‍ തയ്യാറായി പിതാവ്. ജനകോടികള്‍ അതിനെ സ്മരിച്ച് പ്രതീകാത്മകമായി നടത്തുന്ന ബലിപെരുന്നാള്‍. ആഘോഷിക്കപ്പെടുന്ന ഈദ് ദിനങ്ങള്‍. മനസ്സിനെ വിദൂരമായ പുണ്യ ഭൂമിയിലേക്ക് തെളിച്ച് കൊണ്ടു പോകുന്നു.
ഹാജിമാരെ യാത്രയയക്കുന്ന ക്യാമ്പുകളിലെ ഉദ്‌ബോധനങ്ങളും പ്രാര്‍ത്ഥനകളും ആ പുണ്യനഗരത്തിലേക്ക് എത്തിപ്പെടാനുള്ള ത്വരയ്ക്ക് ആക്കം കൂട്ടി. തഹജ്ജുദ് നമസ്‌കരിച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം പൂവണിയുമെന്ന് ആരോ പറഞ്ഞു. ജീവിതത്തിലൊരിക്കല്‍ നിര്‍ബന്ധമായ കര്‍മം.അതും ആരോഗ്യവും സമ്പത്തും ഉള്ളവര്‍ക്ക്. പ്രായം കൂടുന്തോറും ആരോഗ്യം കുറയാനാണ് സാധ്യത. സമ്പത്ത് എന്നാല്‍ തലമുറകളോളം ജീവിക്കാനുള്ള സ്വത്താണോ? അന്വേഷണത്തില്‍ അല്ലെന്ന് മനസ്സിലായി. ആശ്രിതരെ വഴിയാധാരമാക്കാതെ പോയി വരാനുള്ള പണം. നാഥന്റെ മുമ്പില്‍ നിവര്‍ത്തി വെച്ചു. അപേക്ഷകനെ വെറും കയ്യോടെ തിരിച്ചയക്കാന്‍ റബ്ബിന് ലജ്ജയാണല്ലോ. പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു.നബി(സ)പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ)റിപ്പോര്‍ട്ടുചെയ്യുന്നു. ‘നിങ്ങള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ വേഗത്തില്‍ പുറപ്പെടുക. കാരണം ഭാവിയില്‍ എപ്പോഴാണ് നിങ്ങള്‍ക്ക് എന്തുസംഭവിക്കുമെന്ന്  ഒരാള്‍ക്കും മുന്‍കൂട്ടി പറയുക സാധ്യമല്ല’.

യാത്രയുടെ നടപടികള്‍ ആരംഭിച്ചു. ഓരോ സെക്കന്റിലും ഹജ്ജ് ആവേശമായി പൊതിഞ്ഞു. ഏതെങ്കിലും കാരണവശാല്‍ യാത്ര മാറ്റി വെക്കപ്പെടുക; ആലോചിക്കാന്‍ പോലും പ്രയാസം. അതിനാല്‍ പടച്ചവനുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. ദുര്‍ബലയായ എനിക്ക് നിന്റെ കാരുണ്യം മാത്രമാണ് രക്ഷ എന്ന് കുറ്റസമ്മതം നടത്തി.

ഓഫീസിലെ സഹപ്രവര്‍ത്തകര്‍ വിവരമറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. കാശിക്ക് പോവുന്നതു പോലെ വയസ്സാവുമ്പോഴല്ലെ ഹജ്ജിന് പോവേണ്ടത്? ചെറുപ്പത്തില്‍ പോകാന്‍ പറ്റുമോ? കൊച്ചു കുട്ടികളെ വീട്ടില്‍ നിര്‍ത്തിപ്പോകുന്നത് അവര്‍ക്ക് ഡിപ്രഷനുണ്ടാക്കുമെന്ന് പറഞ്ഞവരുമുണ്ട്. അറിയാവുന്നത് പോലെയൊക്കെ വിശദീകരണങ്ങള്‍ നല്‍കി. എന്റെ ആവേശം മുഴുവനായും അവരോട് പങ്കുവെക്കാന്‍ സാധിക്കുമായിരുന്നില്ല.

യാത്രക്ക് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ മൂത്തമോള്‍ക്ക് ശക്തിയായ പനി. കുറച്ച് ദിവസം ആശുപത്രിയില്‍ അഭയം തേടേണ്ടിവന്നു. ജോലിത്തിരക്കിനിടയില്‍ കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം കുറവ്. ലീവെടുത്ത് ആശുപത്രിയില്‍ മോളോടൊപ്പം നില്‍ക്കുന്നു. പനി കൂടിക്കൂടി വന്നു. ദിവസവും 6 ഇഞ്ചക്ഷന്‍ വീതം കൊടുത്തു. തണുത്ത തുണി കൊണ്ട് നഴ്‌സും ഞാനും മാറിമാറി മോളെ തുടച്ചുകൊണ്ടിരുന്നു. ഖുര്‍ആന്‍ ലളിതസാരം പാരായണത്തിലൂടെ മനസ്സിന് വലിയ ആശ്വാസം നല്‍കി. കേള്‍ക്കാന്‍ മോള്‍ക്കും വലിയ ഇഷ്ടം. റൂമില്‍ വരുന്ന നഴ്‌സുമാരും മറിച്ച് നോക്കി സംശയങ്ങള്‍ ചോദിച്ചു. തൊട്ടടുത്ത മുറികളില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ പേറുന്നവര്‍. ഒരാള്‍ മരണപ്പെട്ടു. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയാണ് ആശുപത്രികള്‍. ആരോഗ്യത്തോടെയിരിക്കുന്നവര്‍ രോഗികളെ സന്ദര്‍ശിക്കുന്നത് ജീവിതത്തെ കൂടുതല്‍ സൂക്ഷ്മതയുള്ളതാക്കും. മോളുടെ പനി കുറയാത്തത് ആധിയുണ്ടാക്കി. ചെറുതായൊന്ന് പിടിച്ചുലച്ചതിന് ശേഷം പനി കുറഞ്ഞു. അല്‍ഹംദുലില്ലാഹ്. മൂത്തമോളെ അടുത്തിരുന്ന് പരിചരിച്ചതിനാല്‍ ഇളയ ആള്‍ക്ക് പരാതിയുണ്ടായിരുന്നു. അത് വളരെ വേഗം പരിഹരിക്കപ്പെട്ടു.
കെ.ജി ക്ലാസ്സിലെ ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റിവല്‍ നടക്കുന്നതിന്റെ ഉത്സാഹത്തിലായിരുന്നു ചെറിയ മോള്‍. ഡാന്‍സിന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞ നിറത്തിലുള്ള വളയുമായി തലേ ദിവസം സ്‌കൂളില്‍ ചെല്ലേണ്ടി വന്നു. പ്രിന്‍സിപ്പാള്‍ പറഞ്ഞു. മോള്‍ നന്നായി കളിക്കുന്നുണ്ട്. പ്രൈസുണ്ടാകും. വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ മോളുടെ മുഖത്തൊരു വാട്ടം. കട്ടിലില്‍ കയറി കിടക്കുന്നുമുണ്ട്. കയ്യില്‍ പിടിച്ചപ്പോള്‍ വേദന നിറഞ്ഞ കരച്ചില്‍.

X-ray യില്‍ നോക്കി ഡോക്ടര്‍ പറഞ്ഞു കുഴ തിരിഞ്ഞതിനാല്‍ ഇന്ന് പ്ലാസ്റ്ററിടാനാവില്ല. നാളെ രാവിലെ അനസ്‌തേഷ്യ കൊടുത്ത് ചെയ്യാം. ഡോക്ടറുടെ മകനും പരിപാടിക്കുണ്ടായിരുന്നു. വലിയ പരിപാടിയാണല്ലേ. സാരമില്ല. നമുക്ക് അടുത്തകൊല്ലം കളിക്കാം. അനസ്‌തേഷ്യക്ക് ശേഷം മോള്‍ കണ്ണ് തുറക്കാന്‍ വൈകിയപ്പോള്‍ കരള്‍ പിടഞ്ഞു. തിയേറ്ററിന് പുറത്തെ കണ്ണാടി മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. നിങ്ങള്‍ പുറത്ത് നിന്നാല്‍ മതി നഴ്‌സ് നോക്കിക്കൊള്ളും. നഴ്‌സ് മോളെ തഴുകിക്കൊണ്ട് വിശേഷങ്ങള്‍ ചോദിച്ച്‌കൊണ്ടിരുന്നു. പിറ്റേന്ന് മുതല്‍ കയ്യില്‍ പ്ലാസ്റ്ററുമായി മോള്‍ ഓടി നടന്നു.
പ്രതീക്ഷിച്ചിരുന്ന ഫോണ്‍ കോള്‍ വന്നു. ഹജ്ജ് ഗ്രൂപ്പില്‍ നിന്നാണ്. ഫ്‌ളൈറ്റ് ശരിയായിരിക്കുന്നു. നവംബര്‍ 23-ാം തിയതി വെളുപ്പിന് നെടുമ്പാശ്ശേരിക്കടുത്തുള്ള അസ്ഹറിലെ ഹജ്ജ് ക്യാമ്പില്‍ എത്തിച്ചേരുക.

പി.എ സമീന

(ആലുവ സ്വദേശിയും കെ.എസ്.ഇ.ബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറുമാണ് ലേഖിക.)

About islam padasala

Check Also

ഹജ്ജ് വിശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. …

Leave a Reply

Your email address will not be published. Required fields are marked *