രാഷ്ട്രസങ്കല്‍പം

സാമ്പത്തികവികസനം എങ്ങനെയായിരിക്കണം?

കൂടുതല്‍ ഉല്‍പാദനം, വര്‍ധിച്ച ഉപഭോഗം എന്നീ അര്‍ഥത്തിലാണ് ഇന്ന് വികസനം ഉപയോഗിച്ചുവരുന്നത്. ഇതനുസരിച്ച് ആളോഹരി വരുമാനവും ഉപഭോഗവും വര്‍ധിച്ച രാജ്യങ്ങള്‍ മുന്നാക്കമായി വിലയിരുത്തപ്പെടുന്നു. അതേസമയം മനുഷ്യനിലെ ബഹുമുഖ സവിശേഷതകളുടെ വികസനവും മനുഷ്യവിഭവപങ്കാളിത്തവും ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

ഒരോ സമൂഹവും കടന്നുപോന്ന ഭൗതികപ്രതിസന്ധികളും ചരിത്രപരവും മാനസികവുമായ സാഹചര്യങ്ങളും അവര്‍ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും വികസനത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

വികസനം ഒരു നാഗരികപ്രക്രിയയാണ് . മനുഷ്യന്റെ മഹത്ത്വവും സുഖക്ഷേമവുമാണതിന്റെ ലക്ഷ്യം. മനുഷ്യനിര്‍മാണം, മനുഷ്യസ്വാതന്ത്ര്യം, അവന്റെ യോഗ്യതകളുടെ വളര്‍ച്ച, വികാസം എല്ലാം അതിന്റെ ലക്ഷ്യമാണ്. സമൂഹത്തിന് ഗുണപ്രദമായ സകല സ്രോതസ്സുകളും കണ്ടെത്താനുും വികസിപ്പിക്കാനും അവയെ കീഴ്‌പ്പെടുത്താനും അത് അവസരമുണ്ടാക്കുന്നു. ഈ വികസനങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം സാംസ്‌കാരികവികസനമാണ്. പിന്നാക്കരാജ്യങ്ങള്‍ സാമ്പത്തികവികസനം മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ. വികസനപ്രക്രിയയും പുരോഗതിയും ആ ചട്ടക്കൂടില്‍ മാത്രം ഒതുങ്ങുന്നതാണെന്നാണ് ഇന്നത്തെ സങ്കല്‍പം. അതു ശരിയല്ല. പിന്നാക്കത്തിന് വിവിധ മാനങ്ങളുണ്ട്. ഇതില്‍ സമൂഹത്തിന്റെ സകല വശങ്ങള്‍ക്കും പങ്കുണ്ട്. സാംസ്‌കാരിക- രാഷ്ട്രീയ- സാമൂഹിക മേഖലകളില്‍ പുരോഗമിച്ച ഒരു സമൂഹത്തില്‍ സാമ്പത്തിക പിന്നാക്കാവസ്ഥ ഉണ്ടാവില്ല. അതിന്റെ അര്‍ഥം എല്ലാ മേഖലകളും ഒപ്പത്തിനൊപ്പം പുരോഗമിച്ചാലേ വികസനമുണ്ടാകൂ എന്നാണ്. ഏതെങ്കിലും മേഖലയില്‍ പിന്നാക്കാവസ്ഥ നിലനില്‍ക്കുന്നുവെങ്കില്‍ മറ്റുമേഖലകളിലും താളപ്പിഴയുണ്ടെന്ന് തീര്‍ച്ച. ഇത്രയും പറഞ്ഞതില്‍നിന്ന് വികസനമെന്ന വിഷയത്തെ ആദര്‍ശപരവും മാനസികവും സാംസ്‌കാരികവും സാമൂഹികവുമായ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ടുവേണം വിലയിരുത്താനെന്ന് വ്യക്തമാകുന്നു. ഇറക്കുമതി ചെയ്യുന്ന വികസനമാതൃകകള്‍ വികസനമെന്ന യാഥാര്‍ഥ്യത്തെ വികലമാക്കും. യൂറോപ്യന്‍ സമൂഹങ്ങള്‍ തങ്ങള്‍ക്കനുയോജ്യമായി കരുതുന്ന വികസനം അതേപടി മുസ്‌ലിംസമൂഹത്തില്‍ ഫിറ്റാവുകയില്ല. നമുക്ക് നമ്മുടേതായ മൗലികതയിലും തനിമയിലും ഊന്നിയ വികസനമാണാവശ്യം.
ഏതൊരു സമൂഹത്തിനും അവരുടെതായ ആദര്‍ശവും ജീവിത പ്രാപഞ്ചികവീക്ഷണവുമുണ്ട്. ഇതിലൂടെയാണ് അവരുടെ സാംസ്‌കാരിക ചരിത്രവ്യക്തിത്വം രൂപപ്പെടുന്നത്. വികസനപ്രക്രിയകള്‍ ഈ യാഥാര്‍ഥ്യത്തെ ഉപജീവിച്ചുകൊണ്ടായിരിക്കണം. അങ്ങനെ വരുമ്പോള്‍ വിദേശ ഉപദേഷ്ടാക്കള്‍ക്ക് നമുക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല.

ഭക്ഷണവും വസ്ത്രവനും മരുന്നും ചെരുപ്പും ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നതുപോലെ വൈദേശിക പദ്ധതികളെയും വിദഗ്ധരെയും ഇറക്കുമതി ചെയ്ത് വികസനലക്ഷ്യം കണ്ടെത്താമെന്ന് ധരിക്കുന്നത് മൗഢ്യമാണ്. ‘കണ്ണുണ്ട്, പക്ഷേ ഉള്‍ക്കാഴ്ചയില്ല’ എന്ന് പറയുന്നതുപോലെയാണ് ഈ അവസ്ഥ. മൂന്നാം ലോകത്ത് ഇറക്കുമതി ചെയ്ത വികസനപദ്ധതികള്‍ പരാജയപ്പെട്ടത് ഇതിന്റെ വ്യക്തമായ തെളിവാണ്. ഇറക്കുമതി ചെയ്ത ശരീരവും സമൂഹത്തിന്റെ സ്വത്വാത്മാവും എന്തുകൊണ്ട് പൊരുത്തപ്പെടുകയില്ലെന്ന് ആരും ചിന്തിക്കുന്നില്ല.

അതേസമയം ലോകാനുഭവങ്ങളുടെയും വിവരങ്ങളുടെയും കൈമാറ്റത്തിന്റെ കവാടങ്ങള്‍ അടച്ചുകളയണമെന്നൊന്നുമല്ല നാം പറഞ്ഞത്. ലക്ഷ്യം വെക്കുന്ന വികസനപ്രക്രിയയില്‍ കലാപരവും മാനസികവുമായ ഉപാധികളും സമൂഹത്തിന്റെ സവിശേഷതകളും നമുക്കായി സംയോജിക്കപ്പെടണം. ഈവിധം സ്വന്തം പാരമ്പര്യങ്ങളുടെയും സ്വത്വബോധങ്ങളുടെയും ഭൂമികയില്‍ നിന്നുകൊണ്ടുതന്നെ വിവരക്കൂമ്പാരം ഉപയോഗപ്പെടുത്തിയ നാടുകള്‍ക്കുദാഹരണമാണ് ചൈനയും ജപ്പാനും . ഇരുരാജ്യങ്ങളും തങ്ങളുടെ മാനവവിഭവത്തെയും ഭാഷയെയും ഉപയോഗിച്ചുകൊണ്ടുതന്നെ വികസനരംഗത്ത് മേല്‍ക്കോയ്മ നേടി. ചരക്കുകള്‍ ഇറക്കുമതി ചെയ്യാനായി യാത്രചെയ്യുന്ന വ്യാപാരിയും പഠിച്ചുതിരിച്ച് വന്ന് ഉല്‍പാദന രംഗത്തിറങ്ങുന്ന വിദ്യാര്‍ഥിയും തമ്മിലുള്ള അന്തരം വ്യക്തമാണല്ലോ. മുസ്‌ലിംസമൂഹത്തെ സംബന്ധിച്ചിടത്തോളം വിവിധാശയങ്ങളുള്ള വികസനമെന്ന ലക്ഷ്യം ഇസ്‌ലാമിക വൃത്തത്തില്‍നിന്നുകൊണ്ടുവേണം സാധിക്കാന്‍. ഇസ്‌ലാമികവീക്ഷണത്തിലെ മനുഷ്യന്റെ മാനസികവും സാമൂഹികവുമായ സാധ്യതകള്‍ പരിഗണിച്ചുകൊണ്ടാവണം അല്ലെങ്കില്‍ അത് പിന്നാക്കത്തെയാണ് ശക്തിപ്പെടുത്തുക.

ഭൗതികസമൂഹങ്ങളുടെയും ജീവിതത്തിന്റെ ഭൗതിക വ്യാഖ്യാനത്തിന്റെ ഉപഭോഗത്വരയുടെയും സമ്മര്‍ദ്ദങ്ങള്‍ ഇസ്‌ലാമികസമൂഹത്തില്‍ മാനസികവും സാമൂഹികവും ധാര്‍മികവുമായ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു.

ഈമാനും തഖ്‌വയും മനുഷ്യനിലെ ക്രിയാത്മകതയെ ഉജ്ജീവിപ്പിക്കാനും അത് നിരന്തരം നിലനിര്‍ത്താനും പോഷിപ്പിക്കാനും സഹായകമാകണം. ഈമാനും തഖ് വയും നിഷേധാത്മകമല്ല. ഉല്‍പാദനം, വളര്‍ച്ച, വികാസം, നാഗരികത എന്നിവയെ ത്വരിപ്പിക്കുന്ന സ്രോതസ്സുകളാണ് കടുത്ത പ്രതിസന്ധികളെ തരണം ചെയ്യാനും പുത്തന്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അവ സഹായിക്കുന്നു. ആത്മീയാവസ്ഥ വലിയ അളവില്‍ ഭൗതികാവസ്ഥയെ സ്വാധീനിക്കുന്നു എന്ന് ഖുര്‍ആന്‍ വരച്ചുകാട്ടുന്നുണ്ട്. അല്‍അഅ്‌റാഫ് :86, നൂഹ്:10, 11, അല്‍ബഖറ :155 , അന്നഹ്ല്‍ 112 എന്നിവ ഉദാഹരണം.

ആത്മീയ -സാമൂഹിക-രാഷ്ട്രീയ -സാമ്പത്തിക രംഗങ്ങളില്‍ സംഭവിക്കുന്ന തെറ്റുകളാണ് സമുദായത്തിന്റെ തകര്‍ച്ചക്കും നിശ്ചലതക്കും വളര്‍ച്ചാമുരടിപ്പിനും കാരണമാകുന്നത്. സത്യവിശ്വാസം, ദൈവഭക്തി, ക്ഷമ, പാപമോചനം, സ്വന്തത്തോടുള്ള സമരം എന്നിവ ആയുധങ്ങളാക്കി പ്രവര്‍ത്തിച്ചാലേ സമുദായത്തിന് സൗഖ്യവും ശക്തിയും പറന്നുയരാനുള്ള പുതിയൊരു ത്രാണിയും ലഭിക്കുകയുള്ളൂ. സമുദായങ്ങളുടെ നാഗരികവളര്‍ച്ചയില്‍ ഭൗതികകാരണങ്ങളെയും തടസ്സങ്ങളെയും ആത്മീയവും സാമൂഹികവുമായ ഉപാധികളെയും തമ്മില്‍ ബന്ധിപ്പിച്ച് ചിന്തിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ ശുദ്ധപാവങ്ങളാണ്. സമസ്ത ഭൗതിക ആസ്തികള്‍ക്കും സാധ്യതകള്‍ക്കും മീതെ ഇരുന്നിട്ടും അവ പ്രത്യുല്‍പന്നപരമായി ഉപയോഗിക്കാതെ ആരുടെയോ ഭൗതിക രൂപമാതൃകകളുടെ ബാഹ്യപ്രകടനങ്ങളെ അന്ധമായി അനുകരിക്കാനേ അവര്‍ക്കു കഴിയുന്നുള്ളൂ. ഉപഭോഗം മാത്രമറിയുന്ന നമുക്ക് ഉല്‍പാദനം അറിയില്ല.

എല്ലാ തലങ്ങളിലും മുസ്‌ലിംകള്‍ക്ക് ക്രിയാത്മകത നഷ്ടപ്പെട്ടിരിക്കുന്നു. മുസ്‌ലിംലോകത്ത് പിന്നാക്കാവസ്ഥയുടെ ഒരു കാരണം രാഷ്ട്രീയ സേഛാധിപത്യമാണ്. സേഛാധിപത്യം ശേഷികളെ നിര്‍വീര്യമാക്കുന്നു. സര്‍ഗാത്മകതയെ ശീതീകരിക്കുന്നു. വിദഗ്ധരെ നാടുകടക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

മുസ്‌ലിംസമൂഹം നേരിടുന്ന പിന്നാക്കാവസ്ഥയുടെയും തജ്ജന്യമായ സംസ്‌കാരികച്യുതിയുടെയും യാഥാര്‍ഥ്യവും ലക്ഷ്യവും സാധ്യതകളും സ്വപ്‌നങ്ങളും തമ്മിലുള്ള വിടവ് കൂടുന്നതിന്റെയും യഥാര്‍ഥ കാരണം ഇസ്‌ലാമിനോട് സത്യസന്ധമായ പ്രതിബദ്ധത ഇല്ലായ്മയാണ്. സമുദായത്തിന്റെ കൈവശമുള്ള സംവിധാനങ്ങളെ യഥോചിതം ഉപയോഗപ്പെടുത്താതിരുന്നതിന്റെ ഫലമായി പിന്നാക്കപ്രിയം സഹജമെന്നോണം പിടികൂടി എന്നാണ് ഇതിന്റെ മുഖ്യകാരണം. നാം ആവിഷ്‌കരിച്ച വിദ്യാഭ്യാസപദ്ധതികള്‍ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. പാശ്ചാത്യമാതൃകകള്‍ ഇറക്കുമതി ചെയ്ത നമുക്ക് ശരിയായ ചരിത്ര സാംസ്‌കാരിക വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ കഴിയാതെ പോയി. ഇതിന്റെയെല്ലാം ഫലമായി ഏതൊരു ലക്ഷ്യത്തിന് വേണ്ടിയാണോ നാം സൃഷ്ടിക്കപ്പെട്ടത്, ആ ലക്ഷ്യം അകലെത്തന്നെ സ്ഥിതിചെയ്യുന്നു.

പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ഇസ്‌ലാമിന്റെ കൈവശം മാന്ത്രിക പരിഹാരമൊന്നുമില്ല. അതേസമയം, വികസനത്തെക്കുറിച്ച സമഗ്രദര്‍ശനം അത് മുന്നോട്ടുവെക്കുന്നുണ്ട്. ഇത് ആധാരമാക്കി ഗവേഷണപഠനങ്ങള്‍ നടത്തുകയാണ് ആവശ്യം.

ഉമര്‍ ഉബൈദ് ഹസനഃ

Topics