നമസ്‌കാരം-Q&A

നല്ലതുമാത്രം ചെയ്യുന്നവന്‍ നമസ്‌കരിക്കണോ?

ചോദ്യം: ‘എന്റെ ഒരു ബന്ധു പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലാണ് താമസം. കുറച്ചുകാലമായി അവന്റെ പെരുമാറ്റത്തിലും ജീവിതരീതിയിലും ചില അസ്വാഭാവികതകള്‍ കണ്ടുകൊണ്ടിരിക്കുന്നു. ആരാധനാകര്‍മങ്ങളോട് ഒരുതരം വൈമനസ്യം. പലതിനോടും വെറുപ്പും. കാരണമന്യേഷിച്ചപ്പോഴാണ് യുക്തിവാദികളായ ചിലരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ട് എന്ന് ബോധ്യമായത്. ഇസ്‌ലാമിക വിശ്വാസം, ആരാധനാകര്‍മങ്ങള്‍, ശരീഅത്ത് നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതും, ഖുര്‍ആനിലെയും ഹദീസിലെയും ഇന്നയിന്ന പരാമര്‍ശങ്ങള്‍ ശാസ്ത്ര വിരുദ്ധമല്ലേ തുടങ്ങി പലവിധ സംശയങ്ങള്‍ അവനെ / അവളെ അലട്ടുന്നുണ്ടെന്ന് മനസ്സിലായി. അതിലൊന്ന് താഴെ കൊടുക്കുന്നു. മറുപടി നല്‍കുമല്ലോ?

അല്ലാഹുവിനെ ഓര്‍ക്കാനും അങ്ങനെ തെറ്റുകളില്‍നിന്ന് അകന്നുനില്‍ക്കാനും വേണ്ടിയാണല്ലോ നമസ്‌കരിക്കണം എന്ന് പറയുന്നത്. ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ലെന്നിരിക്കെ പിന്നെന്തിന് നമസ്‌കരിക്കണം?

മറുപടി:

നമസ്‌കാരത്തിന് ബഹുമുഖമായ ലക്ഷ്യങ്ങളാണുള്ളത്. അതില്‍ ചിലത് മാത്രമാണ് ചോദ്യത്തില്‍ പറഞ്ഞത്. അതാകട്ടെ സത്യവചനത്തെ ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണ്. തെറ്റിനെ തെറ്റായി മനസ്സിലാക്കാന്‍ കഴിയാത്തവരോ, ശരിതെറ്റുകള്‍ക്ക് കൃത്യമായ മാനദണ്ഡം ഇല്ലാത്തവരോ ആണ് ‘താനൊരു തെറ്റും ചെയ്യുന്നില്ല’ എന്നും അതിനാല്‍ ദൈവാരാധന ചെയ്ത് അവനെ തൃപ്തിപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ലെന്ന് വാദിക്കുകയും ചെയ്യുന്നത്. ശരിതെറ്റുകള്‍ വ്യക്തിനിഷ്ടമാണ്, സ്വന്തം മനസ്സാക്ഷിയും താല്‍പര്യവും സന്തോഷവും പരിഗണിച്ചും അനന്തരഫലത്തെ വിലയിരുത്തിയും അത് ഓരോ വ്യക്തികള്‍ക്കും തിരിച്ചറിയാമെന്ന് വാദിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം എന്തിനും ഏതിനും ന്യായീകരണം കണ്ടെത്താനെളുപ്പമാണല്ലോ!

വിശ്വാസത്തിലും കര്‍മത്തിലും സംസാരത്തിലും പെരുമാറ്റത്തിലും ഇടപാടിലുമെല്ലാം ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ചെറുതോ വലുതോ ആയ അബദ്ധങ്ങളും തെറ്റുകളും വരുത്തിവെക്കാത്തവരായി ആരുമുണ്ടാകില്ല. അവയ്‌ക്കെല്ലാമുള്ള പരിഹാരമാണ് ഉള്ളുരുകിയ പശ്ചാതാപവും നമസ്‌കാരവും. ജീവിത വിശുദ്ധി നമസ്‌കാരത്തിന്റെ അനിവാര്യതേട്ടവും നേര്‍ഫലവുമാണ്. തന്റെ വീടിന്നരികിലൂടെ സ്വച്ഛമായൊഴുകുന്ന തെളിനീരരുവിയില്‍നിന്ന് ദിവസവും അഞ്ചുനേരം കുളിക്കുന്നവന്റെ ശരീരത്തില്‍ അഴുക്കുകളൊന്നും അവശേഷിക്കില്ലെങ്കില്‍ അതുപോലെയാണ് അഞ്ചുനേരവും നമസ്‌കരിക്കുന്നവന്റെ മനസ്സ് പാപമുക്തമാകുന്നതും. സംഭവിച്ചുപോയ തെറ്റുകുറ്റങ്ങള്‍ക്കുള്ള പരിഹാരവും മ്ലേച്ചവും വെറുക്കപ്പെട്ടതുമായ കാര്യങ്ങളില്‍നിന്നുള്ള പരിചയുമാണ് നമസ്‌കാരം. ദൈവസ്മരണ ദുര്‍ബലമാവും തോറും ഈ പരിച ദ്രവിക്കുകയും തുരുമ്പിക്കുകയും ഉപയോഗ്യശൂന്യമാവുകയും ചെയ്യും. ഭയഭക്തിയോ കൃത്യനിഷ്ഠയോ ഇല്ലാത്ത നമസ്‌കാരം കൊണ്ട് നിര്‍ദിഷ്ട ലക്ഷ്യം കരഗതമാവില്ല.

ദൈവസ്മരണ നിലനിര്‍ത്തുകയെന്നത് നമസ്‌കാരത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. അതിലൂടെ മനുഷ്യനെ തെറ്റുകുറ്റങ്ങളില്‍നിന്ന് തടഞ്ഞുനിര്‍ത്താനാകും. അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതിലൂടെ നരകവിമുക്തിയും, സ്വര്‍ഗപ്രവേശവും നമസ്‌കാരം ഉറപ്പുവരുത്തുന്നു. തന്റെ സാക്ഷാല്‍ ഉടമയായ ദൈവവുമായി അടിമയായ മനുഷ്യന്‍ സുശക്ത ബന്ധം സ്ഥാപിക്കുന്നത് ആരാധനാകര്‍മങ്ങളില്‍ പ്രധാനിയായ നമസ്‌കാരത്തിലൂടെയാണ്. അതവന്റെ ഊര്‍ജസ്രോതസ്സാണ്. ഉന്നതരുമായുള്ള ഒരു സാധാരണക്കാരന്റെ ബന്ധം അയാളെ ശക്തനും പ്രമുഖനുമാക്കുമല്ലോ. അതുപോലെ, തന്റെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവുമായുള്ള ഒരു വിനീത അടിമയുടെ ബന്ധം അവന് നല്‍കുന്ന ആശ്വാസവും അംഗീകാരവും ശക്തിയും സുരക്ഷാബോധവും അവര്‍ണനീയവും വാക്കുകള്‍ക്കതീതവുമാണ്. അനുഭവിച്ചവര്‍ക്കേ അതിന്റെ പ്രാധാന്യം മനസ്സിലാക്കാനാവൂ.

തന്റെ ഭാരങ്ങളിറക്കിവെക്കാന്‍ ഏക അത്താണിയായി മനോവികാരങ്ങളറിയുന്ന ഒരുവനെത്തന്നെ കൂട്ടിന് കിട്ടുമ്പോള്‍, അവന് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നറിയുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന മനസ്സമാധാനം അനിര്‍വചനീയമാണ്. തന്റെ ജീവിതത്തിനു മുഴുവന്‍ വെളിച്ചം നല്‍കാനും ആ ശക്തിക്ക് കഴിയുമെങ്കില്‍ അത്തരമൊരു കൂട്ടാളിയെ സ്വീകരിക്കുക വഴി ദുര്‍ബലര്‍ക്ക് എന്തുമാത്രം ശക്തി സംഭരിക്കാന്‍ കഴിയും!

വിശ്വാസിയുടെ ആകാശാരോഹണം, ദൈവവുമായുള്ള സ്വകാര്യ സംഭാഷണം എന്നൊക്കെയാണ് നമസ്‌കാരത്തെ നബിതിരുമേനി വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ഏറ്റവും കൂടുതല്‍ ആശ്വാസവും ആഹ്ലാദവും അനിര്‍വചനീയമായ അനുഭൂതിയും അനുഭവിച്ചിരുന്നത് നമസ്‌കാരത്തിലായിരുന്നു. ‘ബിലാല്‍, ഇഖാമത്ത് വിളിക്കുക, നമസ്‌കാരം കൊണ്ട് ഞങ്ങളെ സന്തോഷിപ്പിക്കുക’ എന്ന്! അവിടുന്ന് പറയാറുണ്ടായിരുന്നു. (അബൂദാവൂദ്). ‘എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ്’ എന്നും നബിതിരുമേനി പറയുകയുണ്ടായി. (നസാഈ).

ദൈവ കല്‍പനകളോടുള്ള സമ്പൂര്‍ണ അടിമത്തവും വിധേയത്വവുമാണ് നമസ്‌കാരത്തിലൂടെ ഓരോ മനുഷ്യനും പ്രകടിപ്പിക്കുന്നത്. ദൈവസ്മരണയാല്‍ ഹൃദയം വിനയാന്വിതമാകുമ്പോള്‍ അവന്‍ തന്റെ സ്രഷ്ടാവിന്റെ മുമ്പില്‍ നമ്രശിരസ്‌കനാകുന്നു. അവന്റെ ഹൃദയം ദൃഢവിശ്വാസത്താല്‍ പ്രഭാപൂരിതമാകുന്നു. അനേകായിരം സൃഷ്ടിജാലങ്ങളില്‍ ശ്രേഷ്ഠനാണ് മനുഷ്യനെന്നിരിക്കെ, നിര്‍ബന്ധ സ്വഭാവത്തില്‍ കല്‍പിച്ചിരുന്നില്ലെങ്കില്‍ കൂടി അല്ലാഹുവിന് താണു വണങ്ങിയും വഴങ്ങിയും പ്രകീര്‍ത്തിച്ചും കഴിയാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടുവരാന്‍ കടപ്പെട്ടവനാണവന്‍.

അതോടൊപ്പം, മുറ തെറ്റാതെ അനുഷ്ഠിക്കണമെന്ന് ദൈവം നിശ്ചയിച്ച നിര്‍ബന്ധ കര്‍മം കൂടിയാണ് നമസ്‌കാരം. അതിന് പ്രതിഫലമെന്നോണം സ്വര്‍ഗം പകരം നല്‍കുമെന്ന് ദൈവം മനുഷ്യര്‍ക്ക് വാഗ്ദത്തം നല്‍കിയിരിക്കുന്നു. തെറ്റ് ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിലും അത് നിര്‍വഹിച്ചേ പറ്റൂ. അല്ലാഹു പറഞ്ഞു: ‘നിശ്ചയം നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്’ (ഖുര്‍ആന്‍ 04: 103). മുഹമ്മദ് നബി(സ) പറയുന്നു: ‘അഞ്ചുനേരത്തെ നമസ്‌കാരം അടിമകളുടെ മേല്‍ സ്രഷ്ടാവ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അവ നിര്‍വഹിക്കുന്നവനുമായി അല്ലാഹു കരാറിലേര്‍പ്പെടുന്നു. സ്വര്‍ഗം നല്‍കാം എന്നതാണ് ആ കരാര്‍. അത് നിര്‍വഹിക്കാത്തവന്‍ കരാറില്‍നിന്ന് പുറത്തായിരിക്കും. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന് പൊറുത്തുകൊടുത്തേക്കാം. അല്ലെങ്കില്‍ ശിക്ഷിക്കും’ (മുസ്‌നദ് അഹ്മദ്).

മനസ്സിന്റെ അകതാരില്‍ അവിശ്വാസവും സംശയങ്ങളും പിറവിയെടുക്കുന്നതും കര്‍മമേഖലയില്‍ വ്യതിചലനവും ഉണ്ടാകാതെ നോക്കുന്ന പാറാവുകാരനാണ് നമസ്‌കാരം. അത് സമയബന്ധിതവും ആവര്‍ത്തന സ്വഭാവമുള്ളതുമാകുമ്പോള്‍ അവന്റെ വിശ്വാസം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. ഭൗതികതയും വഴിതെറ്റിയ ചിന്തകളും ചെയ്തികളും മനുഷ്യനെ ധര്‍മനിഷ്ഠയില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുമ്പോള്‍ ആവര്‍ത്തിച്ചാസന്നമാകുന്ന നമസ്‌കാരം വ്യതിചലനങ്ങളില്‍നിന്നവനെ രക്ഷിച്ചെടുക്കും.

നമസ്‌കാരം കേന്ദ്ര ബിന്ദുവായി നിയന്ത്രണമേറ്റെടുക്കുന്ന ഒരു ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അവിടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും നമസ്‌കാരത്തോടെയാണ്. നമസ്‌കാരം ജീവിതത്തെ നിയന്ത്രിക്കുകയും ചെത്തിമിനുക്കുകയും ചെയ്യുന്നു. ജീവിതം മുഴുവന്‍ മഹത്തായ ഒരു സാധനയായി പരിവര്‍ത്തിപ്പിക്കാന്‍ അവനെ സഹായിക്കുന്നു. അതുകൊണ്ട്, സദ്കര്‍മിയോ ദുഷ്‌കര്‍മിയോ എന്ന വ്യത്യാസമില്ലാതെ മരണം വരെ തുടരേണ്ട കര്‍മമാണ് നമസ്‌കാരം. ഖുര്‍ആന്‍ പറയുന്നു: ‘നീ നിന്റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തുംവരെ’ (അല്‍ ഹിജ്‌റ് 99). ഈ സൂക്തത്തോടൊപ്പം ‘നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു’ (29: 45) എന്ന സൂക്തം കൂടി ചേര്‍ത്തുവായിച്ചാല്‍ നിര്‍ബന്ധ ആരാധനാകര്‍മങ്ങള്‍ ഒരേസമയം ലക്ഷ്യവും മാര്‍ഗവുമാണെന്ന് മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അത് നിര്‍ത്തിവെക്കാവുന്നവയല്ലെന്നും.

പ്രവാചകന്മാരും അവരുടെ ശിഷ്യന്മാരും ഏറെ നിര്‍മലമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. അതോടൊപ്പം നമസ്‌കാരം ഉള്‍പ്പെടെയുള്ള ആരാധനാകര്‍മങ്ങളില്‍ അങ്ങേയറ്റത്തെ നിഷ്ഠ അവര്‍ പുലര്‍ത്തിയിരുന്നു. സ്വയം വിശുദ്ധി നടിച്ച്, തനിക്ക് താന്‍ പോന്നവനാണ് എന്ന അഹന്തയോ അഹംഭാവമോ, ദൈവാരാധനയുടെയൊന്നും ആവശ്യമില്ലെന്ന മിഥ്യാ ധാരണയോ അവരെ പിടികൂടിയിരുന്നില്ലെന്നര്‍ഥം.

ജീവിതത്തില്‍ ബോധപൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ലാത്ത, ശുഭ്രവസ്ത്രം പോലെ തെളിഞ്ഞതും വിശുദ്ധവുമായ ജീവിതം നയിച്ചിരുന്ന, ‘ഏറ്റവും വിശിഷ്ടമായ സ്വഭാവഗുണങ്ങളുടെ ഉടമ’യെന്ന്! അല്ലാഹു വിശേഷിപ്പിച്ച മുഹമ്മദ് നബി(സ) നമസ്‌കാരത്തിന്റെ കാര്യത്തില്‍ അതീവ നിഷ്ഠ പുലര്‍ത്തിയിരുന്നു. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെ ഐച്ഛിക നമസ്‌കാരങ്ങളും ദീര്‍ഘനേരം ഉറക്കമിളച്ചുള്ള രാത്രി നമസ്‌കാരവും അദ്ദേഹത്തിന്റെ പതിവായിരുന്നു. അതേകുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം, ‘ഞാന്‍ നന്ദിയുള്ള ഒരടിമ ആവേണ്ടതില്ലേ’ എന്ന മറുചോദ്യമായിരുന്നു! ദിവസവും നൂറിലധികം തവണ ദൈവത്തിലേക്ക് പശ്ചാത്തപിച്ച് മടങ്ങാറുണ്ടായിരുന്നു അദ്ദേഹമെന്നും ഹദീസുകളില്‍ കാണാം. ചോദ്യകര്‍ത്താവിന്റെ വാദമനുസരിച്ച് ‘അദ്ദേഹം തെറ്റൊന്നും ചെയ്യുന്നില്ലെന്നിരിക്കെ പിന്നെന്തിന് പശ്ചാത്തപിക്കണം? വിശുദ്ധ ജീവിതം നയിക്കുന്നവനായിരിക്കെ എന്തിന് നമസ്‌കരിക്കണം?!’

ഒരു തെറ്റും ചെയ്യുന്നില്ലെങ്കിലും അല്ലാഹു നമുക്കേകിയ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനമായും, ജീവിത ലക്ഷ്യം എന്ന നിലക്കും അവന് വഴിപ്പെടാന്‍ കടപ്പെട്ടവരാണ് നമ്മള്‍. ‘ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെട്ട് ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല’ (അദ്ദാരിയാത് 56), (‘വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍!’ (അല്‍ബഖറ 172).

ഈ വഴിപ്പെടലിന്റെയും നന്ദിപ്രകടനത്തിന്റെയും അനിവാര്യതയാണ് നമസ്‌കാരം ഉള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങള്‍. ഒരാള്‍ എന്ത് ന്യായം പറഞ്ഞുകൊണ്ടാണെങ്കിലും അതുപേക്ഷിക്കുന്നതോടെ നന്ദിയില്ലാത്ത അടിമയും വഴികേടിലകപ്പെട്ട ദുഷ്‌കര്‍മിയും ആയിത്തീരുന്നു എന്നതേ്രത യാഥാര്‍ഥ്യം. ദൈവിക പാശത്തില്‍നിന്നുള്ള പിടുത്തം വിടുകയും അവനുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നതോടെ പൈശാചിക ശക്തികളുടെ കെണിയിലകപ്പെടുന്നു. തന്റെ ചിന്തയെ ദേഹേച്ഛ അതിജയിക്കുന്നത് തടഞ്ഞാല്‍ രക്ഷപ്പെടാം.

അബ്ദുല്‍ അസീസ് പൊന്‍മുണ്ടം

Topics