രാഷ്ട്രീയം-ലേഖനങ്ങള്‍

സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ഇസ് ലാമിക മാനം

നമ്മുടെ രാജ്യത്തിന്റെ പിറവിയിലും പോരാട്ടത്തിലും സാംസ്‌കാരികമായും രാഷ്ട്രീയമായും ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് മുസ്‌ലിംകള്‍. ഭൂരിപക്ഷ -ന്യൂനപക്ഷവ്യത്യാസമില്ലാതെ ഇതരസമുദായങ്ങളുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ അവര്‍ പങ്കുകൊള്ളുകയുണ്ടായി. ഈ രാജ്യത്ത് എല്ലാ സമുദായങ്ങളുമായും ഇഴുകിച്ചേര്‍ന്ന് ജീവിക്കുകയും അവരുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞുകൂടുകയും ചെയ്തു. അതിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളിലും സമുദായസംഘടനകളിലും സഹകരിച്ച് പ്രവര്‍ത്തിച്ചു. പൊതുശത്രുവിനെതിരെ യുദ്ധവേളയിലും സമാധാനനാളുകളിലും ഐക്യത്തോടെ നിലകൊണ്ടു. ഒരുവേള അത്തരം രാഷ്ട്രീയപാര്‍ട്ടികളുടെയും സമുദായസംഘടനകളുടെയും മൂല്യങ്ങളും ധാര്‍മികകാഴ്ചപ്പാടുകളും ഇസ്‌ലാമികവിരുദ്ധമാണെങ്കില്‍ പോലും അതൊന്നും സഹവര്‍ത്തിത്വത്തിന് പ്രതിബന്ധമായില്ല. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രതാല്‍പര്യം മുന്‍നിര്‍ത്തി മുസ് ലിംനേതാക്കന്‍മാര്‍ക്കും മുസ്‌ലിം പൊതുജനത്തിനും ചില കാഴ്ചപ്പാടുകള്‍ ഇസ്‌ലാമികതത്ത്വങ്ങള്‍ മുന്‍നിര്‍ത്തി സമര്‍പ്പിക്കുകയാണിവിടെ.

സാഹചര്യങ്ങളെ വിലയിരുത്തുക

സമുദായത്തിലെ നേതാക്കള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെയും അവയുടെ പരിണാമങ്ങളെക്കുറിച്ചും ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്നവരായിരിക്കണം. ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന പ്രഭാഷകരുടെ വായ്ത്താരികളില്‍ വശംവദരായി ദേശീയതയുടെയും ഭരണകൂടവിരുദ്ധതയുടെയും തീവ്രനിലപാടുകളില്‍ അവര്‍ കുരുങ്ങിനില്‍ക്കരുത്. മദീനയിലേക്ക് പലായനംചെയ്ത മുഹമ്മദ് നബി(സ)യും അദ്ദേഹത്തിന് ശേഷമുള്ള ഖുലഫാഉര്‍റാശിദുകളും നിയമവ്യവസ്ഥയെയും ഭരണഘടനയെയും ഏകീകരിച്ചു. എന്നാണോ അത് രണ്ടും വെവ്വേറെയാക്കപ്പെട്ടത് അതോടെ പണ്ഡിതസമൂഹം പ്രശ്‌നങ്ങളുടെ കുരുക്കഴിക്കുന്ന ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇസ്‌ലാമിനുനേരെയുണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. മുസ്‌ലിംകളെന്ന നിലക്ക് നമുക്ക് അല്ലാഹു അനുശാസിച്ചപോലെ വിശ്വസിക്കാനും ആരാധനകളര്‍പ്പിക്കാനും ജീവിക്കാനും അവസരമുണ്ടാവുകയെന്നതാണ് പ്രധാനം. ഖുര്‍ആന്‍ പറയുന്നു: ‘എനിക്ക് വഴിപ്പെട്ട് ജീവിക്കാനല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല’ (അദ്ദാരിയാത്ത് 56). ഇബാദത്ത് എന്നാല്‍ അല്ലാഹുവിനുള്ള സമര്‍പ്പണവും അനുസരണമവുമാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുക്തിജ്ഞനും സര്‍വജ്ഞനുമായ അല്ലാഹു വിശ്വാസികളെ നേര്‍മാര്‍ഗത്തിലേക്ക് വഴികാട്ടുന്നു എന്ന് എല്ലാ മുസ്‌ലിംകളും വിശ്വസിക്കുന്നു. ഇസ്‌ലാമികവിശ്വാസത്തിനും അതിന്റെ വക്താക്കള്‍ക്കും നേരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും ബൗദ്ധികാക്രമണങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുകയാണ് കര്‍മശാസ്ത്ര-പണ്ഡിതസമൂഹത്തിന്റെ ദൗത്യം.
ഇതര സമൂഹങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന്റെയും ഐക്യത്തിലെത്തിച്ചേരുന്നതിന്റെയും പിന്നിലെ പ്രചോദകം ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെക്കുന്ന അടിസ്ഥാന തത്ത്വങ്ങളാണ്. അവയില്‍ മുഖ്യമാണ് കുഴപ്പം തടയലും ഉപകാരംനേടലും. നേട്ടമുണ്ടാക്കുന്നതിനെക്കാള്‍ പ്രാധാന്യം ദ്രോഹങ്ങള്‍ തടയുന്നതിനാണെന്ന നിദാനകര്‍മശാസ്ത്രത്തിന്റെ നിയമമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നബി(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഞാന്‍ നിങ്ങളെ ഏതെല്ലാം സംഗതികളില്‍നിന്നാണോ വിലക്കിയിട്ടുള്ളത് അവയില്‍നിന്ന് അകലം പാലിക്കുക. എന്താണോ നിങ്ങളോട് ചെയ്യാന്‍ കല്‍പിച്ചിട്ടുള്ളത് അവ സാധ്യമാവുന്നത്ര ചെയ്തുകൊണ്ടിരിക്കുക.’ മേല്‍പറഞ്ഞ നിയമത്തെ മുന്‍നിര്‍ത്തിയാണ്, അയല്‍ക്കാരന് ഉപദ്രവമുണ്ടാകുന്ന രീതിയില്‍ സ്വന്തം വസ്തുവകകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ മുസ്‌ലിമിന് അനുവാദം ഇല്ലാതായത്. സാമൂഹിക വൈജാത്യങ്ങളെ അടിസ്ഥാനമാക്കി ജനതയെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള ദ്രോഹങ്ങള്‍ നാം നിത്യേനയായി കണ്ടുകൊണ്ടിരിക്കുന്നു. അക്രമത്തിന് ‘ളുല്‍മ് ‘ എന്ന വാക്കാണ് അറബിഭാഷയില്‍ പ്രയോഗിച്ചിട്ടുള്ളത്. ഒരു വസ്തുവിനെ അതിന്റെ സ്ഥാനത്തല്ലാതെ പ്രതിഷ്ഠിക്കുക എന്നാണ് അതിന്റെ ആശയം. ഒരാള്‍ക്ക് അര്‍ഹതയില്ലാത്ത ഒരു കാര്യത്തെ അയാളില്‍ ചാര്‍ത്തുക, അല്ലെങ്കില്‍ നല്‍കുക എന്നത് അക്രമമാണ്. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും ശിര്‍ക്ക് കൊടിയ അക്രമമാണ്'(ലുഖ്മാന്‍ 13). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് ജീവിതവും ഭക്ഷ്യവിഭവങ്ങളും സിദ്ധികളും നല്‍കിയ ആ ഏകനായ അല്ലാഹുവിനുള്ള അവകാശങ്ങളെ മറ്റൊരാള്‍ക്ക് വകവെച്ചുകൊടുക്കുക(അനുസരണ, ആരാധന തുടങ്ങിയവ..) എന്നത് കടുത്ത അക്രമമെന്നര്‍ഥം. മറ്റുള്ളവരെ കീഴടക്കുകയും കീഴാളരായി അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നത് സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള വിശ്വാസിയുടെ ബന്ധം മുന്‍നിര്‍ത്തി അനുവദനീയമല്ല. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: അല്ലാഹു പറഞ്ഞതായി നബിതിരുമേനി (സ) പറയുന്നു: ‘എന്റെ ദാസന്‍മാരേ, അടിച്ചമര്‍ത്തുകയെന്നത് ഞാന്‍ എനിക്ക് വിലക്കിയിരിക്കുന്നു. അത് നിങ്ങള്‍ക്കും വിലക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാട്ടി മറ്റുള്ളവരെ കീഴ്‌പ്പെടുത്തരുത്.’ അക്രമംപ്രവര്‍ത്തിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നത് സത്യനിഷേധികളുടെ സ്വഭാവമാണ്. എവിടെയങ്കിലും നിഷിദ്ധമായ ഒരു പ്രവര്‍ത്തനം നടക്കുന്നത് കണ്ടാല്‍-ഉദാഹരണത്തിന് സര്‍ക്കാര്‍ ഒരു വിഭാഗത്തോട് അനീതിയും വിവേചനവും കൈക്കൊള്ളുന്നു- വിശ്വാസികള്‍ അതിനെതിരെ നിയമവിധേയമായ എല്ലാ പ്രതിഷേധമാര്‍ഗങ്ങളും സ്വീകരിക്കണം. അല്ലാതെ ആ അക്രമത്തോടും അനീതിയോടും രാജിയാവുകയല്ല വേണ്ടത്. അല്ലെങ്കില്‍ മൗനം ദീക്ഷിക്കുകയല്ല ചെയ്യേണ്ടത്.

സഖ്യവും സഹകരണവും വഴി നമുക്ക് ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കാനാവും. അത് സമൂഹത്തില്‍ സുരക്ഷ, സമാധാനം, സുസ്ഥിതി, വിശ്വാസസ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുന്നു. ഇസ്‌ലാമികപദാവലിയില്‍ ഇതിനെ ‘മസ്‌ലഹത്ത്’ എന്നാണ് പറയുക. സുസ്ഥിരമായ പ്രയോജനം ഏവര്‍ക്കും വാഗ്ദാനം ചെയ്യുകയെന്നതാണ് അതിന്റെ ലക്ഷ്യമെന്ന് മഖ്വാസിദുശ്ശരീഅഃ വ്യക്തമാക്കുന്നു. ഇവിടെ ലക്ഷ്യമായി പറയുന്ന ഒരുവന്റെ വിശ്വാസം, ജീവന്‍, ബുദ്ധി, സന്താനപരമ്പര, സ്വത്ത് എന്നിവയ്ക്കുള്ള അവകാശം തുടങ്ങി മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള അഞ്ച് അവകാശങ്ങള്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും സ്ഥിരപ്പെട്ടവയാണ്. അതായത്, പ്രത്യക്ഷകല്‍പനകള്‍ എന്നതിലുപരി ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളില്‍നിന്ന് വെളിപ്പെടുന്ന കാര്യങ്ങളാണിവയെല്ലാം. ശരീഅത്തിന്റെ പ്രാഥമികപാഠങ്ങളെ തള്ളിക്കളയുന്ന ബുദ്ധിജീവികള്‍ക്കും പ്രയോജനവാദികള്‍ക്കും ഏറ്റവും ഇഷ്ടം ഖുര്‍ആന്‍ വിശേഷിപ്പിച്ചതനുസരിച്ച് സ്വന്തം താല്‍പര്യങ്ങളാണല്ലോ. അതിനാല്‍ ദീനിനെക്കുറിച്ചും ധാര്‍മികമൂല്യങ്ങളെക്കുറിച്ചും വിവരമില്ലാത്തവര്‍ മസ്‌ലഹത്തിനെ വ്യവഹരിക്കേണ്ട ആവശ്യമില്ല. കാരണം, ‘സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു'(അല്‍മുഅ്മിനൂന്‍ 71). ശരീഅത്ത് ഓരോ നിയമങ്ങളും മനുഷ്യന് സമ്മാനിച്ചിട്ടുള്ളത് പൂര്‍ണമായും നന്‍മ ലക്ഷ്യമിട്ടാണ്. അതിനാല്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഖണ്ഡിതമായ പ്രമാണമായി ഖുര്‍ആനിലോ സുന്നത്തിലോ കണ്ടിട്ടില്ലാത്ത പക്ഷം പണ്ഡിതസമൂഹം അത് മസ്വ്‌ലഹത്തിന്റെ ഗണത്തില്‍പെടുത്തി അതിനെ ആവിഷ്‌കരിക്കേണ്ടതാണ്. ഉദാഹരണമായി, ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം സംബന്ധിച്ച വിഷയം. സമാനമായ വിഷയങ്ങള്‍ പണ്ഡിതസമൂഹത്തിന്റെ ഇടപെടല്‍കൊണ്ടുമാത്രമാണ് നടപ്പിലാക്കാനാവൂ.

കൂട്ടായ്മയുടെ ഫലപ്രാപ്തി

സമൂഹത്തിന് ദ്രോഹകരമായ സംഗതികളെ ഇല്ലായ്മചെയ്യുന്നതിനും പ്രയോജനം എത്തിക്കുന്നതിനും വിശ്വാസികളെ പ്രേരിപ്പിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഒന്നുമാത്രമാണ്. ഇന്ന് നാം വ്യത്യസ്ത മതസമൂഹങ്ങളുമായി സഹവര്‍ത്തിത്വം പുലര്‍ത്തിയും സഹകരിച്ചുമാണ് മുന്നോട്ടുപോകുന്നത്. തൊഴിലിലും സാമ്പത്തികഇടപാടുകളിലും ഹലാല്‍ -ഹറാമുകള്‍ പരിഗണിച്ച് നാം സഹകരിക്കുന്നു. ഭൂമി, വെള്ളം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി എല്ലാ പ്രാഥമികസൗകര്യങ്ങളും നാം പരസ്പരം പങ്കുവെക്കുന്നു. ഇസ്‌ലാം അനുവദിച്ചതാണ് അവയെല്ലാം. ജാഹിലിയ്യാ കാലത്ത് മുഹമ്മദ് നബി(സ) മക്കാഖുറൈശികള്‍ ഉണ്ടാക്കിയ ഹില്‍ഫുല്‍ ഫുദൂലിനെപ്പറ്റി – സമൂഹത്തില്‍ സമാധാനവും ശാന്തിയും ഉറപ്പാക്കാനുണ്ടാക്കിയ കരാറാണിത്- ഇസ്‌ലാമിക സമൂഹത്തിന് വേണ്ടിവന്നാല്‍ അത്തരത്തിലുള്ള കരാറുകള്‍ക്ക് താന്‍ പിന്തുണ നല്‍കുമെന്ന് പ്രശംസാരൂപേണ അനുസ്മരിക്കുകയുണ്ടായി. പൊതുതാല്‍പര്യാര്‍ഥം മുസ്‌ലിമേതര സമുദായങ്ങളുമായി സഹകരിക്കാനുള്ള അനുവാദം മാത്രമല്ലിത്. മറിച്ച്, ദാരിദ്ര്യനിര്‍മാര്‍ജ്ജനം, അഗതി സ്ത്രീകളുടെ പുനരധിവാസം തുടങ്ങി സാഹചര്യങ്ങളുടെ ആവശ്യമനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ആഹ്വാനവുമാണ്.

ഒരു രാജ്യത്ത് മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്, അല്ലെങ്കില്‍ അവര്‍ ദുര്‍ബലരും പിന്നാക്കവിഭാഗവുമാണ് എന്നതൊന്നുമല്ല, വിശ്വാസകാര്യങ്ങളില്‍ തീര്‍ത്തുംവിരുദ്ധചേരിയിലുള്ള വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം. ‘പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത് ‘എന്ന അല്‍മാഇദ അധ്യായത്തിലെ രണ്ടാംസൂക്തമാണ് അതിന് തെളിവ്. ആ സൂക്തത്തിലെ ആദ്യഭാഗമാണ് നന്‍മയില്‍ സഹകരിക്കാന്‍ കല്‍പിക്കുന്നത്. മുസ്‌ലിംകള്‍ തിന്‍മയില്‍നിന്ന് വിട്ടുനില്‍ക്കുക മാത്രമല്ല, അത്തരം സംഗതികളില്‍ മറ്റുള്ളവരുമായി സഹകരിക്കുകയുമില്ല. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘തിന്‍മയിലേക്ക് ആര് വഴികാട്ടുന്നുവോ അവന്‍ പ്രസ്തുത തിന്‍മ ചെയ്തവനെപ്പോലെയാണ്'(തിര്‍മിദി). നബി(സ) തിരുമേനി പറഞ്ഞതായി ഇപ്രകാരം വന്നിരിക്കുന്നു: ‘പുനരുത്ഥാനനാളില്‍ ഒരു വിളിയാളന്‍ ഇപ്രകാരം പറയും: ‘തിന്‍മ പ്രവര്‍ത്തിച്ചവരെവിടെ? അവരെ പിന്തുടര്‍ന്നവരെവിടെ? അവരെ പിന്തുണച്ചവരെവിടെ ?’ എത്രത്തോളമെന്നാല്‍ അവര്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരെ ആ തിന്‍മയുടെ വക്താക്കള്‍ക്കൊപ്പം ഇരുമ്പുപെട്ടിയിലടക്കം ചെയ്ത് നരകത്തിലേക്കെറിയും’.
ഇത്രയും സംഗതികള്‍ മുന്നില്‍വെച്ചുകൊണ്ട് പ്രവാചകന്‍ തിരുമേനി (സ)യുടെ കാലത്ത് വിശ്വാസിയേതരസമൂഹവുമായി നന്‍മകളില്‍ സഹകരിച്ച ഒട്ടേറെ ചരിത്രസംഭവങ്ങള്‍ നമുക്ക് കാണാനാവും.

പ്രവാചകന്റെ മക്കാജീവിതകാലത്ത് അദ്ദേഹത്തിന്റെ സത്യസന്ദേശം സ്വീകരിച്ച ദരിദ്രരായ അനുയായികള്‍ ഒട്ടനേകം പീഡനങ്ങള്‍ക്കിരയാവുകയുണ്ടായി. സാമ്പത്തികഇടപാടുകളില്‍ അവര്‍ക്കെതിരെ മക്കാ മുശ്‌രിക്കുകള്‍ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തുക പോലുംചെയ്തു. എന്നിട്ടും മുസ്‌ലിംകള്‍ മക്കയിലെ അവിശ്വാസികളുമായി കച്ചവടബന്ധം തുടര്‍ന്നു. എന്നുമാത്രമല്ല, വിദൂരദിക്കുകളില്‍ കച്ചവടത്തിനായി അമുസ്‌ലിംഗോത്രങ്ങളുമായി ചേര്‍ന്ന് യാത്രകള്‍ ചെയ്തു.

മക്കയില്‍നിന്ന് മദീനയിലെത്തിയ മുഹമ്മദ് നബി(സ)യും അനുയായികളും അവിടത്തെ വിവിധജൂത ഗോത്രങ്ങളുമായി ചേര്‍ന്ന് മദീനാ ചാര്‍ട്ടര്‍ തയ്യാറാക്കി. ഒരു സമുദായമെന്ന നിലക്ക് അയല്‍ക്കാരെപ്പോലെ അവര്‍ ജീവിച്ചു. അവര്‍ പരസ്പരം കച്ചവടബന്ധങ്ങളിലേര്‍പ്പെട്ടു. അന്യോന്യം അവകാശങ്ങള്‍ വകവെച്ചുകൊടുത്തു. പശ്ചാത്തലസംവിധാനങ്ങള്‍ പരസ്പരം പങ്കുവെച്ചു.
ഹുദൈബിയ സന്ധിയുടെ വേളയില്‍ മക്കയിലെ മുശ്‌രിക്കുകളുമായി വ്യാപാരം, പരസ്പരകൈമാറ്റം, മക്കാസന്ദര്‍ശനം തുടങ്ങിയ വിഷയങ്ങളില്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു. പ്രസ്തുത സന്ധി തികച്ചും മുസ്‌ലിംവിരുദ്ധമെന്ന വീക്ഷണമായിരുന്നു ഉമര്‍(റ)വിനെപ്പോലുള്ള പ്രമുഖര്‍ക്കുണ്ടായിരുന്നത്. മേല്‍സംഭവങ്ങള്‍ മക്കയിലെ ബഹുദൈവാരാധകരും മദീനയിലെ ജൂതന്‍മാരും അടങ്ങിയ സമൂഹങ്ങളുമായി ബന്ധപ്പെട്ടതാണ്. അത്തരം കരാറുകളും വ്യവസ്ഥകളും വലിയ തിന്‍മകളെയും ദുരന്തങ്ങളെയും ഇല്ലാതാക്കാന്‍ വളരെയധികം സഹായിച്ചു.

ഉഹുദ് യുദ്ധവേളയിലുണ്ടായ സംഭവമാണ് മറ്റൊന്ന്. മദീനയില്‍നിന്ന് പുറപ്പെട്ട മുസ് ലിംകള്‍ ഏതാണ്ട് 1000 പേരടങ്ങുന്ന ഒരു സംഘമായിരുന്നു. അക്കൂട്ടത്തില്‍ ചില കപടവിശ്വാസികളും ഉണ്ടായിരുന്നു. അവര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂലിന്റെ നേതൃത്വത്തില്‍ ഇടക്കുവെച്ച് സംഘത്തില്‍നിന്ന് തിരികെപോയ്ക്കളഞ്ഞു. യാത്രയുടെ ആരംഭത്തില്‍ തന്നെ നബിതിരുമേനിക്കറിയാമായിരുന്നു അത്തരം മുനാഫിഖുകളുടെ സംഘം തന്നോടൊപ്പമുണ്ടെന്ന്. എന്നിട്ടും അദ്ദേഹം അവരെ വിശ്വാസികളുടെ കൂടെക്കൂട്ടി.അവരെ മദീനയില്‍ വിട്ടേച്ചുവന്നാല്‍ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വലിയൊരു ദുരന്തമുണ്ടാകുമായിരുന്നു. അത് തടയാമെന്ന് നബി (സ) കണക്കൂകൂട്ടി.
മുസ്‌ലിംകളും അവിശ്വാസികളും നിര്‍ണിതലക്ഷ്യത്തിനുവേണ്ടി സമാന്തരമായാണ് പ്രവര്‍ത്തിച്ചത്. ഇസ്‌ലാമികവിശ്വാസങ്ങളുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന വിഷയങ്ങളില്‍ പക്ഷേ അവര്‍ സഹകരിച്ചുമില്ല. അതിനാല്‍ ഇന്നത്തെ രാഷ്ട്രീയ-സാമൂഹികസാഹചര്യത്തില്‍ ഇസ്‌ലാമിന്റെ സംരക്ഷണത്തിനായി നന്‍മകളില്‍ പരസ്പരമുള്ള സഹകരണത്തിന് ആദര്‍ശം വ്യത്യസ്തമാണെന്നത് കാരണമായി ഉയര്‍ത്തിക്കൂടാ.

Topics