അബ്ദുല്‍ മലികിന്റെ മരണത്തെ തുടര്‍ന്ന് ഹിജ്‌റ 86 ല്‍ അദ്ദേഹത്തിന്റെ പുതന്‍ വലീദ് അധികാരത്തിലേറി. ഹിജ്‌റ 86 മുതല്‍ 96 വരെ ഭരണം നടത്തിയ വലീദ് ഇസ്‌ലാമികരാഷ്ട്രം വളരെ വിസ്തൃതമാക്കുകയും ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത് സാമ്രാജ്യവിപുലീകരണത്തിനും സദ്ഭരണം കാഴ്ചവെച്ചതിനും ഏറെ സഹായിച്ചത് ധീരരും പ്രതിഭാസമ്പന്നരുമായ നിരവധി സൈന്യനായകന്‍മാരുടെയും ഗവര്‍ണര്‍മാരുടെയും കൂട്ടായപ്രവര്‍ത്തനമായിരുന്നു. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ മലിക്, ഹജ്ജാജുബ്‌നു യൂസുഫ്, മൂസബ്‌നു നുസൈര്‍, മുഹമ്മദ് ബ്‌നു ഖാസിം, ഖുതൈബ ബ്‌നു മുസ്‌ലിം, മുഹല്ലബ്‌നു അബിസഫ്‌റ തുടങ്ങിയവരുടെ ധീരമായ നേതൃത്വം എടുത്തുപറയാവുന്നതാണ്.
പേര്‍ഷ്യന്‍ പ്രദേശത്ത് ജയ്ഹൂന്‍ നദി കടന്ന് ബുഖാറ, സമര്‍ഖന്ത്, കീവ്, കശ്ഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ജയിച്ചടക്കി രാഷ്ട്രത്തിന്റെ അതിര്‍ത്തി ചൈന വരെ വികസിച്ചത് ഖുതൈബയുടെ നേതൃത്വത്തിലായിരുന്നു.
സിന്ധ് ഇസ്‌ലാമിക രാഷ്ട്രത്തില്‍
ലങ്കാ രാജാവ് ഖലീഫക്കയച്ച സമ്മാനങ്ങളുമായി അറേബ്യയിലേക്കു പോകുകയായിരുന്ന കപ്പല്‍ സിന്ധിന്റെ തീരത്തുവെച്ച് ആക്രമിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന ധാരാളം മുസ്‌ലിംകളെ ബന്ധികളാക്കുകയും ചരക്കുകള്‍ മുഴുവന്‍ കവര്‍ച്ച ചെയ്യുകയുമുണ്ടായി. ബന്ധനസ്ഥരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു ഖലീഫ സിന്ധിലെ രാജാവിനു കത്തെഴുതി. പക്ഷേ, രാജാവ് അത് കാര്യമാക്കിയില്ല. തുടര്‍ന്ന് ആദര്‍ശദീരനായ 17 വയസ്സുമാത്രം പ്രായമുള്ള മുഹമ്മദ് ബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. സിന്ധിന്റെയും മുള്‍ത്താന്റെയും ഭരണാധികാരിയായിരുന്ന രാജാദാഹിറിനെ അതിരൂക്ഷമായ യുദ്ധത്തില്‍ പരാജയപ്പെടുത്തി. ദാഹിറിനെ വധിച്ച സൈന്യം ബന്ദികളെ മോചിപ്പിക്കുകയും സിന്ധും മുള്‍ത്താനും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാക്കുകയും ചെയ്തു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക ദര്‍ശനത്തോടു ജനങ്ങള്‍ക്കു താല്‍പര്യം ജനിപ്പിക്കും വിധം നീതിനിഷ്ഠവും മാതൃകാപരവുമായ ഭരണം മുഹമ്മദ്ബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി.
സ്‌പെയിനിലേക്ക്
അന്തുലുസ് എന്നറിയപ്പെട്ടിരുന്ന സ്‌പെയിനും പോര്‍ച്ചുഗലും ഭരണം നടത്തിയിരുന്നത് ക്രൈസ്തവ രാജാവായ റോഡ്രിഗ്‌സ് ആയിരുന്നു. ഇദ്ദേഹത്തിന്റെ മര്‍ദ്ദകഭരണത്തിനെതിരെ അന്തലുസിലെ ഒരു ക്രൈസ്തവ നേതാവ് ഉത്തരാഫ്രിക്കയിലെ മുസ്‌ലിംഗവര്‍ണറായ മൂസബ്‌നുനുസൈറിനോട് സഹായാഭ്യര്‍ഥന നടത്തി. ഖലീഫയുടെ അനുമതിയോടെ ഗവര്‍ണര്‍ ഒരു സൈന്യത്തെ താരിഖ്ബ്‌നു സിയാദിന്റെ നേതൃത്വത്തില്‍ അന്തുലുസിലേക്ക് അയച്ചു. ലക്ക താഴ്‌വരയില്‍ വെച്ച് റോഡ്രിഗ്‌സിന്റെ 40000 ഭടന്‍മാരും (ഒരുലക്ഷമെന്നും ചില ചരിത്രകാരന്‍മാര്‍ എഴുതിയിട്ടുണ്ട്) താരിഖിന്റെ 12000 ഭടന്‍മാരും തമ്മില്‍ നിര്‍ണായകമായ ഘോരയുദ്ധം നടന്നു. റോഡ്രിഗ്‌സിന്റെ ദുര്‍ഭരണം അവസാനിപ്പിക്കുവാന്‍ ഒരുവിഭാഗം സൈനികര്‍ അറബികളെ സ്വാഗതം ചെയ്തു. താരിഖിന്റെ യുദ്ധതന്ത്രത്തിനും ധീരതയ്ക്കും മുന്നില്‍ പതറിപ്പോയ ക്രൈസ്തവ സൈന്യം ദയനീയമായി പരാജയപ്പെടുകയു റോഡ്രിഗ്‌സ് വധിക്കപ്പെടുകയും ചെയ്തു. ഇതിനകം മൂസബ്‌നു നുസൈറും സൈന്യസമേതം താരിഖിനൊപ്പം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുറഞ്ഞ കാലത്തിനകം അന്തുലുസ് പ്രദേശങ്ങള്‍ മുഴുവന്‍ കീഴ്‌പ്പെടുത്തുകയും പിരണീസ് പര്‍വതനിര കടന്ന് ഫ്രാന്‍സിന്റെ അതിര്‍ത്തിയിലെത്തുകയും ചെയ്തു. തുടര്‍ന്നുള്ള സാഹസിക മുന്നേറ്റത്തിന് ഖലീഫ വലീദിന്റെ അനുമതി ലഭിക്കുകയുണ്ടായില്ല. ഈ ഉദ്യമം മുസ്‌ലിംകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ യൂറോപ്പുമുഴുവന്‍ അന്നേ ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലാകുമായിരുന്നു.
താരിഖും സൈന്യവും ഉത്തരാഫ്രിക്കയില്‍ നിന്ന് അന്തുലുസിലേക്കുള്ള യാത്രയില്‍ മുറിച്ചുകടന്ന കടലിടുക്ക് ജബലുതാരിഖ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. പിന്നീട് അത് ജിബ്രാള്‍ട്ടര്‍ എന്നായിത്തീര്‍ന്നു.
ഏഷ്യാമൈനര്‍ ഭാഗത്ത് ഖലീഫയുടെ സഹോദരന്‍ മസ്‌ലമത്തുബ്‌നു അബ്ദുല്‍ മലികിന്റെ നേതൃത്വത്തില്‍ റോമക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നു. നിരവധി പ്രദേശങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രത്തോട് ചേര്‍ക്കപ്പെട്ടു. നാവിക മേഖലയിലും ഒട്ടേറെ യുദ്ധങ്ങള്‍ ഇക്കാലത്ത് നടന്നു പടിഞ്ഞാറെ റോമന്‍ ഉള്‍ക്കടലിലുള്ള ബല്‍യാര്‍ക്ക് ദ്വീപ് പിടിച്ചെടുത്തത് ഇക്കാലത്തായിരുന്നു.
അന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും വിസ്തൃതിയുള്ള ഇസ്‌ലാമിക രാഷ്ട്രമായി ഖലീഫ വലീദിന് രാഷ്ട്രത്തെ വികസിപ്പിക്കുവാന്‍ കഴിഞ്ഞു.
ക്ഷേമപ്രവര്‍ത്തനങ്ങള്‍
നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കീര്‍ത്തികേട്ടതായിരുന്നു വലീദിന്റെ ഭരണം. ഗതാഗതത്തിനു പുതിയ പാതകള്‍ നിര്‍മിക്കുകയും ഉള്ളവ നന്നാക്കുകയും ചെയ്തു. പാതകള്‍ക്കരികില്‍ നാഴികക്കുറ്റികള്‍ സ്ഥാപിച്ചു. വഴിയരികില്‍ കിണറുകള്‍ കുഴിക്കുകയും യാത്രക്കാര്‍ക്കായി അതിഥിമന്ദിരങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ആരോഗ്യരംഗത്തും മുന്നേറ്റമുണ്ടായി. പലയിടങ്ങളിലും ആശുപത്രികള്‍ സ്ഥാപിച്ചു. ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
രാജ്യത്ത് യാചന നിരോധിക്കുകയും അഗതികള്‍ക്ക് നിത്യച്ചെലവു നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. അന്തരെ നയിക്കുവാനും സേവിക്കുവാനും ആളുകളെ ഏര്‍പ്പെടുത്തി. അഗതികളുടെയും അനാഥരുടെയും സംരക്ഷണത്തിനും അവരുടെ വിദ്യാഭ്യാസത്തിനും സംവിധാനങ്ങളുണ്ടാക്കി. പണ്ഡിതന്‍മാര്‍ക്കും കര്‍മശാസ്ത്രജ്ഞര്‍ക്കും പെന്‍ഷനും അര്‍ഹരായ മറ്റാളുകള്‍ക്ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു.
ഖുര്‍ആന്‍ മനഃപ്പാഠമാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. റമദാനില്‍ നോമ്പുകാര്‍ക്ക് പള്ളികളില്‍ ഭക്ഷണം നല്‍കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. വലീദിന്റെ സഹായികളില്‍ പ്രമുഖനായ ഹജ്ജാജുബ്‌നു യൂസുഫ് ഇറാഖ്, ഇറാന്‍, തുര്‍ക്കിസ്ഥാന്‍, സിന്ധ് തുടങ്ങിയ വിസ്തൃതമായ ഭൂവിഭാഗങ്ങളുടെ ഗവര്‍ണറായിരുന്നു. അറബി ലിബിക്കു പുള്ളികളും സ്വരചിഹ്നങ്ങളും നല്‍കിയത് ഹജ്ജാജായിരുന്നു. ഉമവീഭരണം സുഭദ്രമാക്കിയ അദ്ദേഹം 20 വര്‍ഷക്കാലം ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. സ്‌പെയിന്‍ കേന്ദ്രമായി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക കലാശാലകള്‍ നിര്‍മിച്ചുകൊണ്ട് യൂറോപ്യര്‍ക്ക് വെളിച്ചം പകരാന്‍ കഴിഞ്ഞത് വലീദിന്റെ കാലത്തെ എടുത്തുപറയാവുന്ന നേട്ടമാണ്.
മസ്ജിദുന്നബവി കമനീയമായി പുതുക്കിപ്പണിതു. തലസ്ഥാന നഗരിയായ ദമസ്‌കസില്‍ അല്‍ജാമിഉല്‍ ഉമവി എന്ന പേരില്‍ നിര്‍മിച്ച മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നിലകൊള്ളുന്നു. റോമാസാമ്രാജ്യത്തില്‍ നിന്നു വന്ന നയതന്ത്രപ്രതിനിധി ഈ പള്ളികണ്ടിട്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘മുസ്‌ലിംകളുടെ പുരോഗതി കുറച്ചുകാലമേ ഉണ്ടാകൂ എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഈ കെട്ടിടം കണ്ടിട്ട് അവര്‍ മരണമില്ലാത്ത ജനതയാണെന്നാണ് തോന്നുന്നത്.’
Add Comment