India

ദേശസ്‌നേഹം ഇതര ജനങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്നതെങ്ങനെയാണ് !

‘എന്തുകൊണ്ട് ?’ എന്ന ചോദ്യം മനുഷ്യനില്‍ അന്തര്‍ലീനമമായ സ്വഭാവത്തിന്റെ ഭാഗമാണ്. ശിശു രൂപപ്പെടുന്നതുമുതല്‍ അതിന് തുടക്കം കുറിക്കുന്നു.  തനിക്കുചുറ്റുമുള്ള ലോകം എന്താണെന്ന് അവന്‍ അന്വേഷിക്കാന്‍തുടങ്ങുന്നു. ഒരിക്കലും അസ്തമിക്കാത്ത ജിജ്ഞാസാപ്രകൃതത്താല്‍  ഗര്‍ഭാശയത്തിനുപുറത്തുവരുന്ന ശിശു എന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കുന്നു. ആ അന്വേഷണം മനുഷ്യന്റെ വ്യത്യസ്തവളര്‍ച്ചാഘട്ടത്തിലൂടെ  ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. തന്റെ ബുദ്ധിയുടെയും പഞ്ചേന്ദ്രിയങ്ങളുടെയും പരിമിതിയെക്കുറിച്ച യാഥാര്‍ഥ്യം അത് വെളിപ്പെടുത്തുന്നു. പലപ്പോഴും തന്റെ ചിന്താനിരീക്ഷണത്തിന്റെയും തദനുസാരമുള്ള പ്രവൃത്തിയുടെയും അനന്തരഫലങ്ങള്‍ താനടക്കമുള്ള സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന ആലോചന അവനുണ്ടാകുന്നു. അതനുസരിച്ച് വിവേകപൂര്‍വം അവന്‍ പെരുമാറുന്നു. എന്നാല്‍  അത്തരം തിരിച്ചറിവുപോലും മാറ്റിവെച്ച് വളരെ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവന്‍ മുന്നിട്ടിറങ്ങുന്നതാണ് ഇന്ന് കാണാന്‍ കഴിയുന്നത്.

ഏതൊരു രാജ്യനിവാസിയുടെയും ഉള്ളില്‍ താന്‍ ജനിച്ചുവളര്‍ന്ന നാടിനോടും രാജ്യത്തിനോടും പ്രത്യേകമായ സ്‌നേഹമുണ്ട്. അവിടെ ജനിച്ചുവളര്‍ന്ന സഹോദരങ്ങളോട് പ്രത്യേകവാത്സല്യമുണ്ട്. ആ രാജ്യത്തിനുവേണ്ടി പരിശ്രമിക്കാനും അതിന്റെ യശസ്സ് കാത്തുസൂക്ഷിക്കാനും അവര്‍ ഇഷ്ടപ്പെടുന്നു. തന്നെ വളര്‍ത്തിവലുതാക്കിയ ആ നാടിനോടുള്ള സ്‌നേഹം അവിടെ ജനിച്ചുവളര്‍ന്ന എല്ലാവരോടും വെച്ചുപുലര്‍ത്താന്‍ അവരിഷ്ടപ്പെടുന്നു. ആ മണ്ണിന്റെ മക്കളെല്ലാം ഒരു കുടുംബമെന്നോണം കഴിഞ്ഞുകൂടുന്നു. അവരുടെ അഭിമാനമാണ് തന്റെയും അഭിമാനമെന്ന് അവന്‍ തിരിച്ചറിയുന്നു; അവരുടെ മാനഹാനി തന്റേതെന്നും. അങ്ങനെയാണ് ഒരു രാജ്യവും രാജ്യനിവാസികളും ചിന്തിക്കുക. അവിടെയാണ് ആരോഗ്യപൂര്‍ണമായ ജനതയുടെ നിലനില്‍പ്.

ഇനി ഈ രാജ്യസ്‌നേഹം മറ്റുള്ളവരെ വെറുക്കാനും മുന്‍വിധികള്‍ വെച്ചുപുലര്‍ത്താനും കാരണമാകുമെങ്കില്‍ അതിനെ നമുക്ക് എന്തുവിളിക്കണം ? അത്തരം സ്‌നേഹത്തെ നമുക്ക് പ്രകീര്‍ത്തിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്കാകുമോ ? അതൊരു പ്രശ്‌നമായി ലോകം ഇന്ന് അഭിമുഖീകരിക്കുന്നു. ദേശഭക്തിയും രാജ്യസ്‌നേഹവും മനുഷ്യന്റെ അന്തകനായി മാറുന്ന വിധം രോഗാതുരമായിക്കഴിഞ്ഞ കാഴ്ചയാണ് എങ്ങും കാണാനാകുന്നത്. വംശീയമാഹാത്മ്യം മനസ്സിലേറ്റി നടക്കുന്ന മനുഷ്യന്‍ തനിക്കുതന്നെ ശവക്കുഴിതോണ്ടിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പരവിദ്വേഷം ആളിക്കത്തിച്ച് കാലംകഴിച്ചുകൂട്ടുന്ന  ജനത എല്ലാ ദേശത്തും ഇന്നൊരു പതിവുകാഴ്ചയാണ്. ദിശാബോധമില്ലാത്ത ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും ദുരന്തഫലമാണത്.

ഇസ്‌ലാംവിരുദ്ധതയില്‍ പരജനവിദ്വേഷത്തിനും വംശീയതയ്ക്കും ദേശീയതാവാദത്തിനും പരസ്പരമുള്ള ബന്ധത്തെ വിശകലനംചെയ്യാനാകും. നമ്മുടെ നാട്ടില്‍ ഒടുവിലുണ്ടായ സംഭവത്തെ അതിന്റെ വെളിച്ചത്തിലാണ് നാം കാണേണ്ടത്. വൈവിധ്യത്തെയും  വ്യതിരിക്തതകളെയും ആശ്ലേഷിക്കുന്ന സ്വരാജ്യസ്‌നേഹം ചിലരില്‍ നിന്ന് നാടുനീങ്ങിക്കഴിഞ്ഞു. അവര്‍ക്ക് ‘അപരജനത’യുടെ രാജ്യസ്‌നേഹം ഇഷ്ടമേയല്ല. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം രാജ്യസ്‌നേഹത്തിനായി സത്യത്തെ ബലികഴിക്കേണ്ട ആവശ്യമില്ല. കാരണം സത്യം ഏതുരാജ്യത്തും നാട്ടിലും ജനതയിലും ഭാഷയിലും സത്യമായിരിക്കും. സ്വരാജ്യസ്‌നേഹിക്ക് തന്റെ സഹോദരന്‍ സത്യത്തിന്റെ ഒപ്പമാണോയെന്ന് മാത്രമേ ഉറപ്പിക്കേണ്ടതുള്ളൂ. കപടസ്‌നേഹപ്രകടനത്തെ അത് മുഖവിലക്കെടുക്കുന്നില്ല. ദേശസ്‌നേഹത്തെപ്പറ്റി വിരോലി പറഞ്ഞതിങ്ങനെ:’രാജ്യസ്‌നേഹം ഉദാരതയും പരസ്‌നേഹവും  ബുദ്ധിപരവും ആകാം. പക്ഷേ, ഒരു വേള അത് വിവേചനപരവും അന്ധവും ബധിരവും  ആകാനുമിടയുണ്ട്.’ ഈയൊരു യാഥാര്‍ഥ്യത്തെ മുഹമ്മദ് നബി(സ)മുന്‍കൂട്ടി പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.’ഏതെങ്കിലുമൊരു സംഗതിയോടുള്ള അമിതമായ സ്‌നേഹം നിങ്ങളെ അന്ധരും ബധിരരുമാക്കും.’

നാം നമ്മെക്കുറിച്ച് ആരെന്നും എന്തെന്നും വ്യവഹരിക്കാന്‍ തുടങ്ങുന്നതോടെ മറ്റുള്ളവരെ ‘വിദേശി’യെന്നും ‘അപരനെ’ന്നും വേര്‍തിരിച്ചുനിര്‍ത്താനുള്ള ത്വര പ്രകടമാക്കുന്നു. അതില്‍ പിടിച്ച്  മറ്റുള്ളവരെ വെറുക്കാനും അവരെ ആട്ടിപ്പുറത്താക്കാനുമുള്ള പ്രവണതയ്ക്ക് കളമൊരുക്കുന്നു. വംശീയമാഹാത്മ്യത്തിലൂന്നിയുള്ള ദേശസ്‌നേഹം അപരനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്നു. അപരനെ ഉന്‍മൂലനംചെയ്തുകഴിഞ്ഞാലും താന്‍ ആരെന്ന നിര്‍വചനം അപൂര്‍ണമായി തുടരും. അപ്പോഴേക്കും അടുത്ത ‘അപരശത്രു’വിനെ കണ്ടെത്തിക്കഴിഞ്ഞിരിക്കും. അങ്ങനെ ‘രാജ്യസ്‌നേഹം ‘ ശത്രുവേട്ടക്കായി നാവുനീട്ടി ഉഴറിക്കൊണ്ടിരിക്കും.

‘സിനോഫോബിയ’  (അന്യദേശക്കാരനോടോ അപരിചിതനോടോ വെച്ചുപുലര്‍ത്തുന്ന ഭയവും അകാരണമായവെറുപ്പും) തികച്ചും പ്രകൃതിപരവും രാഷ്ട്രത്തിന്റെ നിലനില്‍പിന് ആരോഗ്യകരവും എന്ന് വാദിക്കുന്ന ചില സാമൂഹികശാസ്ത്രജ്ഞരെങ്കിലുമുണ്ട്. ‘ഒരു സംഘം ജനതയാണ് എല്ലാറ്റിന്റെയും കേന്ദ്രം. അവരോട് തുലനംചെയ്താണ് മറ്റുജനതയെ വിലയിരുത്തുന്നതും പരിഗണിക്കുന്നതും’ എന്ന് 1906 ല്‍ വംശീയതാവാദത്തെ വില്യം ഗ്രഹാം സമ്മര്‍ വിശകലനംചെയ്യുകയുണ്ടായി. വംശീയതാവാദമാണ് പരവിദ്വേഷത്തിന് കാരണമെന്നും അതിനാല്‍ അത് സ്വാഭാവികമെന്നും മറ്റൊരു സാമൂഹികശാസ്ത്രകാരനായ റോബര്‍ട്ട് ബര്‍ണാസ്‌കോണി ന്യായീകരിക്കുകയുണ്ടായി.

എന്തുകൊണ്ട് ഈ നാട്ടില്‍ പരവിദ്വേഷപ്രവണത വളര്‍ന്നുവരുന്നു?   ഭയം എന്ന വികാരമാണ് അതിന്റെ പിന്നില്‍ എന്നാണുത്തരം. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പലപ്പോഴും പ്രചോദനമേകുന്നത് ഭയമാണ്. എന്നാല്‍ ആളുകളോ പ്രത്യയശാസ്ത്രമോ അപകടകരമാണെന്ന്  കരുതുന്ന വൈകാരികാവസ്ഥയാണ് പരവിദ്വേഷം. പക്ഷേ ആ വൈകാരികാവസ്ഥ യുക്തിരഹിതവും പരിണിതഫലങ്ങളുണ്ടാക്കുന്നതുമാണ്. അത്തരക്കാരെപ്പോഴും മറ്റുള്ളവരെ സംശയിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരെക്കുറിച്ച ഭയം, പരവിദ്വേഷം എന്നിവ പലപ്പോഴും ദേശരാഷ്ട്രങ്ങള്‍ക്കിടയില്‍ പരസ്പരം സംശയത്തോടെ വീക്ഷിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കും. തനിക്ക് അജ്ഞാതമോ അല്ലെങ്കില്‍ അപരിചിതമോ ആയ സംഗതികളെ ഭയപ്പെടുകയെന്ന മനുഷ്യന്റെ പ്രകൃതത്തെ പലപ്പോഴും അധികാരശക്തികള്‍ ദുരുപയോഗംചെയ്യുകയാണ് പതിവ്. അതിന് കാരണം അത്തരത്തില്‍ ഭീതിപൂണ്ട മനുഷ്യന്‍ തന്റെ വൈകാരികവിക്ഷോഭത്താല്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞതാണ്.

നാസി ജര്‍മനി മനുഷ്യരാശിയോട് ചെയ്ത ക്രൂരകൃത്യങ്ങള്‍ ഇന്നും ലോകം മറന്നിട്ടില്ല. ആ നരഹത്യക്ക് പിന്നിലെ കാരണങ്ങള്‍ തേടിയാല്‍ അതിന് പ്രചോദനമേകിയത് ഭയവും ഒരുവിഭാഗംജനതയോടുള്ള വെറുപ്പുമായിരുന്നുവെന്ന് കാണാം. രാജ്യമൊട്ടാകെ ശക്തമായ പ്രചാരണവേലകള്‍ നടത്തിയാണ്  അത്തരത്തില്‍ വെറുപ്പിന്റെ മനസ്സുകള്‍ രൂപപ്പെടുത്തിയെടുത്തത്. ‘ദേശസ്‌നേഹികള്‍ ഭാന്ത്രന്‍മാരോ’ എന്ന തലക്കെട്ടില്‍  2003  ല്‍ പ്രസിദ്ധീകരിച്ച  പഠനറിപ്പോര്‍ട്ടില്‍ റൂയി ഇങ്ങനെ പറയുന്നു: ‘ മറുഭാഗത്ത് (വംശീയമേന്‍മയിലൂന്നിയ)സ്വത്വവാദം ആധിപത്യത്തെയും വിവേചനത്തെയും ശക്തിപ്പെടുത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന സാമൂഹികശാസ്ത്രജ്ഞരുടെ എണ്ണം കൂടിവരുന്നു.’ മുന്‍വിധിയും അഭിമാനബോധവും തമ്മില്‍ പരസ്പരബന്ധമുണ്ടെന്നാണോ ഇത് സൂചിപ്പിക്കുന്നത്?. സര്‍വേയിലൂടെ നടത്തിയ പഠനത്തില്‍ ബ്രൂവര്‍ തന്റെ നിഗമനം ഇങ്ങനെ വെളിപ്പെടുത്തുന്നു: ‘വംശീയവാദവും, സ്വത്വപക്ഷപാതവും മുന്‍വിധിയും ഒരു പ്രത്യേകവംശത്തില്‍പെട്ടവര്‍ തമ്മില്‍ സ്‌നേഹവും  മറ്റു വംശജരോട് വെറുപ്പും പുലര്‍ത്തുന്നത്  പരസ്പരപൂരകമായിട്ടാണ്.’ ഇതെല്ലാംതന്നെ മനുഷ്യമനസ്സുകളില്‍ കൂടുകെട്ടിയിട്ടുള്ള ‘നിന്റെ ഉന്‍മൂലനമാണ് എന്റെ നിലനില്‍പിന്നാധാര’മെന്ന മൃഗീയചിന്തയുടെ ഭാഗമാണ്.

ഇതരവംശജരോടും സംഘത്തോടും വിരുദ്ധചിന്തപുലര്‍ത്തിയാലല്ലാതെ ആത്മാഭിമാനിയാകില്ലെന്ന ചിന്ത എങ്ങനെയുണ്ടായി ? ‘തന്റെ വംശത്തോടും ജാതിയോടും ജനതയോടുമുള്ള കൂറ്, അതിനായി ബലികഴിക്കാനുള്ള ത്യാഗസന്നദ്ധത, പുറത്തുള്ളവരോട് വെറുപ്പും വിദ്വേഷവും തന്നോടൊപ്പമുള്ളവരോട് സാഹോദര്യവികാരം, അപ്പുറത്തുള്ളവരോട് രണോത്സുകഭാവം’ ഇതെല്ലാംതന്നെ വംശീയവാദത്തിന്റെ മൂലാധാരങ്ങളാണ്. കുടിയേറ്റക്കാരായ ജനതയോട് വെച്ചുപുലര്‍ത്തുന്ന മനോഭാവവും ഇതുപോലെത്തന്നെ. ദേശാഭിമാനചിന്തക്ക്  ഒരാള്‍ മറ്റൊരാളെ സംശയിച്ചേ മതിയാകൂ എന്നുവരുന്നത് തികച്ചും അപകടകരമാണ്. ഇവിടെ  ഈ വാദഗതിക്ക് രണ്ടുമുഖങ്ങളുണ്ട്.

1980 കളില്‍ ഈ വിഷയത്തില്‍ തന്റെ നിരീക്ഷണം പങ്കുവെച്ചുകൊണ്ട് വാള്‍സര്‍ പറയുന്നത്, രാജ്യത്തോടുള്ള സ്‌നേഹവും അപരനോടുള്ള സഹിഷ്ണുതയും   സന്തുലിതത്വം പാലിക്കില്ലെന്നാണ്. അതേസമയം മാസിന്തയര്‍(1984) അഭിപ്രായപ്പെടുന്നത് ദേശസ്‌നേഹം പരവിദ്വേഷത്തിലല്ല കുടികൊള്ളുന്നതെന്നാണ്.ഇതുരണ്ടുംചേര്‍ത്തുവെച്ചുകൊണ്ട് അഡോണോ, ലെവിന്‍സണ്‍ തുടങ്ങിയവരെപ്പോലെ ദേശസ്‌നേഹമെന്നത് രാജ്യത്തോടുള്ള ആത്മാര്‍ഥസ്‌നേഹമല്ലെന്ന് നമുക്ക് പറയാനാകും. ദേശീയതയും വംശീയവാദവും പരവിദ്വേഷവും എല്ലാം മുമ്പുണ്ടായിരുന്ന വിശാരദന്‍മാരുടെ മുഖ്യവിഷയങ്ങളായിരുന്നു. രാഷ്ട്രത്തോടുള്ള ദേശഭക്തി അധാര്‍മികമാണെന്ന് ദിദേറോ വാദിച്ചു. ദേശീയത നാര്‍സിസത്തിന്റെയും മുന്‍വിധിയുടെയും ഭാഗമാണെന്ന് വോള്‍ട്ടയര്‍ അതിനെ പരിചയപ്പെടുത്തി. മാത്രമല്ല, രാഷ്ട്രത്തോടുള്ള ‘അമിതഭക്തി’ വ്യക്തിയുടെ ‘നായകദൗര്‍ബല്യ,മാണെന്ന് പരിഹസിക്കുകയും ചെയ്തു. സാമുവല്‍ ജോണ്‍സണാകട്ടെ, ഒരു പടികൂടി കടന്ന് അത് തെമ്മാടിയുടെ അവസാനആശ്രയം ആണെന്ന് പറഞ്ഞുവെച്ചു. നിലവിലെ പഠനങ്ങളും സംഭവങ്ങളും ഇപ്പറഞ്ഞതിനെയെല്ലാം പിന്തുണക്കുന്നുണ്ട്.

ദേശസ്‌നേഹവാദവും  പരവിദ്വേഷവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ യഥാര്‍ഥരാജ്യസ്‌നേഹി കപടിദേശസ്‌നേഹികളെ അധികാരസ്ഥലികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതുണ്ട്. അതിനാല്‍ രാജ്യസ്‌നേഹവും ദേശാഭിമാനബോധവും അപരജനതയെക്കൂടി ഉള്‍ക്കൊള്ളുകയും പരിഗണിക്കുകയുംചെയ്യുന്ന രീതിയിലാകാന്‍ എന്താണ് നമുക്ക് ചെയ്യാനാകുക?

അതേസമയം സന്തുലിത്വം നഷ്ടപ്പെട്ട ഈ കപടദേശസ്‌നേഹഭ്രാന്തിന്  പ്രതിവിധിയെന്നോണം ഖുര്‍ആന്റെ ഉണര്‍ത്തല്‍ ഇപ്രകാരമാണ്:

‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം പരിചയപ്പെടാനും തിരിച്ചറിയാനുമാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'(അല്‍ഹുജുറാത് 13).

Topics