വിശ്വാസം-ലേഖനങ്ങള്‍

മരണം വരിച്ചും എന്നെന്നും ജീവിക്കുന്നവര്‍

നിമിഷം തോറും അവിടെ ആളുകള്‍ തടിച്ചു കൂടിക്കൊണ്ടിരിക്കുകയാണ്. പാടിയും ആടിയും പെരുമ്പറ മുഴക്കിയും അവര്‍ ആഹഌദിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഖുബൈബ് ഇബ്‌നു ആദി അന്‍സ്വാരി (റ) എന്ന സ്വഹാബിയെ വധിക്കാനുള്ള മക്കാ മുശ്‌രിക്കുകളുടെ ഒരുക്കങ്ങളാണ് രംഗം. അവരുടെ ശത്രുവായ പ്രവാചകന്‍ മുഹമ്മദിന്റെ അനുയായിയെ വധിക്കാന്‍ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണവര്‍. ഖുബൈബിനെ മക്കാമുശ് രിക്കുകള്‍ ചതിപ്രയോഗത്തിലൂടെ ബന്ധിയാക്കിയതാണ്. എന്നിട്ട് അദ്ദേഹത്തോട് പ്രതികാരമുള്ള കുടുംബക്കാര്‍ക്ക് വധിക്കാനായി വിട്ടു കൊടുത്തിരിക്കുകയാണ്.

മദീനയില്‍ പ്രവാചകന്റെ (സ) അടുക്കല്‍ വന്ന് തങ്ങള്‍ക്ക് ഇസ്‌ലാം പഠിക്കാനായി കുറച്ചു ആളുകളെ വിട്ടു തരാന്‍ ഉസൂല്‍, കാറാ എന്ന രണ്ടു ഗോത്രക്കാര്‍ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഗോത്രസംഘങ്ങളെ ഇസ്‌ലാം പഠിപ്പിക്കുന്നതിനായി പ്രവാചകന്‍ തിരുമേനി (സ) തന്റെ സ്വഹാബാക്കളില്‍ നിന്ന് പത്തുപേരെ അവര്‍ക്കൊപ്പം അയച്ചു. അവര്‍ക്കൊപ്പം പോയ സ്വഹാബികള്‍ റജാഈ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇരുനൂറോളം ആയുധധാരികള്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഖുബൈബും സൈദുബ്‌നു അദാദ്‌നയും ഒഴികെ ബാക്കി എട്ടു പേരെയും അവര്‍ വധിച്ചു കളഞ്ഞു. ഖുബൈബിനെയും സൈദുബ്‌നു അദാദിനെയും നൂറു ഒട്ടകങ്ങള്‍ക്ക് പകരമായി അവര്‍ അടിമചന്തയില്‍ വിറ്റു. ബദ്‌റില്‍ പങ്കെടുത്ത ഈ രണ്ടു സ്വഹാബികളും ബദ്ര്‍ യുദ്ധത്തില്‍ കുറെ മുശ്‌രിക്കുകളെ വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കുകളുടെ ബന്ധുക്കളാണ് ഇരുവരെയും വലിയ തുകക്ക് കൈക്കലാക്കിയിരിക്കുന്നത്. ഇരുവരോടും പ്രതികാരം ചെയ്യനായാണ് അവര്‍ വിലക്കു വാങ്ങിയത്. ഇതു പോലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു പകരമായി ആളുകളെ വിലക്കു വാങ്ങി പ്രതികാരം ചെയ്യുന്ന രീതി അറബികള്‍ക്കിടയില്‍ പതിവില്ല. പക്ഷേ, അവരുടെ എതിരാളികളും പ്രതികാരം ചെയ്യപ്പെടേണ്ടവരുമായ ആളുകള്‍ മുസ്‌ലിംകളാണ്. അതിനാല്‍ അജ്ഞാത യുഗത്തിലെ ആ പാരമ്പര്യത്തെയും അവര്‍ മറികടക്കാന്‍ ഒരുങ്ങുകയാണ്.
   
മരണത്തെ മുഖാ മുഖം കണ്ടു കഴിഞ്ഞിരിക്കെ ഖുബൈബ് (റ) ഒരു കവിത ചൊല്ലുകയുണ്ടായി. ചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടു, അദ്ദേഹത്തിന്റെ ആ ചെറുകവിത. ഞാന്‍ ഇസ്‌ലാമിനെ തള്ളിപ്പറഞ്ഞാല്‍ എന്റെ ജീവന്‍ തിരികെ തരാമെന്നിവര്‍ പറയുന്നു. എന്നാല്‍ അവിശ്വാസിയായി ജീവിക്കുന്നതിനേക്കാള്‍ എത്രയോ ഉത്തമമാണ് വിശ്വാസിയായി മരിക്കുക എന്നത്’
   
അവസാന നിമിഷത്തില്‍ പ്രതികാരദാഹികളായ ആ കാടന്‍ സമൂഹം ഖുബൈബിനോടു ചോദിച്ചു. നിനക്ക് പകരം നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ് ആയിരുന്നുവെങ്കില്‍ എന്നു നീ ആഗ്രഹിക്കുന്നുണ്ടോ? നിന്റെ സ്ഥാനത്ത് മുഹമ്മദ് കൊല്ലപ്പെടുകയും നീ നിന്റെ വീട്ടില്‍ സസുഖം ഇരിക്കുന്നതും നീ ഇഷ്ടപ്പെടുന്നില്ലേ? എന്നാല്‍ പ്രവാചകന്‍ കൊണ്ടു വന്ന സന്ദേശത്തെ ജീവിതത്തില്‍ സ്വാംശീകരിച്ച ആ സഹാബിയില്‍ നിന്ന് പുറത്തു വന്ന മറുപടി ഇങ്ങനെയായിരുന്നു:’ അല്ലാഹുവാണ!എന്റെ വീട്ടില്‍ ഞാന്‍ സുഖമായി ഇരുന്നിട്ട് എന്റെ പ്രവാചകന്റെ കാലില്‍ ഒരു മുള്ളുകൊള്ളുന്നതു പോലും എനിക്ക് ആലോചിക്കാന്‍ കഴിയില്ല’
   
അക്കാലത്ത് ഇസ്‌ലാമിന്റെ ശത്രുവായിരുന്ന അബൂ സുഫ്‌യാന്‍ പറഞ്ഞു:’ മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ  സ്‌നേഹിക്കുന്നതെങ്ങനെയെന്നു നോക്കൂ. തുല്യതയില്ലാത്ത മുന്‍ മാതൃകകളില്ലാത്ത സ്‌നേഹമാണത്.’ മറ്റൊരിക്കല്‍ ഖുറൈശി നേതാവായ ഉര്‍വതു ബ്‌നു മസൂദ് അസഖഫി പറഞ്ഞു:’സീസറിനെയും കിസ്രയെയും അവരുടെ അധികാര സിംഹാസനങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് അദ്ദേഹത്തിന്റെ അനുയായികളാല്‍ ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നതു പോലെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല’.
   
പ്രവാചകന്‍ മുഹമ്മദു നബിയോടുള്ള അതുല്യമായ സ്‌നേഹത്തെ വിളംബരം ചെയ്യുന്ന കഥകളുള്‍ക്കൊള്ളുന്നതാണ് പ്രവാചക സ്വഹാബാക്കളുടെ ജീവ ചരിത്രങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ തന്നെ നബിയോടുള്ള വിശ്വാസികളുടെ നിലപാട് എന്തായിരിക്കണമെന്ന് വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്.
   
‘വിശ്വാസികള്‍ക്ക് പ്രവാചകന്‍ അവരുട സ്വന്തത്തേക്കാള്‍ പ്രിയങ്കരമാണ്’. (സുറതുല്‍ അഹ്‌സാബ്: 6)
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ശിരസ്സാവഹിക്കേണ്ട ഒരു കല്‍പ്പനയാണിത്. എന്നു മാത്രമല്ല സ്വഹാബികള്‍ക്കും വിശ്വാസികള്‍ക്കും അങ്ങനെത്തന്നെയാണുതാനും.
നബിയുടെ മറ്റൊരു കല്‍പ്പന ഇങ്ങനെയാണ്: ‘നിങ്ങളില്‍ ആരും തന്നെ വിശ്വാസിയാവുകയില്ല. തങ്ങളുടെ മാതാപിതാക്കളേക്കാളും ഇണയേക്കാളും സന്താനങ്ങളേക്കാളും ഞാന്‍ അവര്‍ക്കു പ്രിയങ്കരമാകുവോളം’. (ബുഖാരി- ഹദീസ് 14)
   
മറ്റൊരിക്കല്‍ തിരുമേനി പറഞ്ഞു:’ മൂന്നുകാര്യങ്ങള്‍ ജീവിതത്തില്‍ ഉള്ളവന്‍ ഈമാനിന്റെ രുചിയറിഞ്ഞു. ഒരുവന് അല്ലാഹുവും അവന്റെ പ്രവാചകനും മറ്റെന്തിനേക്കാളും അവന് പ്രിയപ്പെട്ടവതാകുക. ഒരാള്‍ ഒരു മനുഷ്യനെ സ്‌നേഹിക്കുന്നു. അല്ലാഹുവിന് വേണ്ടിയല്ലാതെ അവന്‍ അവരെ സ്്്‌നേഹിക്കുന്നില്ല. അതുപോലെ ഒരാള്‍ മറ്റൊരാളെ വെറുക്കുന്നു. അല്ലാഹുവിനു വേണ്ടിയല്ലാതെ അദ്ദേഹം അയാളെ വെറുക്കുന്നില്ല. നരകത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയതിനു ശേഷം അതിലേക്കു തന്നെ തിരിച്ചെറിയപ്പെടുന്നത് ഭയക്കുന്നതു പോലെ സത്യ നിഷേധത്തിലേക്കു മടങ്ങി പോകുന്നതിനെയും അയാള്‍ വെറുക്കുന്നു. അങ്ങനെയുള്ള ഒരാള്‍ ഈമാനിന്റെ മാധുര്യമറിഞ്ഞു’.

കാരണം ഈ മതത്തില്‍ അങ്ങനെയാണ് പ്രവാചകന്‍. മുഹമ്മദ് നബിയോടുള്ള നമ്മുടെ ഇഷ്ടം ഈ ദീനിന്റെ അകക്കാമ്പാണ്. പ്രവാചകന്‍ ഒരു മനുഷ്യനാണ്, ദിവ്യനോ ദേവനോ അല്ല.എന്നാല്‍ നമ്മെ അല്ലാഹുവുമായി ബന്ധപ്പെടുത്തിയത് അദ്ദേഹമാണ്. അല്ലാഹു ആരാണെന്നും ആ വാക്കു കൊണ്ടുദ്ദേശിക്കുന്നതെന്താണെന്നും നമുക്ക് പറഞ്ഞതു തന്നത് അവിടുന്നാണ്. മനുഷ്യവ്യക്തിത്വത്തിന്റെ സമ്പൂര്‍ണ്ണതജീവിത മാതൃക അദ്ദേഹം വരുംതലമുറകള്‍ക്ക് വിട്ടേച്ചു പോയി. കേവല ആരാധന കൊണ്ടോ മാതൃകായോഗ്യത കൊണ്ടോ അല്ല അദ്ദേഹത്തെ നാം മുസ്‌ലിംകള്‍ സ്‌നേഹിക്കുന്നതും മാതൃകയാക്കുന്നതും. അദ്ദേഹവുമായുള്ള നമ്മുടെ ബന്ധം നിയമപരവും വ്യക്തിപരവുമാണ്. ആത്മീയവും ധാര്‍മികവുമാണ്. ബുദ്ധിപരവും മാനസികപരവുമാണ്. മാനവലോകത്തിന് മാര്‍ഗദര്‍ശനം ചെയ്യാനും ശിക്ഷണം നല്‍കാനും പ്രചോദനം നല്‍കാനും  സംസ്‌ക്കരിക്കാനുമായി അല്ലാഹു അദ്ദേഹത്തെയാണ് തെരഞ്ഞെടുത്തത്. അതുകൊണ്ടാണ് പ്രവാചകനോടുള്ള നമ്മുടെ സ്‌നേഹത്തിന് വിവിധ മാനങ്ങളുണ്ടെന്ന് നാം പറയുന്നത്.

Topics