ഞാനറിഞ്ഞ ഇസ്‌ലാം

മാഡം ഫാത്വിമ മിക് ഡേവിഡ്‌സണ്‍ (ട്രിനിഡാഡ്)

തെക്കെഅമേരിക്കയിലെ ചെറിയൊരു ദ്വീപ് രാജ്യമാണ് ട്രിനിഡാഡ് ആന്റ് ടൊബാഗോ. മുസ്ലിംകള്‍ അവിടെ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്ക് ഭരണമടക്കമുള്ള എല്ലാ സാമൂഹിക മണ്ഡലങ്ങളിലും സജീവമായ പങ്കാളിത്തമുണ്ട്. അടുത്ത കാലംവരെ അവിടത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന മാഡം ഫാത്വിമ മിക് ഡേവിഡ്‌സണ്‍ 1975ല്‍ ഇസ്ലാം സ്വീകരിച്ച വനിതയാണ്. കൈറോവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മിമ്പറുല്‍ ഇസ്ലാം അവരുമായി നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപമാണ് ചുവടെ:

‘ഞാന്‍ 1975ല്‍ ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചതാണ്; എന്നാല്‍, അതിലും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ലാമുമായി അടുത്തുകഴിഞ്ഞിരുന്നു. അത് എങ്ങനെയായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ കഴിയില്ല.

1950 മാര്‍ച്ച് 9 എനിക്ക് നല്ലവണ്ണം ഓര്‍മയുണ്ട്, അന്നാണ് സന്യാസിനിക്കായി എന്നെ ആശ്രമത്തില്‍ ചേര്‍ക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. പക്ഷേ, ആ ദിവസം പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ എന്റെ ചെവിയില്‍ എവിടെ നിന്നോ അല്ലാഹു അക്ബര്‍ എന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതായി എനിക്ക് തോന്നി. അതിന്റെ രഹസ്യം അപ്പോള്‍ പിടികിട്ടിയിലെങ്കിലും ആശ്രമത്തില്‍ പോകാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ സന്യാസിനിയാകുകയോ ആശ്രമത്തില്‍ ചേരുകയോ ചെയ്യുന്നില്ലെന്ന് തീര്‍ത്തു പറഞ്ഞു. വഴങ്ങുകയേ വീട്ടുകാര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

ആ സംഭവശേഷം സത്യാന്വേഷണം ഞാന്‍ നിരന്തരം നടത്തിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് ആ കാലത്ത് പാകിസ്താനി പണ്ഡിതന്‍ മൌലാനാ സിദ്ദീഖിയുമായി പരിചയപ്പെട്ടു. അദ്ദേഹം വഴി ഇന്ത്യന്‍ പണ്ഡിതന്‍ ശൈഖ് അന്‍സ്വാരിയെയും പരിചയപ്പെട്ടു. ഞാന്‍ ഇരുവരുമായും ബന്ധപ്പെടുകയും പലതിനെയും കുറിച്ചു നിരന്തരം ചര്‍ച്ച നടത്തുകയും ചെയ്തു. പ്രത്യേകിച്ചും മനുഷ്യ പ്രകൃതത്തെക്കുറിച്ച് എന്റെ മനസ്സില്‍ രൂപപ്പെട്ട സങ്കല്‍പങ്ങളെയും ആശയങ്ങളെയും കുറിച്ചാണ് അവരുമായി ചര്‍ച്ച ചെയ്തത്. ചര്‍ച്ച ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ഈ പണ്ഡിതന്മാര്‍ ഒരുമിച്ച് ഇപ്രകാരം തീരുമാനം പുറപ്പെടുവിച്ചു:’അല്ലാഹുവിന് സ്തുതി; താങ്കളുടെ ചിന്താഗതികള്‍ ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്കനുസൃതമാണ്. നിങ്ങള്‍ മുസ്ലിമാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. നിങ്ങളും അങ്ങനെ മനസ്സിലാക്കി പള്ളിയില്‍ പോയി നമസ്‌കരിക്കൂ. ഞങ്ങളേതായാലും താങ്കളെ മുസ്ലിമായിട്ടേ കരുതൂ. എപ്പോള്‍ വേണമെങ്കിലും നിങ്ങളുമായി സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.’

ഇപ്രകാരം എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായമാണ് തുറക്കപ്പെട്ടത്. എന്റെ ചിന്താഗതി ഇസ്ലാമിന് അനുസൃതമാണെന്ന അറിവ് എന്നെ അതിയായി സന്തോഷിപ്പിച്ചു. ഇസ്ലാം മനുഷ്യപ്രകൃതിയോടു സമരസപ്പെട്ടതാണെന്ന വെളിപ്പെടുത്തലാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. ആ ദിവസത്തിനു ശേഷം എന്റെ മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചം നിറഞ്ഞു.

പ്രവാചകനോടുള്ള സ്‌നേഹവും ഭക്തിയും എന്റെ മനസ്സില്‍ നിറയുകയും ചെയ്തു. ഞാന്‍ ഔപചാരികമായി ഇസ്ലാം സ്വീകരിച്ചത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും എന്റെ ചെവിയില്‍ ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ച ശബ്ദം മുഴങ്ങുകയും ആശ്രമത്തില്‍ പോകാന്‍ ഞാന്‍ വിസമ്മതിക്കുകയും ചെയ്ത 1950ലെ പ്രഭാതത്തില്‍ത്തന്നെ ഞാന്‍ മാനസികമായി മുസ്ലിമായിരുന്നുവെന്നാണ് ഇപ്പോള്‍ ഞാന്‍ കരുതുന്നത്.

ട്രിനിഡാഡിലെ ആഫ്രിക്കന്‍ വംശജരില്‍ ആദ്യമായി ഇസ്ലാം സ്വീകരിച്ച പെണ്‍കുട്ടിയാണ് ഞാന്‍. എനിക്കു ശേഷം വിദ്യാസമ്പന്നരായ അനേകം പേര്‍ ഇസ്ലാം സ്വീകരിച്ചു. അവര്‍ കൂട്ടമായി പള്ളികളില്‍ നമസ്‌കരിക്കാന്‍ വരുന്നു. ശൈഖ് അന്‍സാരിയുടെയും അല്‍ഹാജ് ശഫീഖ് മുഹമ്മദിന്റെയും ശ്രമഫലമായി സ്ഥാപിതമായ ട്രിനിഡാഡിലെ ജുമാമസ്ജിദ് പലപ്പോഴും നവമുസ്ലിം വനിതകളാല്‍ നിറയുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷമുണ്ടാകുന്നു.

ഇന്ത്യക്കാരുടെ മതമാണ് ഇസ്ലാം എന്നാണ് പണ്ട് ട്രിനിഡാഡുകാര്‍ കരുതിയിരുന്നത്. ഇസ്ലാമിനേക്കാള്‍ അവര്‍ പ്രാധാന്യം കല്‍പിച്ചിരുന്നത് ഖാദിയാനിസത്തിനാണ്. ട്രിനിഡാഡില്‍ ഖാദിയാനി പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്.

എന്റെ ഇസ്ലാം ആശ്‌ളേഷത്തിനു ശേഷം ധാരാളം ആഫ്രിക്കന്‍ വംശജര്‍ ഇസ്ലാം സ്വീകരിച്ചു. ഈ രാജ്യത്തെ മുസ്ലിം ജനസംഖ്യ പതിമൂന്ന് ശതമാനമായി ഉയര്‍ന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും ഔദാര്യവുമാണ്.

ഞങ്ങളുടെ മുന്‍പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇസ്ലാമിക സംസ്‌കാരത്തിന്റെ കേന്ദ്രമായ ഈജിപ്ത് സന്ദര്‍ശിക്കുകയും അവിടത്തെ മുസ്ലിംസ്ഥാപനങ്ങളിലും പണ്ഡിതന്മാരിലും നിന്ന് ഇസ്ലാമിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയും ചെയ്തു.

ഇസ്ലാം അതിന്റെ അനുയായികളോട് ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ ആത്മാര്‍ഥതയും സജീവതയും ആവശ്യപ്പെടുന്നു. അല്ലാഹുവിന് നന്ദി; വിശ്വാസത്തിന്റെ താല്‍പര്യങ്ങളെ പൂര്‍ണ ഗൌരവത്തോടെ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. സാമൂഹികരാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വ്യക്തിപരമായ കാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഒരിക്കലും കള്ളം പറയില്ലെന്നത് എന്റെയൊരുറച്ച നിലപാടാണ്. വ്യക്തിപരമോ ഭരണപരമോ ആയ കാര്യങ്ങള്‍ ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാകാതിരിക്കാനും സാധ്യമാകുന്നത്ര ഞാന്‍ പരിശ്രമിക്കുന്നുണ്ട്.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ രാഷ്ട്രീയ രംഗത്ത് ഞാന്‍ സജീവമാണ്. ഉയര്‍ന്ന കാര്യക്ഷമതയും മൂല്യനിഷ്ഠയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ പല തവണ മത്സരിച്ചിട്ടുണ്ട്. മുസ്ലിമായിട്ടും എല്ലാ തവണയും ഞാന്‍ വിജയിക്കുകയും ചെയ്തു. ഒരു തവണ ഞാന്‍ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു. മന്ത്രിയെന്ന നിലയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയും സഭയിലെ സഹപ്രവര്‍ത്തകരും യാതൊരു പക്ഷപാതവുമില്ലാതെ വിശാല വീക്ഷണത്തോടുകൂടിയാണ് എന്നോട് സഹകരിച്ചത്. മറ്റു ദേശീയ ദിനങ്ങളെപ്പോലെ രണ്ടു പെരുന്നാള്‍ ദിനങ്ങളും രാജ്യത്ത് ഔദ്യോഗിക അവധി ദിനങ്ങളാണ്. റമദാനില്‍ മുസ്ലിംകള്‍ക്ക് വീടുകളിലും പള്ളികളിലും നല്ല നിലയില്‍ നോമ്പ് നിര്‍വഹിക്കാനാവശ്യമായ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്.

എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങള്‍ക്കും കാരണം ഇസ്ലാമാണ്. അതുതന്നെയാണല്ലോ ഏറ്റവും വലിയ നേട്ടവും. ഈ അനുഗ്രഹത്തിന് മുമ്പില്‍ മറ്റെല്ലാം എത്ര നിസ്സാരം!”

Topics