വിശ്വാസം-ലേഖനങ്ങള്‍

മൊഞ്ചുള്ള അഞ്ച് പ്രവാചക ഉപദേശങ്ങള്‍

അബൂ ഹുറൈറ(റ) പറയുന്നു. ഒരിക്കല്‍ നബി(സ) ഞങ്ങളോട് ആരാഞ്ഞു: ‘ആരാണ് എന്നില്‍ ഈ വാചകങ്ങള്‍ സ്വീകരിക്കുകയും എന്നിട്ട് അവ പ്രാവര്‍ത്തികമാക്കുകയോ അല്ലെങ്കില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയോ ചെയ്യുക?’. വളരെ പ്രസക്തവും പ്രധാനവുമായ ഏതാനും ഉപദേശങ്ങള്‍ കൈമാറുവാന്‍ ആഗ്രഹിക്കുകയായിരുന്നു നബിതിരുമേനി. ഈ ഉപദേശങ്ങള്‍ അതിന്റെ ഗൗരവത്തോടെ സ്വീകരിക്കപ്പെടുകയും അവ പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യണമെന്ന് നബി(സ)ക്ക് അതിയായ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് പറയുന്നതെന്തും സ്വീകരിക്കുവാന്‍ സര്‍വ്വാത്മനാ തയ്യാറാകുന്നവരാണ് അനുയായികള്‍ എന്നറിഞ്ഞിട്ടും ഇങ്ങനെ ചോദിച്ചു ഉറപ്പുവരുത്തുന്നത്.

ഒരു സമൂഹത്തെ സ്ഥാപിക്കുവാന്‍ നിയുക്തനായ നബിതിരുമേനിയുടെ ദൗത്യം വിജയിക്കുന്നതില്‍ ഏറെ പങ്കുവഹിക്കുന്ന തത്വോപദേശങ്ങളാണ് നബിതിരുമേനി കൈമാറുവാന്‍ ഉദ്ദേശിക്കുന്നത്. കാരണം ഈ ഉപദേശങ്ങള്‍ ഒരു സമ്പൂര്‍ണ്ണനായ വ്യക്തിയെ വാര്‍ത്തെടുക്കുന്നവയാണ്. അങ്ങനെയുള്ള വ്യക്തികളുടെ കൂട്ടമാണല്ലോ അവര്‍ക്കു സ്ഥാപിക്കുവാനുള്ള സമൂഹം. വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ ധൈര്യമുള്ള ആളെയാണ് നബിതിരുമേനി ആവശ്യപ്പെടുന്നത്. സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം അതിനെ നിലനിര്‍ത്താന്‍ വേണ്ട ഈ ഉപദേശങ്ങള്‍ സ്വീകരിക്കുക മാത്രമല്ല അതു പ്രാവര്‍ത്തികമാക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ബാധ്യതയും ധൈര്യവും ഇതു സ്വീകരിക്കുന്ന ആള്‍ക്കുണ്ടായിരിക്കേണ്ടതുണ്ട്.

സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു. ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു: ‘ഞാന്‍, അതിനു തയാറാണ്’. നബിതിരുമേനിക്ക് സന്തോഷമായി. ഈ സന്നദ്ധന്‍ അതിനു യോഗ്യനാണെന്ന് നബിക്കറിയാം. കാരണം അത് അബൂഹുറൈറ(റ) ആണ്. നബി(സ)യില്‍ നിന്ന് ഏറ്റവും അധികം ഹദീസുകള്‍ നിവേദനം ചെയ്ത സ്വഹാബി അബൂ ഹുറൈറയാണ്. ഹിജ്‌റ ഏഴില്‍ ഖൈബര്‍ യുദ്ധം കഴിഞ്ഞു മാത്രം ഇസ്‌ലാമിലെത്തിയ വടക്കന്‍ യമനിലെ ദൗസ് കുടുംബാംഗമായ അബ്ദുറഹ്മാന്‍ എന്ന അബൂ ഹുറൈറക്ക് ഈ വിശേഷണം വെറുതെ കിട്ടിയതായിരുന്നില്ല. വെറും നാലു കൊല്ലം മാത്രം നീണ്ട ആ സഹവാസത്തിനിടെ അദ്ദേഹം നബി(സ)യെ പഠിക്കുവാനല്ലാതെ മറ്റൊന്നിനും തന്റെ ഒരു നിമിഷവും മാറ്റിവെച്ചിട്ടില്ല. ജന്മസിദ്ധമായി ലഭിച്ച അപാരമായ ഓര്‍മശക്തിയും മറ്റൊന്നിലേക്കും നീക്കിവെക്കാതെ അദ്ദേഹം നബിയുമായി പുലര്‍ത്തിയ സഹവാസ സപര്യയും പഠിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റേയും മതപരമായ ബാധ്യതാബോധവും അബൂഹുറൈറ എന്ന സ്വഹാബിയെ ഈ വിശേഷണത്തിലെത്തിച്ചു.

അദ്ദേഹമാണ് നബി(സ)യുടെ മുമ്പില്‍ നബിയുടെ ഉപദേശങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുവാന്‍ സന്നദ്ധനായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് നബിതിരുമേനിയുടെ സന്തോഷത്തിന്റെ കാരണവും. നബി(സ) അബൂ ഹുറൈറയുടെ അടുത്തേക്ക് വന്നു. എന്നിട്ട് കൈവിരലുകള്‍ ഓരോന്നും മടക്കിക്കൊണ്ട് അഞ്ച് ഉപദേശങ്ങള്‍ നല്‍കി. നബി(സ) പറഞ്ഞു: ‘നിഷിദ്ധങ്ങളെ നീ സൂക്ഷിക്കുക, എങ്കില്‍ നീ ഏറ്റവും വലിയ ആരാധകനായി മാറും’. മനുഷ്യന്റെ പ്രാഥമിക ബാധ്യത അല്ലാഹുവിനെ അനുസരിച്ചും ആരാധിച്ചും ജീവിക്കുക എന്നതാണ്. ഇതിനു വേണ്ടിയാണ് അവരെ സൃഷ്ടിച്ചതു തന്നെ എന്ന് അല്ലാഹു ഖുര്‍ആനില്‍ 51 ാം അധ്യായം 56 ാം വചനത്തില്‍ പറയുന്നുണ്ട്. ആരാധന എന്നാല്‍ പരമമായ വിനയവും വിധേയത്വവുമാണ്. വിനയവും വിധേയത്വവും മാനസിക ഗുണങ്ങളാണ്. മനസ്സിന്റെ ഏതു ഗുണങ്ങളും നേരാവുക അതു നിഷ്‌കളങ്കവും നിഷ്‌കപടവുമാകുമ്പോഴാണ്. ഒരാള്‍ക്ക് ഇഷ്ടമില്ലാത്തതു ചെയ്യുകയും അതേസമയം അയാളെ ബഹുമാനിക്കുകയും ചെയ്യുക എന്നത് തികച്ചും അര്‍ഥശൂന്യമാണല്ലോ. അതുതന്നെയാണ് ഈ ഉപദേശത്തിന്റെ പൊരുളും.

അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുമ്പോഴേ ആരാധനക്ക് അര്‍ഥമുണ്ടാകൂ എന്നുമാത്രമല്ല അത് ചോരാതെ നിലനില്‍ക്കുകയും വലിയ പ്രതിഫലം നേടിത്തരികയും ചെയ്യൂ. നബി(സ) രണ്ടാമതായി പറഞ്ഞു: ‘നിനക്ക് അല്ലാഹു തന്നതില്‍ സംതൃപ്തനാവുക, എന്നാല്‍ നീ ഏറ്റവും വലിയ ഐശ്വര്യവാനാകും’. ഈ രണ്ടാമത്തെ ഉപദേശവും മനസ്സിനെയാണ് കേന്ദ്രീകരിക്കുന്നത്. മനുഷ്യന്‍ ഒന്നും നേടുന്നില്ല. കേവലം അവന്റെ സൃഷ്ടാവ് നല്‍കുന്നത് വാങ്ങിവെക്കുക മാത്രമാണ് ചെയ്യുന്നത്. അവന്റെ ശ്രമങ്ങള്‍ ഫലം കാണുന്നത് അല്ലാഹു അതിനെ കടാക്ഷിക്കുന്നതിനനു സരിച്ചാണ്. അല്ലാഹു തരാത്തത് പിടിച്ചുവാങ്ങുവാനോ തരുന്നതിനെ പിടിച്ചുനിര്‍ത്താനോ അവനു കഴിയില്ല. എല്ലാം അല്ലാഹുവിന്റെ വിരലുകള്‍ക്കിടയിലിട്ടാണ് തിരിക്കപ്പെടുന്നത്. ഈ തത്വം ഗ്രഹിക്കുന്നവന് മാത്രമേ തനിക്കു ലഭിച്ചതിലും ലഭിക്കാതെ പോയതിലുമൊക്കെ സംതൃപ്നാകുവാന്‍ കഴിയൂ. ഈ വിചാരത്തോടെ ഒരാള്‍ സംതൃപ്നാവുകയാണെങ്കില്‍ അയാളെ ഒരു അസ്വസ്ഥതയും ബാധിക്കുകയില്ല എന്നു മാത്രമല്ല അവന്‍ മാനസികമായി സ്വസ്ഥനായിത്തീരും.

മനസ്സിന്റെ ഐശ്വര്യം തന്നെയാണ് യഥാര്‍ഥ ഐശ്വര്യം.നബി(സ) തുടര്‍ന്നു: ‘നിന്റെ അയല്‍ക്കാരനോട് നന്മ ചെയ്യുക, എന്നാല്‍ നീ സത്യവിശ്വാസിയായിത്തീരും’. വ്യക്തികളെ സമൂഹമായി ഘടിപ്പിക്കുന്നതിന് ഇസ്‌ലാം സ്വീകരിക്കുന്ന മനോഹരവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ അയല്‍പക്കത്തു നിന്നാണ് ആരംഭിക്കുന്നത്. എല്ലാവരും തന്റെ അയല്‍ക്കാരനോട് മാന്യതയും നന്മയും കാണിക്കുകയാണെങ്കില്‍ അതു ആകാശച്ചുവടു മുഴുവനും നന്മയും മാന്യതയും നിറയുവാന്‍ കാരണമാകും. അതുകൊണ്ടു തന്നെ ഇസ്‌ലാം ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കുന്ന ഒരു കാര്യമാണ് അയല്‍പക്ക മാന്യത. നബി(സ)തന്നെ പറയുകയുണ്ടായി: ‘ജിബ്‌രീല്‍ അയല്‍ക്കാരോട് ചെയ്യേണ്ട മാന്യതകളെ പറ്റി എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു, അവര്‍ക്കു ഞാന്‍ അനന്തരാവകാശമെങ്ങാനും കൊടുക്കേണ്ടതായിവരുമോ എന്നു തോന്നിപ്പോകാവുന്ന അത്ര’. നബിയുടെ നാലാമത്തെ ഉപദേശവും ഇതേ അര്‍ഥത്തിലുള്ളതായിരുന്നു. അവര്‍ പറഞ്ഞു: ‘നീ നിനക്കു വേണ്ടി ഇഷ്ടപ്പെടുന്നതിനെയെല്ലാം നിന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുക, എന്നാല്‍ നീ മുസ്‌ലിമായിത്തീരും’. ഇവിടെയും വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുകയാണ് നബിയുടെ ഉപദേശം.

ആകാശച്ചുവടു നിറഞ്ഞുകിടക്കുന്ന അല്ലാഹുവിന്റെ അടിമകളെ മുഴുവനും ഒറ്റ ചരടില്‍ കോര്‍ത്തുകെട്ടുവാനുള്ള മഹാഉപദേശം. സമൂഹത്തോടു ചേര്‍ന്നുനില്‍ക്കുകയും ഓരോ വ്യക്തികളേയും തന്നിലേക്ക് ഘടിപ്പിച്ചുനിറുത്തുകയും ചെയ്യാതെ മുസ്‌ലിമെന്നും മുഅ്മിനെന്നും പറയുന്നത് തന്നെ നിരര്‍ഥകമാണ് എന്നാണ് ഈ ഉപദേശങ്ങളുടെ ധ്വനി.അഞ്ചാം വിരല്‍ മടക്കിക്കൊണ്ട് നബി(സ) പറഞ്ഞു: ‘ചിരി അധികരിപ്പിക്കരുത്, കാരണം അത് ഹൃദയത്തെ കൊന്നുകളയും’. ആദ്യം പറഞ്ഞ നാലു ഉപദേശങ്ങളുടേയും എന്നല്ല, ഇസ്‌ലാമിന്റെ എല്ലാ ഉദ്‌ബോധനങ്ങളുടേയും ഫലത്തെ സജീവമായും സക്രിയമായും നിലനിര്‍ത്തുവാനുള്ളതാണ് ഈ ഉപദേശം. ഇവയെല്ലാം ഫലപ്പെടുവാന്‍ സജീവമായ ഹൃദയം ഒപ്പം ഉണ്ടായിരിക്കണമെന്നും അതു മരിക്കാനിടവരരുത് എന്നുമാണ് ഈ പറയുന്നതിന്റെ സാരാംശം.

ചിരി വൈകാരിക ഇച്ഛയുടെ ബഹിര്‍സ്ഫുരണമാണ്. ചിരിക്കുമ്പോള്‍ നാം അതിനു വിഷയമായ കാര്യത്തില്‍ മനസ്സാ ലയിക്കുകയും പരിസരങ്ങളില്‍ നിന്ന് ചിന്താപരമായി പിന്‍മാറുകയുമാണ്. അതോടെ ഹൃദയം മരിച്ചതുപോലെയാകുന്നു. അഥവാ ഹൃദയം ചെയ്യേണ്ടുന്ന ജാഗ്രത നിലക്കുന്നു. ഇത് ആവര്‍ത്തിച്ചുണ്ടാകുന്നതിനെയാണ് നബിതിരുമേനി താക്കീതു ചെയ്യുന്നത്. അല്ലാതെ ചിരിക്കരുത് എന്നല്ല. ചിരിക്കും ആനന്ദത്തിനുമെല്ലാം മനുഷ്യ നിലനില്‍പില്‍ സ്ഥാനമുണ്ട്. നബിതിരുമേനി തന്നെ മിതമായി ചിരിക്കുകയും ചിരിപ്പിക്കുകയുമൊക്കെയുണ്ടായിരുന്നുവല്ലോ. (തിര്‍മുദി നിവേദനം ചെയ്ത ഹദീസില്‍ നിന്ന്)

കടപ്പാട് : suprabhaatham.com

Topics