വിദ്യാഭ്യാസം-ലേഖനങ്ങള്‍

ഇസ്‌ലാമികവിദ്യാഭ്യാസം : സവിശേഷതകള്‍

വിജ്ഞാനത്തെക്കുറിച്ച കാഴ്ചപ്പാടിലും സമീപനത്തിലും പാഠ്യപദ്ധതിയിലും ബോധനരീതിയിലും ഉറവിടത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലുമെല്ലാം ഇതരവിദ്യാഭ്യാസ വ്യവസ്ഥകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമാണ് ഇസ്‌ലാമികവിദ്യാഭ്യാസം. അവയ്ക്കില്ലാത്തതോ അവ അവഗണിക്കുന്നതോ ആയ ചില സവിശേഷതകളാണ് അതിനെ വ്യതിരിക്തമാക്കിത്തീര്‍ക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്:

1. ദൈവവിശ്വാസം

ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ സമീപനമാണ് ഇസ് ലാമിനുള്ളത്. പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും ദൈവികവെളിപാടുകളുടെ വെളിച്ചത്തില്‍ വായിച്ച് മനസ്സിലാക്കാനും അവയുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനും അധിപതിയുമായ ഏകനായ ദൈവത്തെ അറിയാനും അവന് സ്വയം സമര്‍പിക്കാനും മനുഷ്യധിഷണയോടാഹ്വാനം ചെയ്യലാണ് ഇസ്‌ലാമികവിദ്യാഭ്യാസത്തിന്റെ കാതലായ തേട്ടം. മനുഷ്യനെ അവന്റെ സ്രഷ്ടാവുമായും മനുഷ്യജീവിതത്തെ ദൈവം നല്‍കിയ ജീവിത പദ്ധതിയുമായും ഐഹികലോകത്തെ പാരത്രിക ലോകവുമായും ബന്ധപ്പെടുത്താനുള്ള ബുദ്ധിപരമായ പ്രയത്‌നമാണ് ഇസ്‌ലാമിക വിദ്യാഭ്യാസം.

2. സമഗ്രതയും സന്തുലിതത്വും

ഇസ്‌ലാമിക വിദ്യാഭ്യാസം സമഗ്രവും സമ്പൂര്‍ണവും സന്തുലിതവുമായ വീക്ഷണകോണിലൂടെയാണ് മനുഷ്യനെയും ജീവിതത്തെയും വിജ്ഞാനത്തെയും നോക്കിക്കാണുന്നത്. മനുഷ്യനിലെ മണ്ണിന്റെയും വിണ്ണിന്റെയും അംശങ്ങളെ സന്തുലിതമായി സമീപിക്കാനുള്ള പ്രകൃതിപരമായ താളാത്മകത ഇസ്‌ലാമികവിദ്യാഭ്യാസത്തിനുണ്ട്. ആത്മാവിനെയും ശരീരത്തിനെയും പഞ്ചേന്ദ്രിയങ്ങളെയും വീക്ഷണങ്ങളെയും സ്വഭാവഗുണങ്ങളെയും നൈസര്‍ഗിക കഴിവുകളെയുംസന്തുലിതമായും വളര്‍ത്തിയെടുത്ത് ഭക്തിയും ശക്തിയും സമ്മേളിക്കുന്ന പൂര്‍ണതയുടെ സൗന്ദര്യം സ്ഫുരിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാന്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് കഴിയും.
ജീവിതത്തെയും വിജ്ഞാനത്തെയും മതപരമെന്നും മതേതരമെന്നും വിഭജിക്കുകയും തരംതിരിക്കുകയും ചെയ്യാതെ, ഏകീകരിച്ച് സമ്പൂര്‍ണമാക്കിത്തീര്‍ക്കുകയാണ് ഇസ്‌ലാമിക വിദ്യാഭ്യാസം ചെയ്യുന്നത്.

3. മാനുഷികഭാവം

ഇസ്‌ലാമില്‍ വിദ്യാഭ്യാസത്തിന്റെ വിഷയത്തിലും ലക്ഷ്യത്തിലും വ്യതിരിക്തമായി നില്‍ക്കുന്ന സവിശേഷത അവയുടെ മാനുഷികഭാവമാണ്. ഇസ്‌ലാമികവിദ്യാഭ്യാസം വിഷയമാക്കുന്നതും വളര്‍ത്തിയെടുക്കുന്നതും മനുഷ്യനെയാണ്. അത് പഠിപ്പിക്കുന്ന വിശ്വാസവും മൂല്യങ്ങളും ഗുണങ്ങളും മനുഷ്യനന്‍മയെയാണ് ലക്ഷ്യമിടുന്നത്. അല്ലാതെ, കേവലം നാടിന്റെയോ പൗരന്റെയോ നന്‍മയല്ല. മനുഷ്യനന്‍മയെക്കുറിച്ച് അതിന്റെ വിഭാവന അടിസ്ഥാനപരമായി കാലദേശ പരിഗണനകള്‍ക്കതീതമാണ്. അത് പ്രബോധനം ചെയ്യുന്ന മൂല്യങ്ങളും ധാര്‍മികമൂല്യങ്ങളും ഭേദഗതികള്‍ക്ക് വിധേയമാകുന്നതല്ല. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനെയും അവനുള്‍പ്പെടെയുള്ള പ്രകൃതിയെയും സംരക്ഷിക്കുന്നതും നാഗരികവികാസം വരാനിരിക്കുന്ന തലമുറകളുടെ നിലനില്‍പിനെയും നന്‍മയെയും പരിഗണിക്കുന്നതുമായിരിക്കണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്.

4. വികാസ ക്ഷമത

വിജ്ഞാനത്തോടുള്ള ഇസ്‌ലാമിന്റെ സമീപനം വികാസക്ഷമവും ഇലാസ്തികവും ക്രിയാത്മകവുമാണ്. മനുഷ്യന്റെ ധൈഷണികമായ അന്വേഷണങ്ങളെയും സമൂഹത്തിന്റെ പുരോഗമനോന്‍മുഖമായ താല്‍പര്യങ്ങളെയും , കാലഘട്ടത്തിന്റെ വികസന സ്വപ്‌നങ്ങളെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ, അവ മനുഷ്യന്റെ ശരിയായ നേട്ടങ്ങളെക്കുറിച്ച ഇസ്‌ലാമിന്റെ വീക്ഷണങ്ങള്‍ക്കും നിലനില്‍പിനും മൂല്യങ്ങളുടെ സംരക്ഷണത്തിനും എതിരാകരുതെന്ന് മാത്രം. സവിശേഷമായ സംഗതി, ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയില്‍ നിഷേധാത്മക പ്രവണതകള്‍ തുലോം കുറവായിരിക്കുമെന്നതാണ്.

About the author

padasalaadmin

Topics

Featured