സ്വതന്ത്ര ഭരണകൂടങ്ങള്‍

ഗസ്‌നവികള്‍ (977-1186)

സമാനികളുടെ കീഴില്‍ അടിമയായിരുന്ന ആല്‍പ്തിജിന്‍ കാബൂളില്‍ സ്ഥാപിച്ച ഭരണകൂടമാണ് ഗസ്‌നി. ഗസ്‌നികള്‍ ഖുറാസാനും പെഷവാറും പിടിച്ചെടുത്തു. ജയപാലനെ തോല്‍പിച്ച് സിന്ധുനദിയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ അവര്‍ കൈക്കലാക്കി. ഗസ്‌നവികളുടെ സുവര്‍ണകാലമെന്നറിയപ്പെടുന്നത് സുല്‍ത്താന്‍ മഹ്മൂദിന്റെ ഭരണകാലമാണ്. യമുനാനദിക്കും ടൈഗ്രീസ്‌നദിക്കുമിടക്കുള്ള പ്രവിശാലമായ ഭൂപ്രദേശം അവര്‍ അടക്കിഭരിച്ചു. സോമനാഥക്ഷേത്രം ആക്രമിച്ച് ധാരാളം പൊന്നും ധനവും കൊള്ളചെയ്ത മഹ്മൂദ് ഗസ്‌നിയെ ചരിത്രകാരന്‍മാര്‍ അപലപിച്ചു. (എന്നാല്‍ ഈ സംഭവത്തെ ക്ഷേത്രധ്വംസനമെന്ന പേരില്‍ ചിത്രീകരിച്ച് ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.) അക്കാലത്ത് സ്വത്തുകള്‍ സൂക്ഷിച്ചുവെച്ചിരുന്നത് ക്ഷേത്രങ്ങളിലായിരുന്നുവെന്നതിനാലാണ് സുല്‍ത്താന്‍ അത് കവര്‍ന്നെടുക്കാനായി ആക്രമിച്ചത്. സോമനാഥില്‍നിന്ന് മടങ്ങുംവഴി മന്‍സൂറ കീഴടക്കി. സിന്ധും തന്റെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. പാക്കിസ്താനിലും ഇന്ത്യയിലുമായി അദ്ദേഹം മൊത്തം പതിനേഴ് തവണ പടയോട്ടം നടത്തി. ഈ യുദ്ധങ്ങള്‍ വഴി മഹ്മൂദ് വളരെ പ്രശസ്തനായെങ്കിലും അവ ഇസ്‌ലാമിന് വേണ്ടി ആയിരുന്നില്ല. മഹ്മൂദിന്റെ സൈന്യം ഡല്‍ഹി, മഥുര ,ഖനൂജ്, സോമനാഥം തുടങ്ങിയ പ്രദേശങ്ങളിലൊക്കെ എത്തിയെങ്കിലും അവിടങ്ങളിലെല്ലാം ധനംകൊള്ളചെയ്തും തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിച്ചും നാട്ടിലേക്ക് മടങ്ങുകയാണദ്ദേഹം ചെയ്തത്. തന്റെ മേല്‍ക്കോയ്മ അംഗീകരിച്ച രാജാക്കന്‍മാര്‍ ഇടക്കിടെ കലാപം ഉയര്‍ത്തിക്കൊണ്ടിരുന്നതിനാല്‍ അത് അടിച്ചമര്‍ത്താന്‍ വീണ്ടും വീണ്ടും സൈന്യവുമായി വരേണ്ടിവന്നു. കീഴടക്കിയ സ്ഥലങ്ങളെ തന്റെ ഭരണത്തിന്‍കീഴില്‍ ഏകോപിപ്പിക്കുന്നതിന് ശ്രമിക്കാതിരുന്നതാണ് കൂടെക്കൂടെ യുദ്ധംചെയ്യേണ്ട സാഹചര്യംസൃഷ്ടിച്ചത്. ആളും അര്‍ഥവും കണക്കില്ലാതെ നഷ്ടപ്പെടുക മാത്രമല്ല, മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്ന തെറ്റുധാരണ തദ്ദേശീയരായ ഹൈന്ദവസമൂഹത്തില്‍ അത് ഉണ്ടാക്കുകയുംചെയ്തു.

പ്രജാവത്സലനായ ഭരണാധികാരിയായിരുന്നു മഹ്മൂദ് ഗസ്‌നി. അദ്ദേഹം ഗസ്‌നിയില്‍ നിരവധി വിദ്യാലയങ്ങളും വിജ്ഞാനസൗധങ്ങളും പടുത്തുയര്‍ത്തി. വിദ്യകളില്‍ പ്രാവീണ്യം നേടുന്നവരെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. ‘ഷാഹ് നാമ’ രചിക്കാന്‍ ഫിര്‍ദൗസിക്ക് പ്രേരണ നല്‍കിയത് മഹ്മൂദാണ്. കവികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും വര്‍ഷംതോറും നാലുലക്ഷം ദീനാര്‍ വിതരണംചെയ്തിരുന്നു. അദ്ദേഹത്തിന്റെ പണ്ഡിതസദസ്സില്‍ മഹനീയസ്ഥാനം അലങ്കരിച്ചിരുന്നയാളായിരുന്നു അല്‍ബിറൂനി.

സുല്‍ത്താന്‍ മഹ്മൂദിന്റെ പിന്‍ഗാമികളില്‍ വിജ്ഞാനപരിപോഷണത്തിനും വിദ്യാഭ്യാസത്തിനും അതീവപ്രാധാന്യം നല്‍കി. സുല്‍ത്താന്‍ മസ്ഊദിന്റെയും പുത്രന്‍ ബൈറമിന്റെയും കാലത്ത് കൊട്ടാരപണ്ഡിതന്‍മാരുടെ വേതനം ഗണ്യമായി വര്‍ധിപ്പിച്ചു. സയ്യിദ് ഹസന്‍ ഗസ്‌നവി, ശൈഖ് നിസാമി എന്നിവര്‍ ആ സദസ്സുകളെ അലങ്കരിച്ചിരുന്നു. സംസ്‌കൃതത്തില്‍നിന്ന് ‘ഖലീല വ ദിംന’ എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ഒരു ഗ്രന്ഥം ബൈറാം വിവര്‍ത്തനംചെയ്തിട്ടുണ്ട്.

മഹ്മൂദിനുശേഷം ഗസ്‌നി ഭരണകൂടത്തിന്റെ അധഃപതനം തുടങ്ങി. മഹ്മൂദിന്റെ പുത്രന്‍ മസ്ഊദിന്റെ അവസാനകാലത്ത് മധ്യേഷ്യയില്‍ നിന്നുവന്ന സല്‍ജൂഖികള്‍ ഗസ്‌നി ഭരണകൂടത്തിന്റെ വടക്കുംപടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ കീഴടക്കി. ഗസ്‌നി സുല്‍ത്താന്‍മാരുടെ അധീനത്തില്‍ ഇന്നത്തെ അഫ്ഗാനിസ്താന്റെ കിഴക്കന്‍ പ്രദേശങ്ങളും പാകിസ്താനും മാത്രമേ അവശേഷിച്ചുള്ളൂ.
അധഃപതനകാലത്തെ ഗസ്‌നിഭരണാധികാരികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തന്‍ സുല്‍ത്താന്‍ ഇബ്‌റാഹീമാണ്. തന്റെ 40 വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തെ വളരെയധികം ശക്തിപ്പെടുത്തി.സല്‍ജൂഖികളുമായി നല്ല ബന്ധം സ്ഥാപിച്ചു. ഇന്ത്യയില്‍ കൂടുതല്‍ വിജയംനേടി. ഈ കാലത്ത് ഹിന്ദുക്കള്‍ പഞ്ചാബില്‍നിന്ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിജയിച്ചില്ല. ഇബ്‌റാഹീം ഡല്‍ഹി വരെയുള്ള പ്രദേശങ്ങള്‍ ഗസ്‌നി സല്‍ത്തനത്തിനോട് ചേര്‍ക്കുകയും ബനാറസ് വരെ വിജയകരമായ പടയോട്ടങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു.

മതഭക്തനും പ്രജാവത്സലനുമായിരുന്നു ഇബ്‌റാഹീം. രാത്രിസമയങ്ങളില് ഗസ്‌നി നഗരത്തില്‍ കറങ്ങി നടന്ന് ആവശ്യക്കാര്‍ക്കും അശരണര്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുക പതിവായിരുന്നു. സുന്ദരമായ കൈപ്പടയില്‍ എഴുതാന്‍ അറിയാമായിരുന്ന അദ്ദേഹം വര്‍ഷംതോറും ഖുര്‍ആന്റെ ഓരോ കോപ്പി എഴുതി മക്കയിലേക്കും മദീനയിലേക്കും ഇടവിട്ട് അയച്ചുകൊടുത്തുകൊണ്ടിരുന്നു. കൊട്ടാരങ്ങളും കൊത്തളങ്ങളും നിര്‍മിക്കുന്നതിന് പകരം ജനങ്ങള്‍ക്കുപകാരമുള്ള കെട്ടിടങ്ങള്‍ പണിയാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. മദ്‌റസകളും ഖാന്‍ഗാഹുകളും മുസാഫിര്‍ ഖാനകളും പള്ളികളുമായി നാനൂറില്‍പരം മന്ദിരങ്ങള്‍ അദ്ദേഹം നിര്‍മിക്കുകയുണ്ടായി. ഗസ്‌നിയുടെ കൊട്ടാരത്തില്‍ ഒരു വലിയ ഔഷധശാല അദ്ദേഹം സ്ഥാപിച്ചു. അതില്‍നിന്ന് സൗജന്യമായാണ് മരുന്നുകള്‍ വിതരണംചെയ്തിരുന്നത്. കണ്ണുരോഗങ്ങള്‍ക്ക് സവിശേഷ ഫലപ്രദമായ ചിലമരുന്നുകള്‍ ഈ ഔഷധശാലയില്‍ നിര്‍മിക്കപ്പെട്ടിരുന്നു.
ഹി. 45(ക്രി. 1150) ല്‍ ഗോറിലെ സുല്‍ത്താനായ അലാവുദ്ദീന്‍ ഗസ്‌നി പട്ടണം പിടിച്ചടക്കി അഗ്നിക്കിരയാക്കിയതോടെ ഗസ്‌നി സല്‍ത്തനത്ത് തകര്‍ന്നു. ഈ സംഭവത്തിന്‌ശേഷം രണ്ട് ഗസ്‌നി സുല്‍ത്താന്‍മാര്‍ ലാഹോര്‍ ആസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്. ഹി. 582-ല്‍ സിഹാബുദ്ദീന്‍ എന്നുപേരായ ഗോറിലെ മറ്റൊരു സുല്‍ത്താന്‍ ലാഹോര്‍ പിടിച്ചടക്കുകയും ഗസ്‌നി ഭരണത്തിന് അന്ത്യംകുറിക്കുകയുംചെയ്തു.

ഗസ്‌നി സുല്‍ത്താന്‍മാരുടെ ഭരണം ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. രണ്ട് നൂറ്റാണ്ടോളം ഇന്ത്യയുടെ പശ്ചിമഭാഗങ്ങള്‍ ഗസ്‌നി ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. ആ കാലത്താണ് പശ്ചിമ ഇന്ത്യയില്‍ ഇസ്‌ലാമികസംസ്‌കാരം വേരോടിയത്. സുലൈമാന്‍ പര്‍വതത്തില്‍ അധിവസിച്ചിരുന്ന പഠാണികള്‍ ഇസ്‌ലാം സ്വീകരിച്ചതും ലാഹോര്‍ വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും കേന്ദ്രമായി വളര്‍ന്നതും ഈ കാലത്താണ്.

Topics