International

ലോകം പറയുന്നു, ഐഎസ് ഇസ് ലാമല്ലെന്ന്

നിരപരാധരുടെ തലയരിഞ്ഞും അപ്രിയമായതിനെ മുഴുവന്‍ സംഹരിച്ചും മതപ്രമാണങ്ങളില്‍ വിശ്വസിക്കുന്നവരുടെ മനസ്സില്‍ തീ കോരിയിട്ടും സമൂഹത്തില്‍ പടര്‍ന്നുകയറുകയാണ് ഭീകരവാദികളായ ഐഎസ്. അത് സാമുദായിക സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തിലേക്കും കടലുകള്‍ താണ്ടി എത്തിനോക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന രൂപത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നിര്‍മ്മിക്കുകയാണ്. സംശയത്തിന്റെ പേരിലാണെങ്കിലും കസ്റ്റഡിയിലെടുത്ത വിദേശ മലയാളികളുടെ പേരുകളെ ചുറ്റിപ്പറ്റി ചില മാധ്യമങ്ങള്‍ തയ്യാറാക്കുന്ന അപസര്‍പ്പക കഥകള്‍ അതാണ് സൂചിപ്പിക്കുന്നത്.

തീവ്രവാദഭീകരവാദ ഭീഷണികളെ ഗൗരവമായി നോക്കിക്കണ്ട് പ്രായോഗിക പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ഇസ്‌ലാമിന്റെ പേരില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില തീവ്രവാദ സംഘങ്ങള്‍ക്ക് മതരാഷ്ട്രവാദം നെഞ്ചേറ്റുന്ന പല പ്രസ്ഥാനങ്ങളുടേയും പണ്ഡിതന്‍മാരുടെയും ദാര്‍ശനിക പിന്തുണയുണ്ടെന്നത് നേരാണ്. എന്നാല്‍ അതിന്റെ പേരില്‍ പാശ്ചാത്യശക്തികള്‍ പാലൂട്ടിവളര്‍ത്തിയ ടെററിസ്റ്റ് ഗ്രൂപ്പിന് മതകീയ ലേബല്‍ പതിച്ചുനല്‍കാന്‍ ശ്രമിക്കുന്നത് അനുചിതമാണ്.

പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടത് പ്രവാചകനും അനുയായികളുമായ പൂര്‍വസൂരികള്‍ വ്യഖ്യാനിച്ചതുപോലെ തന്നെയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. അത്തരമൊരു വ്യാഖ്യാനം നിലനിന്നിരുന്ന കാലമത്രയും ലോകത്ത് തീവ്രവാദവിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇന്നും അന്യമതസ്ഥരെ കാരണം കൂടാതെ കൊന്നുതള്ളുന്ന ഒരു ടെററിസ്റ്റ് ഗ്രൂപ്പിനും പ്രമാണ പിന്തുണ അവകാശപ്പെടാന്‍ കഴിയാത്തതും ഇതിനാല്‍ തന്നെയാണ്. അതേസമയം തീവ്രവാദത്തിനായാലും അതിവാദ ചിന്തകള്‍ക്കായാലും ആദര്‍ശ പിന്തുണ ലഭിക്കാന്‍ ഇന്നും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ദുരവസ്ഥയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളിലെ സലഫി പാതയുടെ അടിസ്ഥാനത്തില്‍ ഇത് വിശദീകരിക്കാനാകും.

ഇറാഖ് കേന്ദ്രീകരിച്ച് ഐ.എസിന്റെ ആദ്യസംഘടനാരൂപം ജന്മമെടുത്തത് 1999ലാണ്. ജോര്‍ദാന്‍കാരനായ അബു മൂസാ അല്‍സര്‍ഖാവിയാണ് ഇതിന് തുടക്കം കുറിക്കുന്നത്. സദ്ദാംഹുസൈനെ കീഴടക്കി ഇറാഖിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തതോടെ, ഇറാഖില്‍ അല്‍ഖയ്ദ ശക്തമാകാന്‍ തുടങ്ങി. അതോടെ 2004ല്‍ സര്‍ഖാവി അല്‍ഖയ്ദയുടെ ഭാഗമായി. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തില്‍, 2006ല്‍ സര്‍ഖാവി കൊല്ലപ്പെട്ടു. ഇതിന് ശേഷം ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ദുര്‍ഭരണം ചെറുക്കാനെന്ന പേരില്‍ അല്‍ഖയ്ദയും വിവിധ തീവ്രവാദ ഗ്രൂപ്പുകളും ചേര്‍ന്ന് 2006 ഒക്ടോബറില്‍ ഇറാഖിലെ ആറ് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് രൂപീകൃതമായതായി പ്രഖ്യാപിച്ചു.

അക്കാലങ്ങളില്‍ ഇറാഖിലെ ബാഗ്ദാദിനടുത്ത് ബുക്ക ജയിലില്‍ അമേരിക്കന്‍ തടവുകാരനായി കഴിഞ്ഞയാളായിരുന്നു അബൂബക്കര്‍ അല്‍ ബാഗ്ദാദി. 2009ല്‍ മോചിതനായ ശേഷമാണ് അമേരിക്കയുടെയും ഇസ്രാഈലിന്റെയും സഹായത്തോടെ ബാഗ്ദാദിയും സഹതടവുകാരും ഐസിസിന്റെ തലപ്പത്തെത്തിയതും അവര്‍ക്ക് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരമൊരുക്കിയതും എന്ന് 2014 ഡിസംബര്‍ 11ന് ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഗാര്‍ഡിയന്‍’ ദിനപത്രത്തില്‍ മാര്‍ട്ടിന്‍ ചുലോവ് പ്രസിദ്ധീകരിച്ച ഐ.എസ് നേതാവുമായുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വ്യക്തമായ തിരക്കഥയുടെയും ഗെയിംപ്ലാനിന്റെയും അടിസ്ഥാനത്തില്‍ നയവ്യതിയാനം നടത്തിയ ഈ തീവ്രവാദ ഗ്രൂപ്പാണ് ഇന്ന് ക്രൂരതയുടെ അപരനാമമായി മാറിയ പുതിയ ഐ.എസ് ആയി രൂപാന്തരപ്പെട്ടത്.

ലോകമുസ്‌ലിംകള്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കണമെന്ന് പറഞ്ഞു ഖിലാഫത്തിനായി ആഹ്വാനം ചെയ്ത് 2013ല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതു മുതലാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് അശ്ശാം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വ്യക്തമായ ലക്ഷ്യത്തോടെ അല്‍ഖാഇദയെ സൃഷ്ടിക്കുകയും അവരെ പാലൂട്ടി വളര്‍ത്തുകയും ചെയ്ത അതേ പാശ്ചാത്യശക്തികള്‍ തന്നെയാണ് ഇറാഖിലെയും സിറിയയിലെയും തന്ത്രപ്രധാന മേഖലകളില്‍ ആധിപത്യം സ്ഥാപിച്ച ഈ ഭീകര സംഘത്തിനും ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാന്‍ സൗകര്യങ്ങളൊരുക്കിക്കൊടുത്തത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഏഴ് സൈനിക ചെക്ക്‌പോസ്റ്റുകള്‍ നിഷ്പ്രയാസം കടന്ന് ഐസിസിന് തിക്രിത്തിലെത്താന്‍ കഴിഞ്ഞെന്നത് തന്നെ അതിനുള്ള തെളിവാണ്. ഹാല്ലി ബര്‍ട്ടണ്‍ പോലുള്ള ആയുധക്കമ്പനികളുടെ സ്രഷ്ടാക്കളായ അമേരിക്കയാവട്ടെ അതില്‍ താത്ത്വികമായ തലമെന്നതിലുപരി സാമ്പത്തിക ലാഭവുംകൂടി കാണുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

ലോകക്രമത്തിന്റെ ഭാവിയെ കുറിച്ചുള്ള അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ടിന്റെ പ്രവചന ചിത്രീകരണത്തിന്റെ ഭാഗമായി ‘പുതിയ ഖിലാഫത്തിനെ കുറിച്ചുള്ള കെട്ടുകഥാപരമായ സംഭവവിവരണം’ എന്ന ഉപശീര്‍ഷകത്തില്‍ പത്ത് വര്‍ഷം മുമ്പ് തന്നെ ഐഎസ് പോലെയുള്ള ഒരു തീവ്രവാദ കക്ഷിയെകുറിച്ചും അവരുടെ പേരില്‍ ഉയര്‍ന്നുവരാനുള്ള ഖലീഫയെ കുറിച്ചും അത് മൂലമുണ്ടാവുന്ന ലോക ഛിദ്രതയെ കുറിച്ചുമെല്ലാം പറഞ്ഞുവെച്ചിരുന്നു എന്നത് അത്ഭുതത്തിന് വക നല്‍കുന്നുണ്ടെങ്കിലും അതിശയോക്തിയല്ല. ഇന്നും അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പോയാല്‍ അത് വായിക്കാന്‍ കഴിയും.

ഇസ്രാഈല്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ ചാരസംഘടനകളായ മൊസാദും എംസിക്സ്റ്റീനും സി.ഐ.എയുമാണ് ഐഎസിന് പിന്നില്‍ എന്ന് തുറന്ന് പറഞ്ഞവരില്‍ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദി ഡിപ്ലോമാറ്റ്’ മാഗസിനും ബെന്‍ റെയ്‌നോള്‍ഡ്‌സും മാത്രമല്ല ആദ്യ ഇറാനിയന്‍ വനിതാ വൈസ് പ്രസിഡന്റായ മഅ്‌സ്വൂമ ഇബ്തികാറും ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രി ഹൈദര്‍ മുസ്‌ലിഹുമെല്ലാമുണ്ട്.

ഐഎസ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ല എന്ന് അവരുടെ പക്കല്‍ നിന്ന് രക്ഷപ്പെട്ട ബന്ദികളുടെ അനുഭവങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അഞ്ചിലധികം സ്ത്രീകളെ വീട്ടുതടങ്കലില്‍ വെച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും നീലക്കണ്ണുള്ള യസീദി കന്യകയെ വേണമെന്ന് അടിമച്ചന്തയില്‍ വെച്ച് കാശെറിഞ്ഞ് വാശി പിടിക്കുകയുമെല്ലാം ചെയ്ത ഐഎസ് പടയാളികളുടെ കഥകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സാക്ഷികളെ നിര്‍ത്തി വിശദീകരിച്ചത് ഈയിടെയാണ്. ഐസിസിന്റെ പിടിയില്‍ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരി യസീദി പെണ്‍കുട്ടി ജിനാനിന്റെ സാക്ഷ്യം മാത്രമല്ല ഇത്, ഐസിസ് തലവനാല്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കായ്‌ല മീലറെയും മൊസ്യൂളിലെ അടച്ചിട്ട ഇരുമ്പുകൂടില്‍ വില്‍പനക്ക് വെച്ച പെണ്‍കുട്ടികളെയുമെല്ലാം ഉദാഹരിച്ച് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയും. ഡ്രോണ്‍ ക്യാമറയുടെ പശ്ചാത്തലത്തില്‍, പാശ്ചാത്യ ബന്ദികളെ തല വെട്ടിയും തീ കൊളുത്തിയും കൊന്നത് ചിത്രീകരിച്ച മാധ്യമ വെളിപ്പെടുത്തല്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരിലെ അധാര്‍മികസ്വഭാവദൂഷ്യ കഥകളും അംഗീകരിച്ചേ പറ്റൂ.

നൈജീരിയയിലെ ക്രൂരന്മാരുടെ സംഘമായ ബോക്കോ ഹറാം മാത്രമല്ല ആഫ്രിക്കയിലെ ആനവേട്ടക്കാരായ ലോഡ്‌സ് റസിസ്റ്റന്‍സ് ആര്‍മി വരെ ഐസിസുമായി സഖ്യം പ്രഖ്യാപിച്ചു എന്നത് നാഷണല്‍ ജോഗ്രഫികിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ കാണാം. ഇതെല്ലാം വ്യക്തമാക്കുന്നത് ഇവര്‍ ഏതെങ്കിലുമൊരു മതദര്‍ശന കൂട്ടായ്മയുടെ പിന്‍ബലമുള്ള സംഘടനയല്ല എന്ന് തന്നെയാണ്. ഐഎസിന് ഉച്ചിവെച്ചതും അതിന് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നതും പാശ്ചാത്യ ശക്തികളാണ് എന്ന വസ്തുത വിളിച്ചുപറയാന്‍ ഉദ്ബുദ്ധ ലോകം മടിച്ചിട്ടില്ല. കേരളത്തില്‍ പോലും പ്രത്യക്ഷമായി തന്നെ മതദര്‍ശനങ്ങളോട് വൈമുഖ്യം പുലര്‍ത്തുന്ന പ്രമുഖ കക്ഷികളുടെ ചാനലുകള്‍ പോലും ഇത് സംബന്ധമായ ഫീച്ചറുകള്‍ പുറത്ത് വിട്ടത് നാം കണ്ടതാണ്. മുന്‍ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഇതിനു നല്ലൊരു ഉദാഹരണമാണ്.

ഖിലാഫത്ത് ഭരണം ലോകമെമ്പാടും സ്ഥാപിക്കാന്‍ ഒരുമ്പിട്ടിറങ്ങിയ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇസ്രാഈല്‍ ചാര സംഘടന മൊസാദിന്റെ ഏജന്റ് ആണെന്നാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയത്. ജൂതദമ്പതിമാര്‍ക്ക് ജനിച്ച സൈമണ്‍ എലിയട്ട് എന്ന എമിര്‍ ഡാഷാണത്രെ ബാഗ്ദാദിയെന്ന പേരില്‍ ഐഎസിന് നേതൃത്വം നല്‍കുന്നത്. ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും അറബ് സമൂഹത്തിനുമെതിരെ ചാരവൃത്തിക്കും മനഃശസ്ത്രപരമായ യുദ്ധത്തിനും വേണ്ടി ഒരു വര്‍ഷത്തെ പരിശീലിനത്തിന് ശേഷം മൊസാദ് നിയോഗിച്ചതാണ് ബാഗ്ദാദിയെ. ഈ രഹസ്യ പദ്ധതിക്ക് അമേരിക്ക നല്‍കിയ പേര് ‘കടന്നല്‍കൂട്’ എന്നായിരുന്നുവത്രെ.

അമേരിക്കയുടേയും ബ്രിട്ടന്റേയും ഇസ്രാഈലിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിച്ചും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ തീവ്രവാദികളെ ആകര്‍ഷിക്കാന്‍ പോന്ന സംഘടന സൃഷ്ടിക്കുക എന്നതായിരുന്നത്രെ ഇയാളില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല. ഇസ്രാഈലിന് ഭീഷണിയായ രാജ്യങ്ങളുടെ സൈന്യത്തേയും ജനങ്ങളേയും കൈപ്പിടിയിലാക്കുകയും ഇതിന് ശേഷം വിശാല ഇസ്രാഈല്‍ രൂപീകരിക്കുകയും ചെയ്യേണ്ട ദൗത്യവുമാണ് ബാഗ്ദാദിയെ ഏല്‍പിച്ചതെന്ന് ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ള മറ്റൊരു വാര്‍ത്ത.

വസ്തുത ഇതെല്ലാമായിരിക്കെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ജാരസന്തതിയായ ഐഎസിനെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സലഫീ ജിഹാദിസ്റ്റ് തീവ്രവാദ സംഘടന എന്ന് അഭിസംബോധനം ചെയ്യുന്നത് അവര്‍ സലഫി അഖീദ പിന്തുടരുന്നവരാണെന്നതിന് തെളിവായുദ്ധരിക്കുന്നത് പരമ വിഡ്ഢിത്തമാണ്. അത്തരമൊരു പേര് പാശ്ചാത്യ മീഡിയകളുടെ കുടില തന്ത്രത്തിന്റെ ഭാഗമായി സമൂഹത്തില്‍ പ്രചരിപ്പിച്ചത് മാത്രം തെളിവാക്കി ഭരണരംഗത്ത് പ്രവാചക പാത പിന്തുടരുന്ന അറബ് രാജ്യങ്ങളെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കാനാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം.

ഐസിസിന്റെ കെടുതി ലോകമനുഭവിക്കാന്‍ തുടങ്ങിയ ആദ്യ നാളുകളില്‍ തന്നെ മക്ക ആസ്ഥാനമാക്കിയുള്ള സലഫി പണ്ഡിതസഭ അതിനെതിരെ ഫത്‌വ നല്‍കുകയും മുസ്‌ലിം ലോകം അത് സ്വീകരിക്കുകയും ചെയ്തതാണ്. ഇപ്പോഴും ലോകവ്യാപകമായ തീവ്രവാദ ചിന്തകള്‍ക്ക് തടയിടാന്‍ ഏറ്റവും കൂടുതല്‍ പണവും സൈനികശക്തിയും ചെലവഴിക്കുകയും രാജ്യത്ത് നിന്ന് അതിന് പ്രചാരം ലഭിക്കുന്ന മുഴുവന്‍ ഗ്രന്ഥങ്ങളും കക്ഷിഭാഷാ വ്യത്യാസമില്ലാതെ കണ്ടുകെട്ടികൊണ്ടിരിക്കുകയും ചെയ്യുന്നത് ഇത്തരം അറബ് രാജ്യങ്ങളാണ് എന്നത് അറബ് ന്യൂസ് പോലുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഊദി പൗരത്വമെനിക്ക് വേണ്ട എന്ന് തുറന്ന് പറഞ്ഞ് പൗരത്വമുപേക്ഷിച്ച മുഹമ്മദ് ഖുതുബിന്റെ ശിഷ്യന്‍ ഉസാമ ബിന്‍ലാദനെയും അമേരിക്കയടക്കമുള്ള പാശ്ചാത്യന്‍ മീഡിയ അഭിസംബോധന ചെയ്തത് സലഫീ തീവ്രവാദി എന്ന് തന്നെയാണ് എന്നത് തീവ്രവാദത്തിനെതിരില്‍ പോരാടുന്ന അറബ് രാഷ്ട്രങ്ങളോടു ചെയ്യുന്ന അന്യായമാണ്.

കടപ്പാട്: chandrikadaily.com

Topics